ബാഗുകളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവരുണ്ട്. ചിലർ വിലയേക്കാൾ കാഴ്ച്ചയിലെ ഭംഗിക്കാണ് മുൻഗണന കൊടുക്കുന്നതെങ്കിൽ ചിലർക്ക് വില എത്രയായാലും ഗുണമാണ് മുഖ്യം. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ബാഗിന്റെ വിശേഷമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാൻഡ്.
ഒന്നും രണ്ടുമല്ല 53 കോടിയാണ് ബാഗിന്റെ വില. ഒരു ബാഗിനെങ്ങിനെ ഇത്ര വില വരും എന്നു ചിന്തിക്കുന്നവരുണ്ടാവും. വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകളാണ് ബാഗിന്റെ വിലയ്ക്കു പിന്നിൽ. പ്രശസ്ത ബ്രാൻഡായ ബോറിനി മിലാനെസി ആണ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഈ ബാഗ് നിർമിച്ചിരിക്കുന്നത്. 1000 ത്തോളം മണിക്കൂറുകളെടുത്താണ് ബാഗിന്റെ നിർമാണം പൂർത്തിയാക്കിയത്.
ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിർമിച്ചിരിക്കുനന്ത്. ബാഗിന്റെ മോടി കൂട്ടാനായി വൈറ്റ് ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും ഡിസൈൻ ചെയ്തിരിക്കുന്ന് കാണാം. അവയിൽ നാല് ചിത്രശലഭങ്ങളിൽ വജ്രക്കല്ലുകളും മൂന്നെണ്ണത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാഗിലുള്ളത്.
കൃത്രിമ നിർമിത വസ്തുക്കൾക്ക് പകരം മൃഗത്തോൽ, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാഗിന്റെ ഉൾഭാഗം നിർമിച്ചിരിക്കുന്നത്. വാങ്ങുന്നയാൾക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാഗ് ലഭിക്കുക.
ഇനി നീലനിറത്തിൽ സുന്ദരമാർന്ന ഈ ബാഗിനു പിന്നിൽ മറ്റൊരു ആശയം കൂടിയുണ്ട്. കടൽക്കാഴ്ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. നീലക്കല്ലുകൾ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈർമല്യത്തെയും സൂചിപ്പിക്കുന്നു.
Content Highlights: Italian brand launches handbag set with diamonds and rare gems