ന്റമ്മേടെ ജിമുക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി', എന്ന പാട്ടു കാതുകളിലെങ്ങും കിലുങ്ങുകയാണ്. എന്നാല്‍ ഈ പാട്ടോടെ പ്രസിദ്ധിയാര്‍ജിച്ചത് ആ രംഗത്ത് അഭിനയിച്ച താരങ്ങളും പുതുമയേറിയ നൃത്തച്ചുവടുകളുമായി യൂട്യൂബില്‍ നിറഞ്ഞവരും മാത്രമല്ല 'ജിമുക്കി കമ്മല്‍' എന്ന സ്ത്രീകളുടെ ഒഴിച്ചുകൂടാനാവാത്ത ആഭരണം കൂടിയാണ്. മറന്നു കിടന്നിരുന്ന അല്ലെങ്കില്‍ വല്ലപ്പോഴും വിശേഷാവസരങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ ഇനം എത്ര പെട്ടെന്നാണ് പോപ്പുലര്‍ ആയത്. 

മനുഷ്യന്റെ ഏറ്റവും വികാരപരമായ അനുബന്ധവസ്തു എന്ന് വേണമെങ്കില്‍ ആഭരണങ്ങളെക്കുറിച്ചു പറയാം. ഇതുവഴി വികാരങ്ങളുടെ ആശയവിനിമയം നടത്താം, ആളുകളെ തമ്മില്‍ അടുപ്പിക്കാം, കുടുംബമഹിമയും പാരമ്പര്യവും കൈമാറാം എന്നുവേണ്ട തനതായ ശൈലിയും ജീവിതത്തോടുള്ള മനോഭാവവും പ്രതിഫലിപ്പിക്കുക വരെ ചെയ്യാം. മിക്ക സ്ത്രീകളുടെയും കൈയില്‍ കമ്മലുകളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടാകും. അതിലെ പ്രധാനി പരമ്പരാഗതമായ ജിമുക്കി കമ്മല്‍ ആണെന്ന് പറയുന്നതില്‍ തെറ്റില്ല. 

സ്വര്‍ണം കൊണ്ടുള്ള ജിമുക്കികളാണ് സാധാരണ വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. കുട്ടിക്കാലത്ത് ചെറിയൊരു ജിമുക്കി കമ്മല്‍ സ്വന്തമായി ഉണ്ടാകാത്തവര്‍ വിരളമായിരിക്കും. 'ബെല്‍' അല്ലെങ്കില്‍ തൃശ്ശൂര്‍ പൂരത്തില്‍ കാണുന്ന മനോഹരമായ കുടയുടെ ആകൃതിയാണ് ഈ കമ്മലുകള്‍ക്ക്. ഇതില്‍ ആഡംബരത്തിനായി വിവിധയിനം അലങ്കാരമണികള്‍ തൂക്കിയിട്ടുണ്ടാകും. ഓരോ കമ്മലിന്റെയും വ്യത്യസ്തമായ നാദമാണ് ഇവയെ എല്ലാവരുടെയും പ്രിയങ്കരമായ ആഭരണം ആക്കുന്നത്. 'ഇന്ത്യന്‍ ഷാന്‍ഡ് ലിയര്‍ ഇയര്‍ റിങ്‌സ്' എന്ന ഓമനപ്പേരും ഈ കമ്മലുകള്‍ക്കുണ്ട്. 

തമിഴ്‌നാട്ടിലും കേരളക്കരയിലുമായി ഒതുങ്ങി നിന്നിരുന്ന ഈ വ്യത്യസ്തമായ കമ്മല്‍ ബോളിവുഡ് താരങ്ങള്‍ക്കിടയിലും പ്രിയപ്പെട്ടതായിരിക്കുന്നു. സോനം കപൂര്‍, കങ്കണ റണൗട്ട്, കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങി വിദ്യാ ബാലന്‍ വരെ ജിമുക്കി ഫാന്‍സ് ആയിരിക്കുകയാണ്. ടെംപിള്‍ ഭരതനാട്യം ജൂവലറിയില്‍ നിന്ന് ഉത്ഭവിച്ച ജിമുക്കികള്‍ പല വലിപ്പത്തിലും തൂക്കത്തിലും ലഭ്യമാണ്. പാര്‍ട്ടികള്‍ക്ക് ധരിക്കാന്‍ പാകത്തിന് വലിപ്പമുള്ളതു മുതല്‍ എല്ലാ ദിവസവും ധരിക്കുവാന്‍ പാകത്തിന് കനം കുറഞ്ഞ ഇനം വരെ സ്വര്‍ണക്കടകളില്‍ യഥേഷ്ടം ലഭിക്കും. ഈ വ്യത്യസ്ത ഇനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

Alia Bhatt

സാധാരണ സ്വര്‍ണം കൊണ്ടോ അല്ലെങ്കില്‍ സ്വര്‍ണം പൂശിയ ജിമുക്കികളോ ആണ് കണ്ടുവന്നിരുന്നത്. അതില്‍ പച്ച, ചുമപ്പ് കല്ലുകള്‍ അല്ലെങ്കില്‍ മുത്തുകള്‍ പിടിപ്പിച്ച ഇനങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴാണെങ്കില്‍ വിവിധയിനം ലോഹങ്ങളിലും ഡിസൈനുകളിലും ഇവ വാങ്ങിക്കാന്‍ കിട്ടും. സെമി പ്രഷ്യസ് സ്റ്റോണ്‍സ്, ഓക്‌സിഡൈസ്ഡ് മെറ്റല്‍, ബ്ലാക്ക് മെറ്റല്‍, വൈറ്റ് മെറ്റല്‍, സില്‍വര്‍, ഗോള്‍ഡ്, ആന്റിക് ഗോള്‍ഡ്, ടെറാക്കോട്ട തുടങ്ങി ഡയമണ്ട് കൊണ്ട് വരെയുള്ള ജിമുക്കികളുണ്ട്. ഇന്ത്യന്‍ എത്‌നിക് വസ്ത്രങ്ങളായ സാരി, സല്‍വാര്‍, അനാര്‍ക്കലി മുതലായവയ്ക്കാണ് ജിമുക്കികള്‍ നന്നായി ചേരുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കല്ലുകള്‍ പതിപ്പിച്ച തൂക്കമുള്ള സ്റ്റേറ്റ്‌മെന്റ് ഇയര്‍ റിങ്‌സ് വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്ക് കുറച്ചു കൂടി ചേരും. കൗമാരക്കാര്‍ക്കും ഏറെ പ്രിയങ്കരമാണ് ഈ ട്രെന്‍ഡി കമ്മലുകള്‍. 

ഡിസൈനര്‍മാര്‍ അവരുടെ തനതായ ശൈലിയില്‍ രൂപകല്പന ചെയ്ത ജിമുക്കി കമ്മലുകള്‍ക്ക് ചാരുതയും അനശ്വരതയും ഉണ്ടായിരിക്കും. മീനാകാരിയും കുന്ദന്‍ വര്‍ക്കും കൂടിച്ചേര്‍ന്ന പ്രത്യേകമായ ഡിസൈനര്‍ പീസുകള്‍ക്ക് സ്‌റ്റൈലും ഭംഗിയും ഏറെയായിരിക്കും. പല തട്ടുകളായുള്ള നവരത്‌നങ്ങള്‍ പതിച്ച ജിമുക്കികള്‍ എല്ലാ ഇന്ത്യന്‍ വസ്ത്രങ്ങളുടെയും കൂടെ ചേരും. പൂക്കളുടെ ഡിസൈനോ ടെംപിള്‍ ഡിസൈനോ ആണ് 

തരത്തിലുള്ള ജിമുക്കികളില്‍ ഉണ്ടാകാറുള്ളത്. ചേരുന്ന ഒരു ചോക്കര്‍ നെക്‌ലേസ് കൂടി ധരിച്ചാല്‍ ഏതു പാര്‍ട്ടിയിലും വെട്ടിത്തിളങ്ങാം. സില്‍വര്‍ ഓക്‌സൈഡ് ജിമുക്കികളെ ഗുജറാത്തി സ്‌റ്റൈല്‍ ജിമുക്കികള്‍ എന്നാണ് പറയുന്നത്. സിനിമകളില്‍ ഗാഗ്ര ചോളിയുടെ കൂടെ അസാമാന്യ വലിപ്പമുള്ള ഈ ഇനം ജിമുക്കികള്‍ ധരിച്ചു സ്ത്രീകളെ കാണാറുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ 'ഗോലിയോം കി രാസലീല രാംലീല' എന്ന സിനിമയില്‍ ദീപിക പദുകോണ്‍ സില്‍വര്‍ ഓക്‌സൈഡ് ജിമുക്കികളും മറ്റു ആഭരണങ്ങളുമാണ് ഉടനീളം ധരിച്ചിരിക്കുന്നത്. 

അല്പം കൂടി മോഡേണ്‍ ആകാം എന്നാല്‍ ട്രഡീഷണല്‍ ടച്ച് വിടുകയും വേണ്ട എന്നുള്ളവര്‍ക്കുള്ളതാണ് ഡയമണ്ട് ജിമുക്കികള്‍. അധികം വലുപ്പം ആവശ്യമില്ലാത്ത ഇവ ഡിസൈനര്‍ വസ്ത്രങ്ങളുടെ കൂടെ നന്നായി ചേരും. മറ്റു ലോഹങ്ങള്‍ മൂലം അലര്‍ജി ഉണ്ടാകുന്നര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയതാണ് ടെറാക്കോട്ട കൊണ്ടുണ്ടാക്കിയ ജിമുക്കികള്‍. പ്രകൃതിദത്തമായ ക്ലേ ഉപയോഗിച്ചുണ്ടാക്കുന്ന ഈ കമ്മലുകള്‍ പ്രകൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് പക്ഷികള്‍, മൃഗങ്ങള്‍, പൂക്കള്‍ മുതലായവയുടെ ഡിസൈനുകളില്‍ ലഭ്യമാണ്. 

ഇപ്പോള്‍ പ്രസിദ്ധിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന മറ്റൊരിനമാണ് കാശ്മീരി ജിമുക്കികള്‍. എല്ലാത്തരത്തിലുമുള്ള എത്‌നിക് വസ്ത്രങ്ങള്‍ക്കും ചേരുന്ന ഇവയുടെ അറ്റത്ത് നീളത്തിലുള്ള മുത്തിന്റെ ചെയിന്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇവ ചെവിയുടെ പുറകിലേക്ക് തൂക്കിയിടുകയേ വേണ്ടു. വളരെ ട്രെന്‍ഡിയായിട്ടുള്ള മറ്റൊരിനമാണ് ഹൂപ്‌സ് ജിമുക്കികള്‍. രണ്ടു തരത്തിലുള്ള കമ്മലുകളുടെ കൂടിച്ചേരല്‍ എന്ന് വേണമെങ്കില്‍ ഇവയെ പറയാം. സല്‍വാര്‍ സ്യൂട്ടുകളുടെയും സാരികളുടെയും കൂടെ ഒരേ പോലെ ചേരുന്ന ഇവ കോളേജുകളിലും ജോലിക്കു പോകുമ്പോഴും ധരിക്കാന്‍ പറ്റിയതാണ്. 

ഓണം സാരി പോലുള്ള ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്ക് പറ്റിയതാണ് പേള്‍ കൊണ്ടുള്ള ജിമുക്കികള്‍. എല്ലാവരുടെയും കമ്മല്‍ കളക്ഷനില്‍ പേള്‍ കൊണ്ടുള്ള ഒരു സെറ്റ് എങ്കിലും ഉണ്ടാകണം. എന്നെന്നും നിലനില്‍ക്കുന്ന ഒരു ക്ലാസിക് സ്‌റ്റൈല്‍ ആണ് പേള്‍ ജിമുക്കികള്‍ക്കുള്ളത്. 
ഇയര്‍കഫ്‌സ് ജിമുക്കികള്‍ കാത് നിറയെ കമ്മല്‍ വേണമെന്നുള്ളവര്‍ക്കാണ്. വളരെ പോപ്പുലര്‍ ആയ ഈ സ്‌റ്റൈല്‍ വ്യത്യസ്തങ്ങളായ ഡിസൈനുകളില്‍ ലഭ്യമാണ്. മയിലിന്റെ ഡിസൈനാണ് എല്ലാവര്‍ക്കും പ്രിയങ്കരം. 

കമ്മലുകളുടെ ആ തികഞ്ഞ സെറ്റ് ഏതു വസ്ത്രത്തിനും ഒരു 'ഫിനിഷിങ് ടച്ച്' നല്‍കും. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടണം എന്നുണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന കമ്മലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തണം. മുഖത്തിന്റെ ആകൃതി ഏതുമായിക്കോട്ടെ യാതൊരു സംശയവും കൂടാതെ തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരിനമാണ് ജിമുക്കി കമ്മലുകള്‍. ഏതൊരു സ്ത്രീയുടെയും ആഭരണ ശേഖരത്തില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരു ഐറ്റം ആണിത്.


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനി