നഖസൗന്ദര്യത്തിനു വേണ്ടി മണിക്കൂറുകള്‍ ചെലവിടാന്‍ മടിയില്ലാത്തവരാണ് പെണ്‍കുട്ടികള്‍. വിവിധ നിറങ്ങളിലുളള നെയില്‍ പോളീഷുകളാല്‍ ഭാവനക്കനുസരിച്ച് ഡിസൈനുകള്‍ തീര്‍ത്തുകൊണ്ടാണ് ഫാഷന്‍ സങ്കല്‍പങ്ങളില്‍ നെയില്‍ ആര്‍ട്ട് ആദ്യമെത്തുന്നത്. പതുക്കെ കല്ലുകളും മുത്തുകളും സ്റ്റിക്കറുകളും എന്തിന് പേപ്പര്‍ വരെ നെയില്‍ ആര്‍ട്ടില്‍ ഇടംപിടിച്ചു.

പുതുമകള്‍ക്കായി നഖത്തില്‍ എന്തു പരീക്ഷണവും നടത്താന്‍ അല്പം ഫാഷന്‍ തലക്കു പിടിച്ചവര്‍ തയ്യാറായി. അത്തരത്തില്‍ എന്നും പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്തു നോക്കാവുന്ന ഒരു നെയില്‍ ആര്‍ട്ടാണ് കാവിയര്‍ നെയില്‍. മത്സ്യമുട്ടകള്‍ പോലുള്ള തീരെ ചെറിയ, തിളക്കമുള്ള വര്‍ണ്ണ മുത്തുകള്‍ തൂവി നഖങ്ങളെ മോടി പിടിപ്പിക്കുന്നതാണ് കാവിയര്‍ നെയില്‍ ആര്‍ട്ട്.

കാവിയര്‍ നെയില്‍ എന്നു കേട്ട് ഇവനേതാ പുതിയൊരവതാരം എന്നു ചിന്തിക്കുകയൊന്നും വേണ്ട കേട്ടോ. കക്ഷി സ്വല്പം പഴഞ്ചനാണ്. പക്ഷേ ഇന്ത്യന്‍ സുന്ദരികള്‍ക്കിടയില്‍ താരമാകാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുളളൂ എന്നു മാത്രം.

2012-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ഫാഷന്‍ ഷോയിലൂടെയാണ് കാവിയര്‍ മുത്തുകള്‍ ആദ്യമായി ഫാഷന്‍ ലോകത്തെത്തുന്നത്. കാവിയര്‍ മുത്തുകള്‍ പാകിയ നീണ്ട നഖങ്ങളുമായി റാമ്പില്‍ ചുവടുവെച്ച മോഡലുകള്‍ നെയില്‍ ആര്‍ട്ടിലെ പുതിയ അവതാരത്തെ ഫാഷന്‍ ലോകത്തിന് പരിചയപ്പെടുത്തി. വര്‍ഷം രണ്ടു കഴിഞ്ഞെങ്കിലും കാവിയര്‍ നെയില്‍ ആര്‍ട്ടിനെ തള്ളിക്കളയാന്‍ സുന്ദരികള്‍ ഒരുക്കമല്ല.

എന്താ ഒന്നു പരീക്ഷിച്ചു നോക്കാമെന്ന് തോന്നുണ്ടോ? കാവിയര്‍ നെയില്‍ ആര്‍ട്ടിനായി ആദ്യം വേണ്ടത് കാവിയര്‍ മുത്തുകളാണ്. വിവിധ വര്‍ണ്ണങ്ങളിലുളള 12 തരം കാവിയര്‍ മുത്തുകള്‍ ക്രാഫ്റ്റ് ഷോപ്പുകളില്‍ ലഭിക്കും. മുത്തുകളോട് ഇണങ്ങുന്ന നിറത്തിലുളള നെയില്‍ പോളീഷും ഒരു ടോപ്പ് കോട്ടും കൂടി സംഘടിപ്പിച്ചാല്‍ കാവിയര്‍ നെയില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുളളൂ.

കറുപ്പു നിറത്തിലുള്ള നെയിലാണ് വേണ്ടതെങ്കില്‍ ആദ്യം തന്നെ കറുപ്പ് നിറത്തിലുളള നെയില്‍ പോളീഷിന്റെ ഒരു കോട്ട് നഖങ്ങളില്‍ നല്ല വൃത്തിയായി ഇടുക. നല്ലവണ്ണം ഉണങ്ങിയ ശേഷം ഒരു കോട്ടു കൂടി നെയില്‍ പോളീഷ് ഇടാം. രണ്ടാമത്തെ കോട്ടിട്ട് ഒരു പതിനഞ്ച് സെക്കന്റിനു ശേഷം കറുപ്പ് വര്‍ണ്ണത്തിലുളള കാവിയര്‍ മുത്തുകള്‍ നഖത്തിലേക്ക് തൂവുക. വിടവുകള്‍ വരാതെ നഖത്തിന്റെ എല്ലാ ഭാഗത്തും മുത്തുകള്‍ വീഴ്ത്താന്‍ ശ്രദ്ധിക്കണം. അതിനുശേഷം മുത്തുകള്‍ ഉറപ്പിക്കുന്നതിനു വേണ്ടി മുത്തുകള്‍ക്കു മേലെ വിരലുകള്‍ ഉപയോഗിച്ച് വളരെ മൃദുവായി അമര്‍ത്തുക. മുത്തുകള്‍ പൊഴിഞ്ഞു പോകാതിരിക്കാനായി മുകളില്‍ ടോപ്പ് കോട്ട് കൂടി ഇട്ടു കൊടുക്കാം.

അണിയുന്ന വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചോ മിസ്മാച്ച് ചെയ്‌തോ നെയില്‍ ചെയ്താല്‍ നന്നായിരിക്കും. മാത്രമല്ല ഭാവനക്കനുസരിച്ച് ഓരോ വിരലിനും ഓരോ നിറം നല്‍കിയും വെളുത്ത നെയില്‍ പോളീഷിനു മുകളില്‍ പലവര്‍ണ്ണങ്ങളിലുളള മുത്തുകള്‍ വിതറിയും ഒരു വിരലില്‍ മാത്രം കാവിയര്‍ പതിപ്പിച്ചും കാവിയര്‍ നെയില്‍ ആര്‍ട്ട് പരീക്ഷിക്കാവുന്നതേയുളളൂ.

നഖങ്ങളില്‍ വിവിധ വര്‍ണ്ണത്തിലുളള നെയില്‍ പോളീഷുകളും കല്ലുകളും ഉപയോഗിച്ച് നടത്തുന്ന ചിത്രപ്പണികളുടെ പകുതി നേരം പോലും കാവിയര്‍ നെയില്‍ ഒരുക്കാന്‍ വേണ്ട. എന്താ ഒന്നു പരീക്ഷിച്ചൂടെ?