നോഹരമായ കൈകൾ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ, ഏറ്റവും തഴയപ്പെടുന്ന ഒരു ശരീരാവയവും കൈകൾ തന്നെയാണ്. വീട്ടുജോലികളും മറ്റുമായി നിരന്തരം നമ്മുടെ കൈകൾ പല അവസ്ഥകളിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, പ്രായം മുഖത്തിനേക്കാൾ  കൂടുതൽ കൈകളിലാണ് പ്രതിഫലിക്കുന്നത്.

കൈകളെ സംരക്ഷിക്കുന്നതിൽ ‘മാനിക്യൂറി’നുള്ള സ്ഥാനം വളരെ വലുതാണ്. സലൂണിൽ പോയി മാനിക്യൂർ ചെയ്താൽ കൈകൾ സുന്ദരമാക്കാം എന്നു മാത്രമല്ല, നഖങ്ങൾ പൊട്ടുന്നതും ഒടിയുന്നതും തടയുകയും ചെയ്യാം. ഓയിലുകളും ക്രീമുകളും ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മൂലം രക്തയോട്ടം വർധിക്കുകയും ഇൻഫെക്ഷനുകൾ ഒരു പരിധിവരെ തടയുകയും ചെയ്യും.

പരസ്യങ്ങളിലും സിനിമകളിലും സുന്ദരമായ വിരലുകളുള്ള സ്ത്രീകളെ കാണുമ്പോൾ ഇതുപോലെ എന്തുകൊണ്ട് ഒരുങ്ങിക്കൂടാ എന്ന് ചിലരെങ്കിലും ചിന്തിക്കുമായിരിക്കും. എന്നാൽ, സലൂണിൽ ചെന്നിട്ട്‌ എന്താ പറേയണ്ടത്‌ എന്നോ ഏതു മാനിക്യൂർ ആണ് തിരഞ്ഞെടുക്കേണ്ടത്‌ എന്നോ കൺഫ്യൂഷൻ കാണും. വിവിധയിനം മാനിക്യൂർ ഏതെല്ലാം എന്ന് ഒന്നറിഞ്ഞിരിക്കുന്നതു നല്ലതാണ്.

ഏറ്റവും പുത്തൻ ട്രെൻഡ് ആയ ‘3ഡി ആർട്ട്’ വേണോ അതോ പെട്ടെന്നാരുടേയും കണ്ണിൽ പെടാത്ത ‘ന്യൂഡ് പോളിഷ്’ വേണോ...? ഇഷ്ടം ഏതു തന്നെയായാലും തിരഞ്ഞെടുക്കാൻ നെയ്ൽ ആർട്ടുകൾ അനവധിയാണ്. നിങ്ങളുടെ പേഴ്സണൽ സ്റ്റൈൽ എന്തുതന്നെയായാലും യോജിച്ച ഒരു നെയ്ൽ ആർട്ട് തിരഞ്ഞെടുക്കുന്നത് വ്യക്തിത്വത്തിന് മാറ്റ് കൂട്ടുകയും ഒരു പ്രസന്റിബിൾ ലുക്ക് നൽകുകയും ചെയ്യും.

Nail Art
Image: Pixabay

ബേസിക് മാനിക്യൂർ

മാനിക്യൂർ ലോകത്തേക്ക്‌ ആദ്യമായി കടക്കുന്നവർക്ക്‌ ഏറ്റവും പറ്റിയതാണ് ‘ബേസിക് മാനിക്യൂർ’. നെയ്ൽ ടെക്നിഷ്യൻ കൈകളിൽ ക്രീമും ഓയിലും പുരട്ടി ഇളം ചൂട് വെള്ളത്തിൽ അഞ്ചു മിനിറ്റ് മുക്കി വെക്കും. അത് കഴിഞ്ഞു ക്യൂട്ടിക്കിൾസ് ഒതുക്കി നഖം ഏതു നീളത്തിലും ആകൃതിയിലും മുറിക്കണം എന്ന് ചോദിക്കും. സ്ക്വയർ, ഓവൽ, സ്കോവൽ (സ്ക്വയറും ഓവലും കൂടിച്ചേർന്നത്), സ്റ്റില്ലെട്ടോ, കോഫിൻ എന്നിങ്ങനെ നിരവധി ആകൃതികൾ തിരഞ്ഞെടുക്കാം.

ആകൃതിയുടെ കാര്യത്തിൽ ഒരു തീരുമാനമായാൽ അടുത്ത പടി മസാജ് ആണ്. അതു കഴിഞ്ഞു നഖങ്ങളിൽ ബേസ് കോട്ട് ആദ്യം ഇടും. ഏതു കളർ നെയ്ൽ പോളിഷ് ആണ് തിരഞ്ഞെടുത്തത് എന്നനുസരിച്ചു അടുത്ത സ്റ്റെപ് ആയി നെയ്ൽ പോളിഷിന്റെ രണ്ടു കോട്ട് ഇടും. തുടർന്ന് ടോപ് കോട്ട് ഇതിന്റെ മുകളിൽ ഇട്ടാൽ മാനിക്യൂർ പൂർത്തിയായി.

ഫ്രഞ്ച് മാനിക്യൂർ

ഏറ്റവും പോപ്പുലറും ക്ലാസിയുമായ മാനിക്യൂർ എന്ന വിശേഷണത്തിന് അർഹതപ്പെട്ടതാണ് ‘ഫ്രഞ്ച് മാനിക്യൂർ’. സുന്ദരമായ ക്ലീൻ ലുക്ക് ആണ് നിങ്ങൾക്കാവശ്യമെങ്കിൽ ഇതാണ് ഏറ്റവും പറ്റിയത്. തൊലിയുടെ നിറമനുസരിച്ചു പെയിൽ പിങ്ക് അല്ലെങ്കിൽ, ബെയ്ജ് നിറം നഖങ്ങളിൽ പുരട്ടി അറ്റത്തു മാത്രം വെള്ള പോളിഷ് ഇടുന്നു. ഏതു പരിപാടികൾക്കും ഏതു വസ്ത്രങ്ങൾക്കും ഒരുപോലെ യോജിക്കുന്ന ഈ ലുക്ക് കൈകൾക്കു മനോഹാരിത മാത്രമല്ല ഹെൽത്തി ലുക്കും നൽകുന്നു.

ഇത് തിരിച്ചു ചെയ്യാൻ താത്‌പര്യമുള്ളവർക്ക് വേണ്ടിയുള്ളതാണ് ‘റിവേഴ്‌സ് ഫ്രഞ്ച് മാനിക്യൂർ’. ഇതിന്റെ മറ്റൊരു വേരിയേഷൻ ‘അമേരിക്കൻ മാനിക്യൂർ’ ആണ്. കടുംവെള്ള നിറത്തിനു പകരം ന്യൂട്രൽ നിറങ്ങൾ ടിപ്സിൽ ഉപയോഗിക്കുന്ന ഇവയെ ഗ്ലിറ്റർ ഉപയോഗിച്ച് മോടി പിടിപ്പിക്കുകയുമാകാം. എന്നാൽ നഖങ്ങൾക്ക് ആവശ്യത്തിന് നീളവും ബലവും ഇല്ലാത്തവർ ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നോർത്ത് വിഷമിക്കണ്ട. അങ്ങനുള്ളവർക്കു വേണ്ടിയും ചില മാർഗങ്ങളുണ്ട്.

അക്രിലിക് നെയ്ൽ ആർട്ട്

അക്രിലിക് നെയ്ൽസ്‌ ആണ് കൂട്ടത്തിൽ ചെലവ് കുറഞ്ഞത്. സ്വന്തം നഖത്തിന് മുകളിൽ കൃത്രിമമായ നഖം ഒട്ടിച്ചു വെയ്ക്കുന്ന രീതിയാണിത്. ആവശ്യാനുസരണം നീളം കൂട്ടുകയോ കുറയ്ക്കുകയോ ആവാം. പ്രത്യേക തരം നെയ്ൽ ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കുന്ന ഇവ ശരിയായ രീതിയിൽ ചെയ്യാൻ പരിചയസമ്പത്തുള്ള നെയ്‌ൽ ടെക്‌നീഷൻ തന്നെ വേണം. പലതരം ഡിസൈനുകൾ, മുത്തുകൾ, കല്ലുകൾ തുടങ്ങി പക്ഷിത്തൂവൽ വരെ അക്രിലിക് നഖങ്ങളിൽ പരീക്ഷിക്കാം.

Nail Art
Image: Pixabay


 ജെൽ മാനിക്യൂർ

നെയ്‌ൽ പോളിഷ് കേടുവരാതെ കുറച്ചുകാലം നഖങ്ങളിൽ ഉണ്ടാകണം എന്നാൽ, അക്രിലിക്കിനോട് താത്‌പര്യം ഇല്ല എന്നുള്ളവർക്കുള്ളതാണ് ജെൽ മാനിക്യൂർ. സാധാരണ മാനിക്യൂറിന്റെ സ്റ്റെപ്പുകൾ തന്നെയാണ് ഇവിടെയും ഉള്ളത് പക്ഷേ, പോളിഷ് ഉണങ്ങാൻ യു.വി. ലൈറ്റിന്റെ സഹായം തേടുമെന്നു മാത്രം.

ഷെല്ലാക് മാനിക്യൂർ

ജെൽ മാനിക്യൂർ പോലെ തന്നെയുള്ള ഒരു രീതിയാണിത്. ഷെല്ലാക് നെയ്‌ൽ പോളിഷ് ഉപയോഗിച്ചുള്ള ഈ മാനിക്യൂർ ഉണങ്ങുവാൻ ഒരു പ്രത്യേക തരം ഡ്രയർ ഉപയോഗിക്കുന്നു. രണ്ടാഴ്ചയിൽ കൂടുതൽ പൊളിഞ്ഞു പോകാതെ ലാസ്റ്റ്‌ ചെയ്യുന്ന ഈ മാനിക്യൂർ നഖങ്ങൾ ബലമുള്ളതാക്കാൻ സഹായിക്കുന്നു.

എസ്.എൻ.എസ് നെയ്‌ൽസ്‌

ഏറ്റവും സൗകര്യപ്രദവും നഖങ്ങളുടെ ആരോഗ്യത്തിന് ഉചിതവുമായ രീതിയാണിത്. നെയിൽ പോളിഷിനു പകരം എസ്.എൻ.എസ്. പൊടിയിൽ നഖം മുക്കി ടോപ് കോട്ട് ഇട്ടു ഉണ്ടാക്കുന്ന രീതിയാണിത്. നിരവധി നിറങ്ങളിൽ ഇത് ലഭ്യമാണെന്നു മാത്രമല്ല, മൂന്ന്‌ ആഴ്ച വരെ റീഫിൽ ചെയ്യാതെ പുത്തൻ പോലിരിക്കുകയും ചെയ്യും. മറ്റു മാനിക്യൂർ രീതികളെ അപേക്ഷിച്ച്‌ ബലമേറിയതും എന്നാൽ, വളരെ കട്ടി കുറഞ്ഞതുമാണിത്. നഖങ്ങൾക്ക്‌ നാച്ചുറൽ ലുക്ക് വേണമെന്നുള്ളവർക്ക് ഏറ്റവും അനുയോജ്യവും ആണ് എസ്.എൻ.എസ്.

ഇതിലൊന്നും താത്‌പര്യമില്ലാത്തവർക്ക് പരീക്ഷിക്കാൻ ‘സ്റ്റിക്കർ നെയ്‌ൽസ്’ വിപണിയിൽ ലഭ്യമാണ്. പറ്റിയ ഒരു മാനിക്യൂർ തിരഞ്ഞെടുക്കുന്നതിനു മുൻപ് ജീവിതരീതി പരിഗണിക്കുന്നത് നല്ലതാണ്. ഒത്തിരി ടൈപ്പ് ചെയ്യുന്ന ആളാണോ, കുട്ടികൾ ഉണ്ടോ, വെള്ളത്തിൽ കൈകൾ ഒത്തിരി ഇടാറുണ്ടോ, എന്നുള്ളവയെല്ലാം ശ്രദ്ധിച്ചാൽ പെട്ടെന്ന് പൊളിഞ്ഞു പോകാത്ത, കുറച്ച്‌ ആഴ്ചകളെങ്കിലും നിലനിൽക്കുന്ന മാനിക്യൂർ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. എന്തൊക്കെ പറഞ്ഞാലും മനോഹരമായി വെട്ടിയ നഖങ്ങളും അതിൽ പുരട്ടിയിരിക്കുന്ന പോളിഷും നിങ്ങളുടെ സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും മാറ്റു കൂട്ടുമെന്നത്‌ തീർച്ചയാണ്.


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി

Content Highlights: Manicure, French Manicure, Nail Art, Nail Polish