നീല സാപ്പിയറും ഡയമണ്ടും പതിച്ച വിവാഹനിശ്ചയ മോതിരം, വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ് കൈമാറി കിട്ടിയത്... ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹനിശ്ചയ മോതിരമായി ആഭരണപ്രേമികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഈ മോതിരത്തെയാണ്. വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയില്‍ നിന്ന് കൈമാറി കിട്ടിയതാണ് ഈ മോതിരം. 

2000 പേര്‍ പങ്കെടുത്ത ഒരു സര്‍വേയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. മേഗന്‍ മര്‍ക്കലിന്റെ വിവാഹനിശ്ചയ മോതിരമാണ് രണ്ടാം സ്ഥാനത്ത്. 12 കാരറ്റ് സാപിയര്‍ കല്ലിന് ചുറ്റും 14 ഡയമണ്ടുകള്‍ പതിച്ചതാണ്‌ കേറ്റിന്റെ മോതിരം. വൈറ്റ്‌ഗോള്‍ഡാണ്‌ മോതിരത്തിന്റെ ബാന്‍ഡ്.

സര്‍വേയില്‍ പങ്കെടുത്ത പതിനെട്ട് ശതമാനം ആളുകള്‍ മേഗന്‍ മര്‍ക്കലിന്റെ വിവാഹമോതിരത്തെയാണ് തിരഞ്ഞെടുത്തത്. ഭര്‍ത്താവായ ഹാരി രാജകുമാരന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് നല്‍കിയതാണ് ഇത്. ബോസ്വാനയില്‍ നിന്ന് കൊണ്ടുവന്ന ഒരു രത്‌നത്തോടൊപ്പം മേഗന്റെ സ്വന്തം ശേഖരത്തിലെ രണ്ട് രത്‌നങ്ങള്‍ കൂടി ചേര്‍ത്ത് വച്ചതാണ് ഈ മോതിരം. 

ഗായികയായ മിലി സൈറസിന്റെ ഡയമണ്ട് സോളിറ്റയര്‍ റിങാണ് മൂന്നാം സ്ഥാനത്ത്. ഹെയ്‌ലി ബീവറിന്റെ ഓവല്‍ ഡയമണ്ട് റിങ് നാലാമതും ബിയോണ്‍സിന്റെ പതിനെട്ട് കാരറ്റ് എമറാള്‍ഡ് കട്ട് ഡയമണ്ട് റിങ് അഞ്ചാമതും സ്ഥാനങ്ങള്‍ നേടി. നാച്വറല്‍ ഡയമണ്ട് കമ്മീഷനാണ് ഈ സര്‍വേ സംഘടിപ്പിച്ചത്.

Content Highlights: Kate Middleton’s engagement ring voted world’s most popular