വടകര: പ്രതിസന്ധികളുടെ കാലത്ത് പ്രതീക്ഷയുടെ കൈത്തിരിവെട്ടം തീര്‍ക്കുകയാണ് കുഞ്ഞിപ്പള്ളിയിലെ കേരള ഹാന്‍ഡ്ലൂം നെയ്ത്തുസംഘം. കൈത്തറി കൊണ്ടുള്ള ചുരിദാര്‍ ടോപ്പുകള്‍ പുറത്തിറക്കിയാണ് സംഘം പുതുവഴി തുറക്കുന്നത്. അതും പ്രൊഫഷണല്‍ ഡിസൈനര്‍ രൂപകല്പന ചെയ്ത ചുരിദാറുകള്‍. 10 ഡിസൈനിലുള്ള ചുരിദാറുകളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘം ഷോറൂമില്‍ ആരംഭിച്ചു. കോവിഡ്കാലമായതിനാല്‍ ഓണം എക്സിബിഷന്‍ ഉള്‍പ്പെടെയുള്ളവ അനിശ്ചിതത്വത്തിലാണെങ്കില്‍ പുതിയ ഉത്പന്നം തുണയാകുമെന്ന വിശ്വാസത്തിലാണ് സംഘം പ്രവര്‍ത്തകര്‍.

ഡിസൈനറുടെ വിളിവന്നത് മാതൃഭൂമി വാര്‍ത്തയെത്തുടര്‍ന്ന്

ഇന്ത്യയിലെ ഏറ്റവും മികച്ച കൈത്തറിസംഘത്തിനുള്ള പുരസ്‌കാരം 1995-ല്‍ കിട്ടിയ സംഘമാണ് കേരള ഹാന്‍ഡ്ലൂംസ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകാലത്ത് സംഘം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ചുരിദാര്‍ നിര്‍മാണത്തിലേക്ക് വഴിതുറന്നത്. വാര്‍ത്ത കണ്ട് പ്രമുഖ ഫാഷന്‍ ഡിസൈനറും മുന്‍ റെയ്മണ്ട്സ് ഡിസൈനറുമായ മീര സംഘത്തിലേക്ക് വിളിച്ചു. പ്രതിസന്ധി മറികടക്കാന്‍ തന്നാല്‍കഴിയുന്ന സഹായംചെയ്യാമെന്ന് വാഗ്ദാനംനല്‍കി.

അങ്ങനെയാണ് ചുരിദാര്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. 10 ഡിസൈനുകള്‍ മീരസംഘത്തിന് നല്‍കി. ഇതുപ്രകാരം ആദ്യഘട്ടത്തില്‍ 100 ചുരിദാറുകളാണ് തയ്ച്ചത്. പൂര്‍ണമായും സംഘത്തില്‍ നെയ്ത തുണികള്‍കൊണ്ടുമാത്രമാണ് ചുരിദാര്‍ തയ്ക്കുന്നത്.

വില്‍പ്പന തുടങ്ങിയപ്പോള്‍ത്തന്നെ മികച്ച പ്രതികരണമാണ് കിട്ടുന്നതെന്ന് സംഘം പ്രസിഡന്റ് സി.വി. ഗോവിന്ദന്‍ പറഞ്ഞു. വിപണി പിടിച്ചാല്‍ ആവശ്യത്തിനനുസരിച്ച് ഉത്പാദനം നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണത്തെ ഓണംവിപണിയെ ബാധിക്കുമെന്ന ആശങ്ക സംഘത്തിനുണ്ട്. ഓണവിപണിയിലാണ് കൈത്തറിമേഖലയുടെ പ്രതീക്ഷ മുഴുവന്‍.

കോഴിക്കോട്ടെയും കണ്ണൂരിലെയും പ്രദര്‍ശനമാണ് ഇതില്‍ പ്രധാനം. ഇത്തവണ ഇതുണ്ടാകുമോ എന്ന് വ്യക്തമല്ലെന്ന് സംഘം സെക്രട്ടറി വിജു രാഘവന്‍ പറഞ്ഞു.

എന്തായാലും സംഘം ഷോറൂമില്‍ ഓണം റിബേറ്റോടെ പ്രദര്‍ശനമുണ്ടാകും. ഓണ്‍ലൈന്‍ വഴിയും പ്രചാരണം നല്‍കുന്നുണ്ട്.

Content Highlights: handloom churidar new trends and a success story of Kerala handloom team