വാഡ്രോബില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വസ്ത്രം ഏതാണെന്ന് ചോദിച്ചാല്‍ ഇതിന്റെ ഉത്തരം ഒന്നേയുള്ളൂ ജീന്‍സ്. ഫാഷന്‍ ട്രെന്‍ഡുകള്‍ എത്രയൊക്കെ മാറിമറിഞ്ഞാലും നിത്യഹരിത ഫാഷനായി എന്നും ടോപ്‌ടെന്നില്‍ സ്ഥാനമുറപ്പിക്കുന്ന സ്റ്റൈലിഷ് വസ്ത്രം. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ജീന്‍സില്‍ ഡിസൈനേഴ്‌സ് നടത്തുന്ന പരീക്ഷണങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ഫാഷന്‍ പ്രേമികള്‍. 

ലോസ് ആഞ്ചല്‍സില്‍ നിന്നുളള ഒരു ലക്ഷ്വറി ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്ന പുതിയ ജീന്‍സ് അതിനുള്ള ഉത്തമ ഉദാഹരണമാണ്. 'എക്‌സ്ട്രീം കട്ടൗട്ട് ജീന്‍സ്' എന്ന് അറിയപ്പെടുന്ന ഈ ജീന്‍സ് അക്ഷരാര്‍ത്ഥത്തില്‍ വിശേഷണത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ജീന്‍സിന്റെ ഔട്ട്‌ലൈനില്‍ നിര്‍മിച്ച സുതാര്യ വസ്ത്രം. കുറ്റം പറയരുതല്ലോ സുതാര്യമാണെങ്കിലും പോക്കറ്റ് നല്‍കാന്‍ ഡിസൈനര്‍ മറന്നിട്ടില്ല. 

168 ഡോളറാണ്  ജീന്‍സിന്റെ വില. 'നഗ്നരാകാന്‍ ധൈര്യമുള്ളവര്‍ക്കായി' എന്ന ടാഗ് ലൈനോടെയാണ് കമ്പനി പുതിയ ഉല്പന്നത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജീന്‍സ് ധരിച്ചു നില്‍ക്കുന്ന മോഡലിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ ബ്രാന്‍ഡിന്റെ ഒൗദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുതാര്യമായ ഇത്തരമൊരു ഉല്പന്നത്തെ വസ്ത്രമെന്ന പേരില്‍ എന്തിന് വില്‍ക്കുന്നുവെന്നും പേരിനുപോലും തുണിയില്ലാത്ത ഈ ഉല്പന്നത്തിന് ഇത്രയധികം വിലയീടാക്കുന്നത് എന്തിനാണെന്നുമാണ് പലരും ആരായുന്നത്. 

'ഭാഗ്യം ജീന്‍സില്‍ ബട്ടണും സിബും ഉണ്ടല്ലോ ഇല്ലെങ്കില്‍ മോഡല്‍ ഓവര്‍ എക്‌സ്‌പോസ്ഡ് ആയിപ്പോയേനെ', 'എയര്‍പോര്‍ട്ട് ചെക്കിങ് എല്ലാം ഇനി കൂടുതല്‍ എളുപ്പമാകും'തുടങ്ങി പരിഹാസശരങ്ങളേറ്റുവാങ്ങുകയാണ് സുതാര്യ ജീന്‍സ്. ഫാഷനെന്ന പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. 

ഫാഷന്‍ നോവ എന്ന ബ്രാന്‍ഡ് ഇതിന് മുമ്പായി ചരടുകള്‍ കൊണ്ട് നിര്‍മിച്ച ഒരു പാന്റ്‌സ് പുറത്തിറങ്ങിയിരുന്നു. തോങ് ജീന്‍സ് എന്ന് പേരില്‍ റാമ്പില്‍ അവതരിപ്പിക്കപ്പെട്ട സുതാര്യമായ ജീന്‍സ് കഴിഞ്ഞ വര്‍ഷം നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. 

Jeans

Jean