സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായിട്ട് ഇട്ട നെയിൽ പോളിഷിന്റെ നിറം ഒരു ഇളം റോസ് ആയിരുന്നു. അന്നത്തെ കാലത്ത്‌ ആകെയുള്ള കുറച്ചു നിറങ്ങൾ ചുവപ്പ്‌, റോസ്, മെറൂൺ, ബ്രൗൺ ഇതൊക്കെയായിരുന്നു, പക്ഷെ ഇന്ന് ഏതു നിറം വേണം എന്ന് നമ്മൾ മനസ്സിൽ കണ്ടാൽ മതി അത് മാർക്കറ്റിൽ കിട്ടും, നിറങ്ങളിലെ വൈവിധ്യം മാത്രമല്ല ഇന്ന് നെയിൽ പോളിഷ് മേഖലയെ കൂടുതൽ പോപ്പുലർ ആക്കുന്നത്. നെയിൽ ആർ‍ട്ട് എന്നതും ഒരു വൻ വ്യവസായ മേഖല തന്നെ ആയിരിക്കുകയാണ്.

നെയിൽ ആർ‍ട്ട് സ്റ്റുഡിയോസ്

ഡിസൈനർ ഡ്രസ്സുകൾക്കുള്ളത് പോലെ തന്നെ ഡിസൈനർ നെയിൽ ആർ‍ട്ട് സ്റ്റുഡിയോസ് ഇപ്പോൾ പല നഗരങ്ങളിലും വളർന്നു  വരുന്നുണ്ട്. കല്യാണങ്ങൾക്ക്‌ ബ്രൈഡൽ ഡ്രസ്സുകൾ, ആഭരണങ്ങൾ, മേയ്ക്ക് അപ് ഹെയർ സ്റ്റൈൽ  ഇതിനോടെല്ലാം ചേർച്ചയുള്ള നെയിൽ ആർ‍ട്ട് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്.

ആഡംബരത്തിന്റെയും ആഢ്യത്വത്തിന്റെയും ലക്ഷണമായി മാറിയിട്ടുണ്ട് നെയിൽ ആർട്ടും.  പോപ്പ് സിങ്ങർ റിഹാനയെ പോലെയുള്ള പല ഹോളിവുഡ് താരങ്ങളും തങ്ങളുടെ നെയിൽ ആർട്ട് ഡിസൈനുകൾക്കായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്, ഈയടുത്ത് റിഹാന തന്റെ എല്ലാ മ്യൂസിക് ആൽബങ്ങളുടെയും പേരുകൾ എഴുതിയ നെയിൽ ആർ‍ട്ട് ഡിസൈനിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

നിയോൺ നിറങ്ങളും മെറ്റാലിക് നിറങ്ങളും തിളങ്ങുമ്പോൾ കൂട്ടത്തിൽ പേസ്റ്റൽ നിറങ്ങളായ, ഇളം റോസ്, ഇളം നീല, പർപ്പിൾ, ഗ്രേ പോലുള്ള ഷെയ്ഡുകൾക്കും പ്രിയം ഏറെയുണ്ട്. ഇനി ഡിസൈനുകളുടെ കാര്യമെടുത്താൽ, എന്തൊക്കെ ഡിസൈനുകൾ ഉണ്ട് എന്ന് തിരയുകയാണെങ്കിൽ നമുക്ക്, ‘കൺഫ്യൂഷൻ തീർക്കണമേ’ എന്ന് പാട്ട് പാടുകയേ നിവൃത്തിയുള്ളു. കാരണം സ്വഭാവത്തിനും, സന്ദർഭത്തിനും, മൂഡിനും അനുസരിച്ച്‌ ലക്ഷക്കണക്കിന് ഡിസൈനുകളാണുള്ളത്. പുതിയ ഡിസൈനുകൾ ആകട്ടെ, ദിനംപ്രതി വന്നുകൊണ്ടും ഇരിക്കുന്നു.

നിറങ്ങൾ ഇഷ്ടപ്പെടുന്ന അൽപ്പം കുസൃതി നിറഞ്ഞ ആളുകൾക്ക് പറ്റിയ കാൻഡി കളറുകളും ഡിസൈനുകളുമുണ്ട്. ലാളിത്യവും ലൈറ്റ് നിറങ്ങളും സിമ്പിൾ ഡിസൈനുകളുമാണ് വേണ്ടതെങ്കിൽ നിങ്ങൾക്ക് ഗ്രാഫിക് ഡിസൈനുകളോ മോണോക്രോം ഡിസൈനുകളോ തിരഞ്ഞെടുക്കാം. അതല്ല, കല്യാണങ്ങൾക്കാണെങ്കിൽ അൽപ്പം ഗോൾഡ് സിൽവർ ക്രിസ്റ്റൽ കോമ്പിനേഷൻസുമാവാം.

ഡ്രസ്സുകളിൽ ഫോർമൽസും  കാഷ്വൽസും ഫങ്‌ഷൻ വെയറുമൊക്കെയുള്ള പോലെ നെയിൽ ആർ‍ട്ട് ഡിസൈനുകളിലുമുണ്ട് ഓപ്ഷനുകൾ. നെയിൽ ആർ‍ട്ട് ഡിസൈനേഴ്സിനെ പൊതുവെ ‘മാനിക്യൂറിസ്റ്റുകൾ’ എന്നാണ് വിളിക്കുക, അവരുടെ ഡിസൈൻസിനെ ‘മാനി’ എന്നും.
നെയിൽ പോളിഷും നെയിൽ ആർട്ടുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇൻസ്റ്റാഗ്രാം പേജ് ആണ് കൊറിയൻ നെയിൽ സലൂൺ ‘യൂണിസ്റ്റെല്ല’ യുടെ ഇൻസ്റ്റാഗ്രാം പേജ്. പുതിയതും ഏറ്റവും പോപ്പുലറുമായ ഡിസൈനുകൾ അന്വേഷിക്കുന്നവർക്ക് ഈ പേജ് ഒരു പറുദീസയാണ് .

നെയിൽ ആർ‍ട്ട് ചെയ്യാൻ നെയിൽ പോളിഷ് വേണം എന്നില്ല എന്ന് തെളിയിക്കുന്ന ഡിസൈനുകളാണ് യൂണിസ്റ്റെല്ലയുടെ ഏറ്റവും പുതിയ ഡിസൈനുകൾ. നിറമില്ലാത്ത ക്ലിയർ നെയിൽ പോളിഷും ഒരൽപ്പം ഗ്ലിറ്ററും മതി ഉഗ്രൻ ഡിസൈനുകൾ തയ്യാറാക്കാൻ.

2016 - 2017 ൽ ആണ് റെഡ് കാർപ്പെറ്റ് നെയിൽ ഡിസൈൻസ് പോപ്പുലർ ആയിത്തുടങ്ങിയത്.  റിഹാനയുടെ സ്റ്റിലേറ്റോ നെയ്‌ൽസും, കാറ്റി പെറിയുടെ റെഡ് നെയിൽ പോളിഷിലെ ക്യാറ്റ് ഐ ഡിസൈനും, ലേഡി ഗാഗയുടെ നീളൻ നഖങ്ങളിൽ ചുവന്ന നെയിൽ പോളിഷും കറുത്ത നെയിൽ ആർട്ടും, ക്യാമറകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓസ്കർ വേദിയിൽ കെറി വാഷിംഗ്ടണിന്റെ മാറ്റ് ആൻഡ് ഷൈനി മിക്സ് നെയിൽ ആർ‍ട്ട് ഇൻസ്റ്റാഗ്രാമിൽ അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു

ആകാശത്ത്‌ പൂർണചന്ദ്രനാണ് നമുക്കിഷ്ടമെങ്കിൽ നെയിൽ ആർ‍ട്ട് ഡിസൈനേഴ്സിന്റെ ഇഷ്ടപ്പെട്ട ഡിസൈനുകളിൽ ഒന്ന് ‘ഹാഫ് മൂൺ’ ഡിസൈൻ ആണ്. ഫ്രഞ്ച് മാനിക്യൂറിൽ നഖത്തിന്റെ അറ്റത്തു മാത്രം വെള്ള നെയിൽ പോളിഷ് ഇടുന്ന പോലെ, ഹാഫ് മൂൺ ഡിസൈനിൽ, നിങ്ങൾക്കിഷ്ടമുള്ള നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ടതിനു ശേഷം നഖത്തിന്റെ അറ്റത്ത്‌ അർദ്ധ ചന്ദ്രാകൃതിയിൽ ഗ്ലിറ്റർ അല്ലെങ്കിൽ മറ്റേതെങ്കിലും കളർ ഇടുകയാണ് ചെയ്യുന്നത്.

നെയിൽ ആർ‍ട്ട് എന്നത് ഒരു തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കാശ് ചെലവഴിക്കാൻ തയ്യാറാണെങ്കിൽ നെയിൽ ആർ‍ട്ട് ബുട്ടീക്വിൽ പോയി നിങ്ങൾക്കിഷ്ടമുള്ള ഡിസൈനുകൾ സ്വന്തമാക്കാം. എന്നാൽ ഒരൽപ്പം കരവിരുതും, ഭാവനയും ഉണ്ടെങ്കിൽ ചുരുങ്ങിയ ചെലവിൽ നിങ്ങൾക്കുതന്നെ നിങ്ങളുടെ നഖങ്ങളെ നെയിൽ ആർട്ടിലൂടെ സുന്ദരമാക്കാം, അതിനായുള്ള നെയിൽ ആർ‍ട്ട് അക്സെസ്സറിസ് ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

ഡൈ നെയിൽ ആർ‍ട്ട്
പെട്ടെന്നൊരു ഫങ്‌ഷന് പോകാൻ ഒരുങ്ങുമ്പോൾ, നിങ്ങളുടെ പൊട്ടുകളും അതിലെ ചെറിയ മുത്തുകളും കല്ലുകളും ഉപയോഗിച്ച്  ഡ്രസ്സിനു മാച്ച് ആയ നെയിൽ ആർ‍ട്ട് ചെയ്യാം.

നഖങ്ങളിൽ വാെസ്ളയ്‌ൻ പുരട്ടിയതിനു ശേഷം, ഒരു പാത്രത്തിൽ വെള്ളമെടുത്ത്‌ പല നിറത്തിലുള്ള നെയിൽ പോളിഷുകളുടെ തുള്ളികൾ ആ വെള്ളത്തിലേക്ക് ഒഴിക്കുക. ഒരു പെൻസിൽ കൊണ്ടോ ടൂത്ത്പിക്ക് കൊണ്ടോ ആ തുള്ളികളെ യോജിപ്പിക്കുക. നഖങ്ങൾ ആ നെയിൽ പോളീഷിലേക്കു മുക്കി കുറച്ചു സെക്കൻഡ് കഴിഞ്ഞെടുക്കുമ്പോൾ, വെള്ളത്തിലുള്ള ഡിസൈൻ നിങ്ങളുടെ നഖങ്ങളിൽ പറ്റിപ്പിടിക്കും, വിരലുകളിലെയും നഖങ്ങളുടെ വശങ്ങളിലെയും നെയിൽ പോളിഷ് ശ്രദ്ധയോടെ തുടച്ചു കളഞ്ഞാൽ ഒരു ഉഗ്രൻ ഡൈ നെയിൽ ആർ‍ട്ട് ഡിസൈൻ തയ്യാർ.

ആരോഗ്യമുള്ള നഖങ്ങൾക്കുള്ള പൊടിക്കൈകൾ
നെയിൽ പോളിഷും നെയിൽ ആർട്ടുമെല്ലാം ചെയ്യാൻ നല്ല ഭംഗിയുള്ള ആരോഗ്യമുള്ള നഖങ്ങൾ വേണം. അതിനായി നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം.

കൃത്യമായി അവ വെട്ടുകയും, വൃത്തിയായി കഴുകി തുടച്ച്‌ മോയ്സ്ചറൈസറോ എണ്ണയോ പുരട്ടി മൃദുവായി സൂക്ഷിക്കുകയും വേണം.
ഗുണനിലവാരമില്ലാത്ത നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത് നഖങ്ങളിൽ നിറവ്യത്യാസമുണ്ടാക്കാനും, നഖങ്ങളുടെ ബലം കുറച്ചു പൊളിഞ്ഞു പോകാനും ഇടയാക്കും.

ആഴ്ചയിൽ ഒരിക്കലെങ്കിലും, ഇളം ചൂടുവെള്ളത്തിൽ ഒരൽപ്പം ഷാംപൂ ഒഴിച്ച് അതിൽ കൈയും കാലും മുക്കി വച്ച്, വളരെ ശ്രദ്ധയോടെ കൈയിലെയും കാലുകളിലെയും ഡെഡ് സ്കിൻ ഉരച്ചു കളയുന്നത് ശീലമാക്കുക.

writer is...

ബെംഗളൂരുവിൽ ആർജെ, ഫാഷൻ വ്ലോഗർ

 

Content Highlights: Nail Art, Trend Setter, Nail Polish