ഫാഷന്‍ ട്രെന്‍ഡുകള്‍ മാറിമാറി വരികയാണ്. ആഭരണങ്ങളിലും വസ്ത്രധാരണത്തിലുമെല്ലാം ഈ മാറ്റം വന്നുകഴിഞ്ഞു. പട്ടുസാരിക്കൊപ്പം ഹെവി ആഭരണങ്ങള്‍ മാത്രവും കനംകുറഞ്ഞ കോട്ടണ്‍ സാരിക്കൊപ്പം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുമൊക്കെ ധരിച്ചിരുന്ന കാലം എന്നേ കഴിഞ്ഞു.

ഇത് കൈത്തറി, കോട്ട ണ്‍ സാരികളുടെ പ്രതാപ കാലമാണ്. പുതിയ ലുക്കില്‍ വ്യത്യസ്ത പാറ്റേണുകളില്‍ എത്തുന്ന കൈത്തറി, കോട്ടണ്‍ സാരികളോടും ആന്റിക് സില്‍വറിലുള്ള വലിയ ആഭരണങ്ങളോടുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. കോളേജ് വിദ്യാര്‍ഥികളും വീട്ടമ്മമാരും പ്രൊഫഷണലുകളുമടക്കം ഈ ട്രെന്‍ഡിന് പിറകെയാണ്.

വസ്ത്രആഭരണ മേഖലയിലെ ഈ ട്രെന്‍ഡിങ് കണ്ടെത്തി സംരംഭകരായി മാറിയ നിരവധിപേരുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി സാരികള്‍ക്കും ആന്റിക് സില്‍വര്‍ ടൈപ്പ് ജൂവലറികള്‍ക്കും ഓണ്‍ലൈന്‍ വിപണിയൊരുക്കി സംരംഭകയായി മാറുകയായിരുന്നു തൃപ്പൂണിത്തറ സ്വദേശി അമ്മു നാരായണ്‍. 'ദക്ഷാസ്' എന്നാണ് അമ്മുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പേര്. കൈത്തറി സാരികള്‍ക്കും മൂക്കുത്തി അടക്കമുള്ള വലിയ സില്‍വര്‍ ആഭരണങ്ങള്‍ക്കും കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഉള്ളതെന്ന് അമ്മു നാരായണ്‍ പറയുന്നു.

ബെംഗളൂരുവില്‍ ഒരു കമ്പനിയുടെ ഓപ്പറേഷണല്‍ ഹെഡായി ജോലി ചെയ്യുകയായിരുന്ന അമ്മു, വിവാഹ ശേഷമാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ആശയത്തിലേക്ക് വന്നത്. ഛായാഗ്രാഹകന്‍ കിഷോര്‍ മാണിയുമായുള്ള വിവാഹ ശേഷമാണ് കൊച്ചിയില്‍ സ്ഥിരതാമസം തുടങ്ങിയത്. സാരികളോടും ആഭരണങ്ങളോടും പണ്ടുമുതല്‍ തന്നെ താത്പര്യമുണ്ടായിരുന്നു. വിവാഹ ശേഷം വീട്ടില്‍ വെറുതെ ഇരുന്ന് ബോറടിച്ചു തുടങ്ങിയതോടെയാണ് സംരംഭം തുടങ്ങാനുള്ള ആഗ്രഹം വന്നതെന്നും അമ്മു പറഞ്ഞു.

കൈത്തറി ശാലകളില്‍ നിന്ന് സംരംഭത്തിലേക്ക്

2016ലാണ് അമ്മു 'ദക്ഷാസ്' ആരംഭിക്കുന്നത്. ആന്ധ്രാ, തമിഴ്‌നാട്, ബെംഗളൂര്‍, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നെയ്ത്തുകാരില്‍ നിന്ന് കൈത്തറി സാരികളെ കുറിച്ച് ആഴത്തില്‍ പഠിച്ചശേഷമാണ് ബിസിനസിലേക്ക് കടന്നത്.

ഗുജറാത്തിലെ പട്ടോല, മധുര സുന്‍ഗുഡി, ബംഗാള്‍ സാരീസ് തുടങ്ങി സാധാരണ കേട്ടിട്ടില്ലാത്ത പല സാരികളെക്കുറിച്ചും അമ്മു നെയ്ത്തുകാരില്‍ നിന്ന് മനസ്സിലാക്കി. ഈ ഒരു അറിവില്‍ നിന്നാണ് 'ദക്ഷാസി'ന്റെ പിറവി.

800 രൂപ മുതല്‍ 3,000 രൂപ വരെയാണ് സാരികളുടെ വില. കനം കുറഞ്ഞ കോട്ടണ്‍ സാരികള്‍ക്ക് പുറമെ ദുപ്പട്ടകളും 'ദക്ഷാസി'ലുണ്ട്. കുറഞ്ഞ വിലയിലുള്ള എളുപ്പത്തില്‍ ധരിക്കാന്‍ കഴിയുന്ന കാഷ്വല്‍ സാരികളാണ് കൂടുതലും. വിവാഹ പാര്‍ട്ടികള്‍ക്കുവേണ്ട വില കൂടിയ സാരികളും ആവശ്യാനുസരണം എത്തിക്കുന്നുണ്ട്.

ഛായാഗ്രാഹകന്‍ ആയ ഭര്‍ത്താവിനെക്കൊണ്ട് സാരികളുടെ ഫോട്ടോകള്‍ എടുപ്പിച്ച് സുഹൃത്തുക്കള്‍ക്കിടയിലാണ് ആദ്യം ബിസിനസ് പരീക്ഷിച്ചത്. അത് ഹിറ്റായതോടെ നേരിട്ട് സംരംഭത്തിലേക്ക് കടന്നു. പ്രതിമാസം 50,000 രൂപ വരെയാണ് 'ദക്ഷാസി'ല്‍ നിന്നുള്ള വരുമാനം. ഓണം, ദീപാവലി, ക്രിസ്മസ് സീസണില്‍ മാസം 80,000 രൂപയുടെ വരുമാനം നേടാറുണ്ടെന്നും അമ്മു പറഞ്ഞു.

സില്‍വര്‍ ലുക്ക് ജുവലറിയില്‍ ലുക്കാകാം

സില്‍വര്‍ ലുക്ക് നല്‍കുന്ന ജൂവലറികളാണ് 'ദക്ഷാസ്' ഒരുക്കുന്നത്. കൊല്‍ക്കത്തയിലും ഡല്‍ഹിയിലുമുള്ള നിര്‍മാതാക്കളില്‍ നിന്ന് സില്‍വര്‍ ലുക്കിലുള്ള ആന്റിക് ആഭരണങ്ങള്‍ വാങ്ങിയാണ് 'ദക്ഷാസ്' വഴി വില്‍ക്കുന്നത്. യഥാര്‍ത്ഥ അഫ്ഗാന്‍ ജൂവലറികളും 'ദക്ഷാസി'ലുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഇത്തരം ആഭരണങ്ങള്‍ക്ക് പ്രചാരമുള്ളത്.

Content Highlights: Latest Fashion Trends