ആര്‍ക്കും വേണ്ടാതെ കിടന്ന ആകാശപ്പാത ഒരു സ്റ്റുഡിയോ ഫ്‌ളോറിന് സമാനമായ കാഴ്ച്ചയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. കോട്ടയത്തെ ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി ആകാശപ്പാതയ്ക്കായി നാട്ടിയ കമ്പികള്‍ പടവലം കൃഷി ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. എന്നാല്‍ സ്ഥലത്തെ ആകാശപ്പാതയ്ക്കു കീഴെ നിന്ന് പകര്‍ത്തിയ ചില ചിത്രങ്ങളാണ് വൈറലാവുന്നത്.
കോട്ടയം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ആന്റോ വര്‍ഗീസാണ് ഇതിനു പിന്നില്‍. അര്‍ധരാത്രി ഒരുമണിയോടെയാണ് ആന്റോയും സുഹൃത്തുക്കളും ചേര്‍ന്ന് ആകാശപ്പാതയെ ഫോട്ടോഷൂട്ടിനുള്ള സെറ്റാക്കി മാറ്റാമെന്ന് തീരുമാനിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് ആകാശപ്പാത സ്ഥാപിക്കുന്നതിനായാണ് ശീമാട്ടി റൗണ്ടാന പൊളിച്ച് കമ്പികള്‍ നാട്ടിയിരുന്നത്. പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുരോഗതിയും ഉണ്ടായില്ല. ഇതോടെ ട്രോളുകളില്‍ നിറഞ്ഞ സ്ഥലത്തെ ഫോട്ടോഷൂട്ടിന് ലൊക്കേഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു ആന്റോ.
ക്രിസ്മസ് തീമിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ചുവപ്പുനിറത്തിലുള്ള സാരിയുടുത്ത് ചുവന്ന തൊപ്പിയും അണിഞ്ഞ് മോഡല്‍ ആകാശപ്പാതയ്ക്ക് കീഴെ നിന്ന് പോസ് ചെയ്തു. ടീനയാണ് ഫോട്ടോഷൂട്ടിനു വേണ്ടി മോഡലായത്. മനോഹരമായൊരുക്കിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.
Content Highlights: photoshoot at Kottayam sky path