മ്മയുടെ ജിമിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ടുപോയ കഥ നാട്ടില്‍ പാട്ടാണ്. പക്ഷേ, ജിമിക്കിക്കമ്മലുകളോട് പെണ്‍മണികള്‍ക്കുള്ള പ്രണയം കട്ടെടുക്കാന്‍ ആര്‍ക്കു കഴിയും? പെണ്‍മയോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലാത്ത ഏതു പെണ്ണിന്റെയും ആഭരണപ്പെട്ടിയില്‍ ഒരു സെറ്റ് ജിമിക്കിയെങ്കിലും കാണാതിരിക്കില്ല. ഇഷ്ടത്തോടെ അണിഞ്ഞാല്‍ ആ പൊന്‍മുത്തുകള്‍ കാതില്‍ കിന്നാരം ചൊല്ലാതിരിക്കില്ല.

ജിമിക്കി സ്വര്‍ണത്തില്‍ തന്നെ വേണമെന്ന് ഇന്നാര്‍ക്കും നിര്‍ബന്ധമില്ല. വൃത്താകൃതിയില്‍ തന്നെ ആകണമെന്നുമില്ല. പല വലിപ്പത്തില്‍, പല രൂപത്തില്‍, പല ലെയറുകളിലുണ്ട് ജിമിക്കികള്‍. 'ഏതിട്ടാലും സുന്ദരിയാക്കും' എന്ന ഗ്യാരന്റിയുള്ള ചന്തവും തിളക്കവും എല്ലാ ജിമിക്കികള്‍ക്കുമുണ്ട്.

സ്വര്‍ണവിരോധികളായ ക്യാമ്പസ് കുരുന്നുകള്‍ക്കും സ്വര്‍ണമെന്നു കേട്ടാല്‍ 'അയ്യേ' എന്നു നെറ്റിചുളിക്കുന്നവര്‍ക്കുന്നവര്‍ക്കായി ജിമിക്കിക്കമ്മലുകളുടെ കാക്കത്തൊള്ളായിരം വെറൈറ്റികളാണ് ഫാന്‍സി സ്റ്റോറുകളില്‍.

jimikki

എറണാകുളത്തെ കോണ്‍വന്റ് ജംഗ്ഷനിലെ ഗുഡ്‌വില്‍ കളക്ഷനില്‍ ചെന്നാല്‍ കാണാം, 6000 രൂപ വരെ വിലയുള്ള ജിമിക്കികള്‍. ഹുക്കുള്ളതും സ്റ്റഡുള്ളതുമായ വിവിധതരം ജിമിക്കികള്‍. കുടജിമിക്കികള്‍, ലെയര്‍ ജിമിക്കികള്‍, കോണിക്കല്‍ ഷേപ്പിലുള്ളവ, കുടയ്ക്കുള്ളില്‍ പേള്‍ ഹാങ്ങിംഗ് ഉള്ളവ, പീക്കോക്ക് ലക്ഷ്മി സ്‌റ്റൈല്‍ സ്റ്റഡ് ഉള്ളവ... ഇതെല്ലാംകൂടി കണ്ട് 'ഏതു വാങ്ങണം' എന്ന് അന്തം വിടുന്ന സമയത്ത് 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ, എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് പാടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളു. 
 
മാറ്റ് ഫിനിഷ് ജിമിക്കികളാണ് ലേറ്റസ്റ്റ് ട്രന്‍ഡ്. പക്കാ ട്രഡീഷണല്‍ ആകണമെങ്കില്‍ ടെമ്പിള്‍ ഡിസൈന്‍ ജിമിക്കിയണിയാം. ഡ്രസിനിണങ്ങുന്ന പാലയ്ക്ക മോഡല്‍ ഇനാമല്‍ വര്‍ക്കുള്ള ജിമിക്കികള്‍ വേണമെങ്കില്‍ 1000 രൂപയോളമാകും. നൂറുരൂപ വരെയേ ബജറ്റുള്ളുവെങ്കില്‍ റിംഗ് വിത്ത് ജിമിക്കി വാങ്ങാം. ബ്ലാക്ക് മെറ്റല്‍ ജിമിക്കികള്‍ രണ്ടു ഷെയ്ഡുകളിലുണ്ട്. കനം കുറഞ്ഞ ജിമിക്കികളാണ് വേണ്ടതെങ്കില്‍ ഇനാമല്‍ വര്‍ക്കുള്ള വെയ്റ്റ്‌ലെസ് ജിമിക്കികള്‍ വാങ്ങാം.   

jimmiki

ഫാന്‍സി ജിമിക്കികളില്‍ ആന്റിക് കളക്ഷന് 2500 മുതല്‍ 3500 രൂപ വരെ വിലയുണ്ട്. ചെട്ടിനാട് സ്റ്റെലിലുള്ള ജിമിക്കിക്കമ്മലുകളും ഇക്കൂട്ടത്തിലുണ്ട്. വൈറ്റ് ഗോള്‍ഡ് ഫിനിഷുള്ളവ, സെമി പ്രെഷ്യസ് സ്റ്റോണ്‍സ് പതിച്ചവ, അമേരിക്കന്‍ ഡയമണ്ട് എന്നറിയപ്പെടുന്ന സിര്‍ക്കോണ്‍ സ്‌റ്റോണ്‍ പതിച്ചവ, അണ്‍കട്ട് ഡയമണ്ട്... അങ്ങനെ നീളുന്നു ജിമിക്കിക്കമ്മലുകളുടെ പല ടൈപ്പുകള്‍. വലിപ്പവും സ്റ്റോണ്‍സും കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. 2000 രൂപ മുതല്‍ 3000 രൂപ വരെ വിലയുള്ള ജിമിക്കികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 

സ്വര്‍ണജിമിക്കി എന്നും താരം

Jimikki

പെണ്‍കുട്ടികള്‍ ട്രഡീഷണല്‍ വെയറുകള്‍ അണിയുന്ന ഓണക്കാലത്തും മറ്റുമാണ് ഫാന്‍സി സ്റ്റോറുകളില്‍ നിന്ന് ജിമിക്കികള്‍ അധികം വിറ്റുപോകാറ്. പക്ഷേ സ്വര്‍ണക്കടകളില്‍ ജിമിക്കി എന്നും താരമാണ്. 

'ജിമിക്കികള്‍ എന്നും ട്രെന്‍ഡിയാണ്, ഏതു സമയത്തും ജിമിക്കികള്‍ക്ക് നല്ല മൂവ്‌മെന്റ് ഉണ്ട്.' എറണാകുളം എംജി റോഡിലെ ഭീമ ജ്വല്ലറിയിലെ സെയില്‍സ് വിഭാഗത്തിലുള്ളവര്‍ പറയുന്നു. കുടജിമിക്കികള്‍ക്കു പുറമേ പിരമിഡ്, സ്‌ക്വയര്‍ ഷേയ്പ്പിലും ലെയറുള്ളതും കുടയ്ക്കുള്ളില്‍ പേള്‍ ഹാങ്ങിങ് ഉള്ളതും ഒക്കെയായി ആകൃതി പലതുണ്ടെങ്കിലും റൗണ്ട് ജിമിക്കികളാണ് കൂടുതല്‍ പോപ്പുലര്‍. കേരള ഡിസൈനുകളേക്കാള്‍ കല്‍ക്കട്ട, ബംഗാളി സ്‌റ്റൈലുകളിലെ ജിമിക്കികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.

Deepika

സ്വര്‍ണത്തിലും അല്‍പം വെറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ആന്റിക് ഡിസൈനുകളോട് പ്രിയം കൂടുതലുണ്ട്. അതില്‍ത്തന്നെ ചെട്ടിനാട് ഡിസൈന്‍, കുറച്ചുകൂടി ഹെവിയായ കുന്ദന്‍വര്‍ക്ക് ഡിസൈന്‍, റൂബിയും കെംപും പോലുള്ള സ്‌റ്റോണ്‍സ് പതിച്ചത്, പേള്‍ ഹാങ്ങിംഗ് ഉള്ളത്, റൂബി എമറാള്‍ഡ് ഹാങ്ങിംഗുള്ളത്, മിനാ വര്‍ക്ക് എന്നു വിളിക്കുന്ന ഇനാമല്‍ വര്‍ക്കോടു കൂടിയത്, ഹാന്‍ഡ് വര്‍ക്ക് ചെയ്ത കുന്ദന്‍ രാജ്‌കോട്ട് മിക്‌സിംഗ്, നഗാസ് ഹാന്‍ഡ് വര്‍ക്ക്, ഗേരു ഫിനിഷ്, ഓക്‌സിഡൈസ്ഡ് ഫിനിഷ്, ടെമ്പിള്‍ ഡിസൈന്‍... ആന്റിക്ക് ജിമിക്കികളിലെ ഡിസൈന്‍ വൈവിധ്യങ്ങള്‍ ഇനിയും നീളും. 40 60% വരെ ആന്റിക് കളക്ഷന്‍ ജിമിക്കികള്‍ വിറ്റുപോകുന്നുണ്ട്. 

വാട്‌സ് ആപ്പില്‍ 'അച്ഛനെ കുറ്റം പറയാനാകില്ല. ഇതാണാ കമ്മല്‍. സംഭവം ഉരുപ്പടിയാ' എന്നൊരു അടിക്കുറിപ്പോടെ ഒരു എമണ്ടന്‍ ജിമിക്കി ഇപ്പോള്‍ കറങ്ങുന്നില്ലേ? തൂക്കത്തിലും ഭംഗിയിലും അതിനെ വെല്ലുന്ന ജിമിക്കികള്‍ സ്വര്‍ണക്കടകളിലുണ്ട്. ഭീമയിലെ ആന്റിക് വിഭാഗത്തില്‍ ഒരു പവന്‍ മുതല്‍ 15 പവന്‍ വരെ തൂക്കമുള്ള ജിമിക്കികളുണ്ട്; മറ്റു ഡിസൈനുകളുടെ വിഭാഗത്തില്‍ അരപ്പവന്‍ മുതല്‍ അഞ്ച് പവന്‍ വരെയുള്ള ജിമിക്കികളാണുള്ളത്. രണ്ടു പവന്‍ വരെയുള്ള ജിമിക്കികള്‍ക്കും ലൈറ്റ് വെയ്റ്റില്‍ പൊലിമയുള്ള ജിമിക്കികള്‍ക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍. 
    
തോടയില്‍ നിന്ന് ജിമിക്കിയിലേക്ക്

anushka

അമ്മയുടെ ജിമിക്കി കമ്മലിനും 'ജിമിക്കി ജിമിക്കി ജാനകി'ക്കും വളരെ മുമ്പ്, ജിമിക്കിക്കമ്മലുകള്‍ കര്‍ണാഭരണങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്രേത ജിമിക്കികളുടെ ചരിത്രത്തിന്. ആദ്യത്തെ കമ്മല്‍ തോടയാണെന്നും തോടയ്‌ക്കൊരു ഞാത്തുമായി രൂപപരിണാമം വരുത്തിയാണ് ആദ്യത്തെ ജിമിക്കിക്കമ്മല്‍ എന്നും കരുതപ്പെടുന്നു. നെല്ല് മോഡല്‍ ആയിരുന്നു നമ്മുടെ ആദ്യത്തെ ജിമിക്കികള്‍. ഇപ്പോള്‍ ഭരതനാട്യം, കഥകളി മോഡലുകള്‍ പോലും ജിമിക്കികളിലുണ്ട്.

'ഇതില്‍ ഏതുതരം ജിമിക്കിയാണ് എന്റെ മുഖത്തിന് ഇണങ്ങുക' എന്ന സംശയമുണ്ടോ? ചെറിയ മുഖത്തിനും ഓവല്‍ ഷേപ്പ് ഉള്ള മുഖത്തിനും കുടജിമിക്കികളും ഡ്രോപ്‌സുള്ളവയും നന്നായി ഇണങ്ങും. വട്ടമുഖമുള്ളവര്‍ക്കും വലിയ മുഖമുള്ളവര്‍ക്കും നീളമുള്ള ജിമിക്കികളാകും കൂടുതല്‍ ഇണങ്ങുക. സ്‌റ്റേറ്റ്‌മെന്റ് മെയ്ക്കിംഗ് ജിമിക്കികള്‍ അണിയുമ്പോള്‍ ഹെയര്‍സ്‌റ്റൈല്‍ അതിനെ കോംപ്ലിമെന്റ് ചെയ്യുന്നതായിരിക്കണം. അതുപോലെ, അണിയുന്ന ആഭരണങ്ങളും ഡ്രസും, ഒന്നു മറ്റൊന്നിന്റെ അഴക് കൂട്ടും വിധം യോജിച്ചതാകണം. ഇഷ്ടത്തോടെ ജിമിക്കി അണിയൂ; ജിമിക്കിയിലെ മണിമുത്തുകള്‍ കാതില്‍ പറയട്ടെ, യൂ ആര്‍ സ്‌റ്റൈലിഷ്!!!