ണം കേരളീയരുടെ ദേശീയോത്സവമാണ്... അത്തം മുതൽ പത്തു ദിവസം വരെയാണ് ഓണാഘോഷം...’ എന്നു തുടങ്ങുന്ന ഉപന്യാസം പഠിച്ചിട്ടില്ലാത്ത മലയാളികൾ വിരളമാണ്. വർഷത്തിലെ ഏറ്റവും പ്രധാന ആഘോഷമായ ഓണത്തിനെ വരവേൽക്കാൻ വളരെ മുമ്പേ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അതിൽ മുഖ്യമായ ഒരു ഇനമാണ് ‘ഓണക്കോടി’. കേരള സംസ്കാരത്തിന്റെ തനിമയും പൊലിമയും പ്രതിനിധീകരിക്കുന്ന ക്രീമും ഗോൾഡും കലർന്ന തുണിത്തരമാണ് ഓണക്കോടിക്കായി ഉപയോഗിക്കുന്നത്. സാരികൾ, പാവാടകൾ, ചുരിദാറുകൾ, ദാവണികൾ തുടങ്ങി അനാർക്കലികൾ വരെ ഈ തുണികൊണ്ട് തയ്യാറാക്കാവുന്നതാണ്.

ഇതിനറ്റത്തുള്ള കസവിന്റെ വീതിക്കനുസരിച്ച്‌ വില കൂടിയും കുറഞ്ഞുമിരിക്കും. ആദ്യമൊക്കെ പ്ലെയിൻ കസവിലായിരുന്നു സാരിയുടെ ബോർഡർ തീർത്തിരുന്നത്. വൈവിധ്യം  വേണമെന്നുള്ളവർ കസവിൽ പലതരം ഡിസൈനുകൾ പരീക്ഷിക്കാൻ തുടങ്ങി.പരമ്പരാഗതമായ ക്രീം കളർ വേ​െണ്ടന്നുള്ളവർക്ക്‌ ടിഷ്യു മെറ്റീരിയൽ തിരഞ്ഞെടുക്കാം. ഒരു നൂൽ കസവും ഒരു നൂൽ കോട്ടണും കൂട്ടി നെയ്തെടുക്കുന്നതാണ് ടിഷ്യു. നല്ല മിനുസം  ഉണ്ടാകുമെന്നു മാത്രമല്ല, ഉടുത്ത് എത്രനേരം കഴിഞ്ഞാലും ഉടയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഓണത്തിനു മാത്രമല്ല, കല്യാണങ്ങൾക്കും മറ്റും ഉടുക്കാൻ പറ്റിയതാണ് ഈ തരത്തിലുള്ള സാരികൾ. ഒറിജിനൽ കസവിലും ആർട്ടിഫിഷ്യൽ കസവിലും ഈ സാരികൾ ലഭ്യമാണ്. തനി സ്വർണത്തിന്റെ നിറമുള്ള ഒറിജിനൽ കസവിന്റെ സാരികൾക്ക് ലൈഫ് ടൈം ഗ്യാരണ്ടി ആണ് കടക്കാർ നൽകുന്നത്. സാരികളുടെ ബോർഡറിലും സൽവാറുകളിലും എടുത്തു കാണത്തക്ക വിധത്തിലുള്ള വർക്കുകൾ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയോടെ ഈ തരത്തിലുള്ള വസ്ത്രങ്ങളുടെ ശേഖരം ആളുകളുടെയിടയിൽ എത്തിക്കാൻ വിവിധ കടകളും ഓൺലൈൻ ബൂട്ടീക്കുകളും തമ്മിൽ മത്സരം തന്നെയാണ്. കുറച്ചൊന്നു ശ്രമിച്ചാൽ നമ്മുടെ സ്വന്തമായ ശൈലിയിൽ ഡിസൈൻ ചെയ്ത സാരി സ്വന്തമാക്കാവുന്നതേയുള്ളൂ. മ്യൂറൽ പെയിന്റിങ്ങുകൾ സാരിയുടെ പല്ലുവിൽ ചെയ്യുന്നത് വളരെ ശ്രദ്ധകരമാണ്. ആൾക്കൂട്ടത്തിൽ എടുത്തുനില്കാനും ഒരു വ്യത്യസ്തത കൈവരുത്താനും ഈ ഡിസൈനുകൾ സഹായിക്കും. രാജാ രവിവർമയുടെ എണ്ണച്ചായ ചിത്രങ്ങളും ടെമ്പിൾ ഡിസൈനും എന്നുവേണ്ട, മാതാവും ഉണ്ണീശോയും വരെ ഇപ്പോഴത്തെ സാരികളുടെ പല്ലൂകളെ അലങ്കരിക്കുന്നു. ഫോട്ടോ പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ സാരിയിൽ പതിപ്പിക്കുന്നത്.

ഹാൻഡ്‌ എംബ്രോയ്‌ഡറി ചെയ്ത് സ്ലീവ്‌സിൽ നെറ്റ്‌ പിടിപ്പിച്ചാൽ ട്രെൻഡി ലുക്ക്‌ കൈവരും. സ്വർണക്കസവ് വേണ്ട എന്നാണെങ്കിൽ സ്വർണവും വെള്ളിയും കലർന്ന കോമ്പിനേഷൻ പരീക്ഷിക്കാം. ഇതിന്റെ കൂടെ പച്ച, നീല മുതലായ വർണങ്ങൾ ചേർത്ത് ടെമ്പിൾ ഡിസൈനിൽ സാരികൾ ഒത്തിരി ഇറക്കുന്നുണ്ട്. നീളത്തിലുള്ള, അധികം ശ്രദ്ധിക്കപ്പെടാത്ത തരത്തിലുള്ള സ്‌ട്രൈപ്‌സ് ഉള്ള സാരികൾ പൊക്കം ഇല്ലാത്ത കുട്ടികൾക്ക് ഉയരക്കൂടുതൽ തോന്നിക്കാൻ സഹായിക്കും.

ബ്ലൗസുകളിൽ വെറൈറ്റി വേണ്ടവർക്ക് ബ്രൊക്കേഡിന്റെ ഒരു വെസ്റ്റ് മുകളിൽ കൂടി വരുന്ന രീതിയിൽ ചെയ്താൽ മതി. ബായ്‌ക്ക് ഡിസൈൻസും ബോട്ട് നെക്ക് പാറ്റേണും ഇപ്പോഴും എല്ലാവർക്കും പ്രിയങ്കരമാണ്. ഈ തരം ബ്ലൗസുകൾ  ഹാഫ് സാരിയുടെ കൂടെ ധരിച്ചാലും നല്ല ഭംഗിയായിരിക്കും. സ്ലീവ്‌ലെസ്  ബ്ലൗസുകൾ പരീക്ഷിക്കേണ്ടവർക്ക്  അങ്ങനെയുമാകാം. ഈ വർഷത്തെ ട്രെൻഡ് ആയ ‘ഓഫ് ഷോൾഡർ സ്റ്റൈൽ’ ചെയ്താൽ വളരെ പ്രത്യേകതയുള്ള എക്സ്ട്രാ മോഡേൺ ലുക്ക് കിട്ടുകയും ചെയ്യും.

ഒരു പാലയ്ക്ക മാല ധരിച്ചതു പോലെ തോന്നിപ്പിക്കുന്ന തരത്തിൽ കഴുത്തിന് ചുറ്റും സ്വർണനൂൽ കൊണ്ടും മുത്തും കല്ലും പിടിപ്പിച്ചും വർക്ക് ചെയ്തെടുക്കുന്ന ബ്ലൗസിന്റെ അഴക് ഒന്നു വേറെതന്നെയാണ്. എലഫന്റ് മോട്ടിഫ്സ്, വാൽക്കണ്ണാടി, കഥകളി മുതലായവ വസ്ത്രങ്ങളിൽ പ്രിന്റുകളായോ 3 ഡി  ആർട്ടുകളായോ ചെയ്യിച്ചെടുക്കാം. സാരിക്ക് പകരം ചുരിദാറിലോ, ലെഹങ്കയിലോ ഈ വർക്ക് ചെയ്യുന്നത് വളരെ വ്യത്യസ്തത നൽകും.

ടീനേജേഴ്‌സിന് ട്രഡീഷണൽ ലുക്ക് നിലനിർത്തിക്കൊണ്ടു തന്നെ ഈ തുണിത്തരം കൊണ്ട് ചോളിയും ലോങ്‌ േസ്കർട്ടും തയ്പിച്ചെടുക്കാം. എടുത്തുകാണിക്കുന്ന തരത്തിലുള്ള മനോഹരമായ ഒരു ഡിസൈൻ ചോളിയിൽ കൊടുത്താൽ എല്ലാവരുടെയും കണ്ണുകൾ നിങ്ങളിലായിരിക്കും... തീർച്ച.  കുറച്ചുകൂടി ഫാഷൻ ഫോർവേഡ് ആയിട്ടുള്ളവർക്കു കേരളസാരി കൊണ്ട് പലാസോ പാന്റ്സ് വരെ തയ്ക്കാം.

പരീക്ഷണങ്ങൾ ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഈ വസ്ത്രങ്ങളിൽ ഒന്നും താത്‌പര്യമില്ല, എന്നാൽ ഓണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ധരിക്കണം എന്നുള്ളവർക്ക്‌ ക്രീം ആൻഡ് ഗോൾഡ് കളറിൽ ഒരു ലോങ്‌ ജായ്ക്കറ്റ് അല്ലെങ്കിൽ, കോട്ട് തയ്പിച്ചെടുക്കാം. അതിനുള്ളിൽ ഇഷ്ടമുള്ളത് എന്തു വേണമെങ്കിലും ധരിക്കാം. കസവു ബോർഡർ വെച്ച് ക്രീം കളറിൽ ഒരു മാക്സി ഡ്രസ്സ് ധരിച്ചാലും ട്രഡീഷണൽ ലുക്ക്‌ ലഭിക്കും.

ആണുങ്ങളുടെ സെറ്റ്മുണ്ടിൽ മിതമായ പരീക്ഷണങ്ങളാണ് കാണാറുള്ളത്. മുണ്ടിന്റെ കരയുടെ നിറം ഗോൾഡ് എന്നത് മാറി, സിൽവർ ആയതും പിന്നീട് സിൽവറും ഗോൾഡും കലർന്ന ഡിസൈൻ വന്നതും എല്ലാവരും താത്‌പര്യത്തോടെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മ്യൂറൽ ഡിസൈൻസും വ്യത്യസ്ത നിറങ്ങളും മുണ്ടിന്റെ കരയിൽ കാണാറുണ്ട്. മുണ്ടിനു മാച്ച് ചെയ്യുന്ന ഷർട്ടും കൂടി സെറ്റ് ആയിട്ട് ഇപ്പോൾ കടകളിൽ ലഭിക്കും. പെൺകുട്ടികൾക്ക് ഹെയർ സ്റ്റൈൽ എപ്പോഴും ബൺ കെട്ടി, ചുറ്റും മുല്ലപ്പൂ വയ്ക്കുന്നതാണ് ഓണത്തിന് ചേർന്നതും പ്രാവർത്തികവും. ‘ഐഷ’ എന്ന ചിത്രത്തിൽ സോനം കപൂർ ധരിച്ചതുപോലെ, ഒരുവശത്തേക്ക് ചെരിച്ച്‌ ബൺ കെട്ടിയാൽ നല്ല ഭംഗിയായിരിക്കും. വലിയ കമ്മലുകളായ ജിമിക്കികളും സ്റ്റേറ്റ്മെന്റ് നെക്‌ലേസുകളും ആന്റിക്‌ വളകളും കൂടി ധരിച്ചാൽ ഒരുക്കം പൂർത്തിയായി. മിതമായ മേക്കപ്പ് ആണ്‌ കസവുവസ്ത്രങ്ങൾക്ക്‌ അനുയോജ്യം. ഏറ്റവും ഒടുവിൽ മനോഹരമായ ഒരു പൊട്ട് കൂടി  കുത്താൻ മറക്കേണ്ട.


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി