നുവരിയുടെ മഞ്ഞില്‍ മത്സ്യകന്യകയെപ്പോലെ ഒരുങ്ങണോ...? പുതുവര്‍ഷത്തെ ഖാദിയുടെ നിറവില്‍ ആഘോഷിക്കാം. ഖാദിയെ പഴഞ്ചനെന്നു പറഞ്ഞ് മാറ്റിനിര്‍ത്തിയ കാലം മാറി. ഫാഷന്‍ റാംപുകളില്‍ ഖാദിയിപ്പോള്‍ ക്യാറ്റ് വാക് നടത്തുകയാണ്.

ഖാദിയെ പുത്തന്‍ തലമുറയുടെ ഇഷ്ടങ്ങളോട് ചേര്‍ത്തുവെച്ചാല്‍ ഉഗ്രന്‍ മേക്ക് ഓവറാകും. മഞ്ഞുകാലത്ത് ശരീരത്തിന് ചെറുചൂടു പകരുന്ന തുണിത്തരം കൂടിയാണിത്.

ഖാദിയും കൈത്തറിയും ഒന്നല്ല. കൈത്തറിയില്‍ മെഷീന്‍ നൂലുകളും ഖാദിയില്‍ പഞ്ഞിയില്‍നിന്നുള്ള നൂലുകളുമാണ് ഉപയോഗിക്കുന്നത്. തുണിത്തരമായി മാറുന്നതുവരെ ജോലികള്‍ കൈകള്‍ കൊണ്ടാണെന്ന പ്രത്യേകതയും ഖാദിക്കുണ്ട്.

ഖാദിയില്‍ എത്നിക് ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇടം നേടിയിട്ട് കുറച്ചുകാലമേ ആയുള്ളു. ഖാദി സില്‍ക്കില്‍ വിവാഹമൊരുക്കുന്നതിലും പുതുതലമുറ മുന്നിലാണ്. ഇടാനുള്ള സൗകര്യവും ചര്‍മത്തിന് യോജിച്ചതെന്നതും ഖാദിയെ സ്‌പെഷ്യലാക്കി മാറ്റുന്നു. ഖാദിയിലും പരീക്ഷണങ്ങളുടെ പറുദീസയാണിപ്പോള്‍. വെസ്റ്റേണ്‍ ഔട്ട്ഫിറ്റുകളും ഫ്യൂഷന്‍ വെയറുകളും ഖാദിയിലിടം നേടിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ ഫാഷന്‍ എന്നതാണ് ഖാദിയെ 'യുണീക്' ആക്കുന്നത്. അക്വാ ബ്ലൂ തീമിലൊരുക്കിയ ഖാദി ഡിസൈനര്‍ വസ്ത്രങ്ങളെ പരിചയപ്പെടാം.

മത്സ്യകന്യകയെപ്പോലെ

പാര്‍ട്ടി വെയറില്‍ ഡിഫറന്റാകണോ നിങ്ങള്‍ക്ക്...? അക്വാ ബ്ലൂ ഖാദി സില്‍ക്കില്‍ തീര്‍ത്ത ഹൈക്കോളര്‍ ടോപ്പിനും ലോങ് സ്‌കര്‍ട്ടിനുമൊപ്പം മെര്‍മെയ്ഡ് ദുപ്പട്ടയണിയാം. വെള്ള ഖാദി സില്‍ക്കില്‍ തീര്‍ത്ത ദുപ്പട്ടയില്‍ മെറ്റാലിക് ബീഡ്സ് വര്‍ക്കുകള്‍ എത്നിക് ഭംഗി തരുന്നു. ദുപ്പട്ടയില്ലാതെ കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ ചേര്‍ത്തും വസ്ത്രത്തെ മേക്കോവര്‍ ചെയ്യാം. ഖാദി സില്‍ക്ക് വെയ്റ്റ്ലെസ് ആണെന്നതാണ് മറ്റൊരു പ്രത്യേകത.

ഫിഷ് ടെയില്‍ സുന്ദരി

ഫിഷ് ടെയില്‍ പോലെ അരികുകള്‍ ചേര്‍ത്തുവെച്ച ബോട്ടവും ടോപ്പും കൂടെ ഖാദി കോട്ടണില്‍ത്തന്നെ തീര്‍ത്ത സ്ലീങ് ബാഗും. ഖാദിയില്‍ പരീക്ഷണങ്ങള്‍ എന്തുമാകാം. കോളേജ് പരിപാടിയില്‍ താരമാകാന്‍ ആ ലുക്ക് മതി. സിമ്പിള്‍ ആന്‍ഡ് എലഗന്റ്... അതാണ് ഈ ഡ്രസിന്റെ പ്രത്യേകത. കൂടെ സ്‌പോര്‍ട്സ് ഷൂസും എത്നിക് ഹാഫ് ഷൂസും ഇഷ്ടാനുസരണം അണിയാം. ഫ്‌ലയര്‍ സ്ലീവ് ടോപ്പില്‍ വുഡന്‍ ബീഡ് വര്‍ക്ക് ചെയ്താല്‍ ലുക്ക് വേറെയാകും. അക്വാ ബ്ലൂ ഖാദി കോട്ടണില്‍ വെള്ള ലേയ്സുകള്‍ പൈപ്പിങ് ചെയ്ത ത്രീഫോര്‍ത്തും കൂടെയിടാം. ഔട്ടിങ്ങിനും ഷോപ്പിങ്ങിനും പോകുമ്പാഴുള്ള ഈ കാഷ്വല്‍വെയര്‍ ലുക്കില്‍ തിളങ്ങാം.

കുഞ്ഞുടുപ്പില്‍ ക്യൂട്ടാകാം

ഏതുകാലത്തും മാറാത്ത ഫാഷനുകള്‍ പരീക്ഷിക്കാന്‍ ഫ്രോക്കിനോളം വഴക്കമുള്ള വസ്ത്രമില്ല. ഖാദി കോട്ടണില്‍ തീര്‍ത്ത ഷോര്‍ട്ട് ഫ്രോക്ക് നിങ്ങള്‍ക്കു ക്യൂട്ട് ലുക്ക് തരും. ഫ്രോക്കില്‍ വൈറ്റ് ബീഡ്സ് വര്‍ക്കും ഗ്രീന്‍ ആപ്ലിക് വര്‍ക്കും കൂടുതല്‍ ഭംഗി തരുന്നു. കൂടെ ഹാന്‍ഡ് എംബ്രോയ്ഡറിയില്‍ തീര്‍ത്ത ചെറിയ ഡിസൈനും ഫ്രോക്കിനെ സ്‌റ്റൈലിഷാക്കുന്നു. കാഷ്വല്‍ വെയര്‍ ലുക്കിന് ഇതുതന്നെ ധാരാളം. കൂടെ ഖാദിയില്‍ തീര്‍ത്ത ഹാന്‍ഡ് ബാഗുമാകാം.

Content Highlights: New year fashion Khadi in trending list