പോപ്പ്താരം മൈക്കല്‍ ജാക്‌സന്റെ മകളും പരിസ്ഥിതി പ്രവര്‍ത്തകയുമായ പാരിസ് ജാക്‌സൻ അണിഞ്ഞ ബ്ലാക്ക് കോര്‍സെറ്റ് ടോപ്പിലും പാന്റ്‌സിലുമാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണ് ഇപ്പോള്‍, പ്രത്യേകിച്ചും വീഗന്‍ ജീവിതശൈലി പിന്തുടരുന്നവര്‍. വീഗന്‍ മഷ്‌റൂം ലെതര്‍ കൊണ്ടാണ് ഈ വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. 

വീഗന്‍ മഷ്‌റൂം ലെതര്‍ കൊണ്ട് തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ വസ്ത്രമാണ് ഇതെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ സ്റ്റെല്ല മക്കാര്‍ട്ടിനി പറയുന്നു. 'മൃദുലമായ, കരുത്തുള്ള, സുസ്ഥിരമായ, മൃഗങ്ങളുടെ തോലിന് പകരം വയ്ക്കാനാവുന്ന, ഫാഷന്‍ മേഖലയെ മാറ്റി മറിക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ള ഒന്ന്' എന്നാണ് സ്റ്റെല്ല ഇതിനെ വിശേഷിപ്പിക്കുന്നത്. 

മൈലോ അണ്‍ലെതര്‍ (Mylo_Unleather) എന്നാണ് ഈ കളക്ഷന് സ്റ്റെല്ല നല്‍കിയിരിക്കുന്ന പേര്. അതിന്റെ പ്രത്യേകതകളെകുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റെല്ല കുറിക്കുന്നുണ്ട്. ' മറ്റ് സിന്തെറ്റിക്ക് ലെതറുകള്‍ പോലെയല്ല, മൈലോ പ്രകൃതി ദത്തമാണ്. ഇപ്പോള്‍ ഇത് വില്‍പനയ്ക്കുള്ളതല്ല. അടുത്ത തലമുറ വസ്ത്രങ്ങളെ പറ്റി പറയാനും ഭാവിയിലെ വിപണിയിലേക്കുമുള്ളതാണ് .' സ്റ്റെല്ല കുറിച്ചു. 

'പ്ലാസ്റ്റിക്കില്ലാത്ത, അടുത്തതലമുറക്കും നമ്മുടെ ഭൂമിയ്ക്കും വേണ്ടിയുള്ളതാണ്.' സ്റ്റെല്ല തുടരുന്നു.

Content Highlights: Paris Jackson stuns in garment made of vegan mushroom leather