കൊച്ചി: അയ്യോ ഇറക്കം കുറഞ്ഞുപോയോ എന്നു ചോദിച്ച് മൈക്രോ സ്‌കര്‍ട്ടുകള്‍ക്കു മുന്നിലേക്ക് ചോദ്യമെറിഞ്ഞ കാലമൊക്കെ മാറി. പെണ്‍കുട്ടികളുടെ വാര്‍ഡ്രോബുകളിലും മിനി ഡ്രസ്സുകള്‍ സാധാരണമായി. ഇന്‍സ്റ്റഗ്രാം സ്റ്റോറികളും റീല്‍സിലുമെല്ലാം ഹോളിവുഡ് നായികയെപ്പോലെ സ്‌റ്റൈല്‍ ചെയ്യുന്ന പെണ്‍കുട്ടികളുടെ കാലമാണിത്. എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്ന് തികഞ്ഞ ബോധ്യമുള്ളവരാണ് പുതിയ പെണ്‍കുട്ടികള്‍. ക്യൂട്ട് സ്റ്റേറ്റ്മെന്റ് പീസായി മിനി സ്‌കര്‍ട്ടുകള്‍ വീണ്ടും തരംഗമാകുന്നു.

1960-കളില്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലേക്ക് കത്തിക്കയറി വന്ന വസ്ത്രമാണ് മിനി, മൈക്രാ സ്‌കര്‍ട്ടുകള്‍. 90-കളിലും മങ്ങാതെ നിന്നുവെങ്കിലും ആ ട്രെന്‍ഡ് ഔട്ടായതും വളരെ വേഗത്തിലായിരുന്നു. എന്നാല്‍ 2021-ല്‍ മിനി സ്‌കര്‍ട്ടുകള്‍ തകര്‍പ്പന്‍ തിരിച്ചുവരവിലാണ്. പുതിയ കാലത്തിന്റെ ഫാഷന്‍ ട്രെന്‍ഡില്‍ മിനി സ്‌കര്‍ട്ടുകള്‍ക്ക് വലിയ സ്ഥാനം കിട്ടി. റണ്‍വേകളിലും സ്ട്രീറ്റ് ഫാഷന്‍ ട്രെന്‍ഡിലും അത്ര വേഗമാണ് ഇവ ഇടം കണ്ടെത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലും മിനി, മൈക്രാ സ്‌കര്‍ട്ടുകള്‍ വിപണിയിലും സുലഭം.

സമ്മര്‍ ഔട്ട്ഫിറ്റായി മാത്രം മിനി സ്‌കര്‍ട്ടിനെ കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഏത് സീസണിലേക്കും സ്‌റ്റൈല്‍ ചെയ്‌തെടുക്കാമെന്ന മട്ടിലേക്ക് മൈക്രോ സ്‌കര്‍ട്ടുകള്‍ മാറി. സ്റ്റോക്കിങ്സിനൊപ്പമുള്ള ബക്കിള്‍ മൈക്രോ സ്‌കര്‍ട്ട് നിങ്ങളെ ഫാഷന്‍ ക്യൂനാക്കി മാറ്റും. ചങ്കി ബൂട്ട്സിനൊപ്പം ഷീര്‍ സാറ്റിന്‍ മിനി സ്‌കര്‍ട്ടിട്ടാല്‍ നൈറ്റ് പാര്‍ട്ടികളില്‍ നിങ്ങളാകും താരം. ഇനി തണുപ്പുകാലത്ത് വാം സ്വെറ്ററിനൊപ്പം മൈക്രോ മിഡിയും ഗം ബൂട്സുമിട്ടാല്‍ ലുക്ക് തന്നെ വേറെ ലെവലാകും.

കുറഞ്ഞതല്ലെന്നേ കുറച്ചതാണ്

മുട്ടൊപ്പം നില്‍ക്കുന്ന പാവാട വെട്ടിച്ചുരുക്കി നല്ല തകര്‍പ്പന്‍ മിനി സ്‌കര്‍ട്ടാക്കാം. പഴയ വെല്‍വെറ്റ് ഫുള്‍ സ്‌കര്‍ട്ടുകള്‍ വാര്‍ഡ്രോബില്‍ പൊടിപിടിച്ചിരിപ്പുണ്ടോ? ഇവയെ ഇനി മിനി സ്‌കര്‍ട്ടാക്കി മാറ്റാം. ചെറിയൊരു മെറ്റല്‍ ബെല്‍റ്റ് കൂടി അണിഞ്ഞാല്‍ സംഭവം കളറാകും. ഫീര്‍ ഫാബ്രിക്കിലും നെറ്റിലും തകര്‍പ്പന്‍ മിനി സ്‌കര്‍ട്ടുകള്‍ ഒരുക്കാം. കൂടെയൊരു സ്ട്രാപ്പ് ടോപ്പുമിട്ടാല്‍ പൊളിക്കും. ഫ്‌ലയര്‍ മിനി സ്‌കര്‍ട്ട്, ഫ്‌ളോറല്‍ മിനി സ്‌കര്‍ട്ട്, ലേസ് സ്‌കര്‍ട്ട്... അങ്ങനെ ലുക്കിനെ മാറ്റിയെഴുതാം. ലെതര്‍ മിനി സ്‌കര്‍ട്ടിനൊപ്പം ബെല്‍റ്റും ക്യാപ്പുമിട്ടാല്‍ ആരായാലും ഒന്നു നോക്കി നിന്നുപോകും. ചെക്ക് മിനി സ്‌കര്‍ട്ട്, ചെയിന്‍ മിനി സ്‌കര്‍ട്ട്, ബക്കിള്‍ സ്‌കര്‍ട്ട്, റാപ് മിനി സ്‌കര്‍ട്ട്... അങ്ങനെയങ്ങനെ എത്രതരം കുഞ്ഞിപ്പാവാടകളാണ് ഈ ട്രെന്‍ഡിനെ മനോഹരമാക്കുന്നത്.

Content Highlights: Mini skirt on trend