Handbags

ഹാൻഡ് ബാഗുകൾ ഉപയോഗിക്കാത്തവർ വിരളമാണ്. പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഇനമാണിത്. എന്നാൽ എന്തെല്ലാം തരത്തിലുള്ള ബാഗുകൾ ലഭ്യമാണെന്ന് എത്ര പേർക്കറിയാം? വലിയ ബാഗുകളായ ടോട്സ്, ഹോബോ, ടോപ് ഹാൻഡിൽ, ക്രോസ്സ്‌ബോഡി, ബാക്ക്പാക്സ്  തുടങ്ങി ചെറിയ ഇനങ്ങളായ ക്ലച്ച്,  റിസ്റ്റ് ലെറ്റ്സ്, ഫാനി പാക്സ് തൊട്ട്‌ ആണുങ്ങൾ ഉപയോഗിക്കുന്ന വാലറ്റ്സ് വരെ ഇതിൽ പെടും.

ഒരു ബാഗിൽ എന്തിരിക്കുന്നു എന്ന് വിചാരിക്കുന്നുവെങ്കിൽ തെറ്റി. ഒരാണിന്റെ ഷൂസ് നോക്കിയാൽ അയാൾ എങ്ങനെയുള്ള ആളാണെന്നു പറയാൻ പറ്റുമെന്നാണ് പറയുന്നത്. ഇതേ പോലെ ഒരു പെണ്ണിനെക്കുറിച്ച് അറിയണമെങ്കിൽ അവർ എങ്ങനെയുള്ള ബാഗ് ആണ് ഉപയോഗിക്കുന്നതെന്ന് നോക്കിയാൽ മതിയത്രെ. ഇതിൽ കുറെയെങ്കിലും സത്യമുണ്ട്. അവർ ഒരു ട്രെൻഡ് സെറ്റർ ആണോ അതോ മറ്റുള്ളവരുടെ ഫാഷൻ പിന്തുടരുന്നവരാണോ, ക്ലാസ്സി ആണോ ഫാഷനിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണോ, ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം കൊണ്ട് നടക്കുന്നവരാണോ അതോ ട്രെയിൻ ടിക്കറ്റ് മുതൽ ഒരു കൊച്ചു പിച്ചാത്തി വരെ ബാഗിൽ സൂക്ഷിക്കുന്നവരാണോ.... ഇതെല്ലാം അറിയണമെങ്കിൽ ബാഗും അതിലെ ഉള്ളടക്കവും പരിശോധിച്ചാൽ മതി. 

ബാഗുകളുടെ വില അത് ഉണ്ടാക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ചാണ്. അതുകൊണ്ടാണ് ലെതർ ബാഗുകൾ മറ്റു ബാഗുകളെക്കാൾ വിലക്കൂടുതൽ ആയി കാണുന്നത്. ലെതർ തന്നെ പല തരത്തിലുണ്ട്. ഉദാഹരണത്തിന് കാഫ് ലെതർ (calf leather), ലാംപ് ലെതർ (lamb leather), സഫിയാനോ ലെതർ (saffiano leather) മുതലായവ. കൂടുതൽ ആഡംബരപൂർണവും എക്സോട്ടിക്കുമായവയാണ് ഓസ്ട്രിച് ലെതർ, ക്രോക്കഡൈൽ ലെതർ തുടങ്ങിയവ. ബാഗുകളുടെ ലോകത്തെ രാജാക്കന്മാരായ പല ബ്രാൻഡുകളും കൂടിയ തരം ലെതർ കൊണ്ട് ബാഗ് നിർമിക്കുന്നവരാണ്. ഹെർമെയ്‌സ് (Hermes), ഷെനെൽ (Chanel), ലൂയി വിട്ടോൺ (Louis Vuitton ), ഗുച്ചി (Gucci), പ്രാഡ (Prada), ഡയോർ (Dior), ബർബെറി (Burberry), വാലെന്റിനോ (Valentino), ഫെൻഡി (Fendi), സെലീൻ (Celine) എന്നിവ ഇവയിൽ ചിലതാണ്. 

അഞ്ഞൂറ് രൂപ മുതൽ ഒന്നേ മുക്കാൽ കോടി രൂപ വരെ വിലമതിക്കുന്ന ബാഗുകൾ ഇന്ന് വിപണിയിലുണ്ട്. ബാഗുകളിലെ ഈ വമ്പന്മാരെ  ഒന്ന് പരിചയപ്പെടാം. ഹിമാലയൻ ബിർക്കിൻ ബാഗാണ് ഒന്നേ മുക്കാൽ കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്. അൽബൈനോ ഇനത്തിൽ പെട്ട മുതലയുടെ തോൽ കൊണ്ടുണ്ടാക്കിയ ഈ ബാഗിൽ ഇരുന്നൂറ്റി നാൽപ്പതിൽപ്പരം വജ്രങ്ങളും സ്വർണവും പതിപ്പിച്ചിരുന്നു.

Kareena Kapoor

പ്രശസ്ത ഫുട്ബോളറായ ഡേവിഡ് ബെക്കാം ഭാര്യ വിക്ടോറിയ ബെക്കാമിന്  അറുപത്തിനാല് ലക്ഷത്തിന്റെ ഹിമാലയൻ ബിർക്കിൻ ബാഗ് ആയിരുന്നു സമ്മാനമായി നൽകിയിരുന്നത്. വിക്ടോറിയയുടെ പാത പിന്തുടർന്ന് കിം കർദാഷിയാനും ഒരു ഹിമാലയൻ ബിർക്കിൻ സ്വന്തമാക്കി. ഹോളിവുഡിലെ എ ലിസ്റ്റേഴ്സും ബോളിവുഡ് താരങ്ങളും ഒന്നടങ്കം സ്റ്റാറ്റസ് സിംബലായി കാണുന്ന ഒരു ബ്രാൻഡാണ് ഹെർമെയ്‌സ് ബിർക്കിൻ ബാഗുകൾ (Hermes Birkin).  ഈ ഇനത്തിൽപ്പെട്ട നൂറിൽ കൂടുതൽ ബാഗുകൾ തന്റെ ശേഖരത്തിലുള്ള വ്യക്തിയാണ് വിക്ടോറിയ ബെക്കാം. ഒരു ശൈലിയിലുള്ള ബാഗ് ഒന്നോ രണ്ടോ എണ്ണത്തിൽ കൂടുതൽ അല്ലാതെ ഹെർമെയ്‌സ് ഉണ്ടാക്കാറില്ല. മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ വരെ ഒരു ബാഗ് ഓർഡർ ചെയ്തു കാത്തിരിക്കേണ്ടി വരാറുണ്ട്. ഏറ്റവും കുറഞ്ഞ ബിർക്കിൻ ബാഗിന് പോലും അഞ്ചു ലക്ഷം രൂപ വരെ കൊടുക്കണം. പ്രശസ്ത ബോളിവുഡ് ചിത്രമായ ‘സിന്ദഗി ന മിലേങ്കി ദൊബാര’ യിൽ ഹെർമെയ്‌സിന്റെ ‘കെല്ലി’(Kelly) ബാഗും അതിന്റെ വിലയും പരാമർശിച്ചിട്ടുണ്ട്. 

ഡിസൈനർ ബാഗുകളുടെ കാര്യത്തിൽ ബോളിവുഡ് ഫാഷനിസ്റ്റുകളും ഒട്ടും പുറകിലല്ല. ആഡംബരത്തിന്റെ പ്രതീകമായ ഈ തരത്തിലുള്ള ബാഗുകളുടെ ശേഖരം മിക്ക നടിമാരുടെയും പക്കലുണ്ട്. സോനം കപൂർ, ദീപിക പദുകോൺ, ആലിയ ഭട്ട്, ശില്പ ഷെട്ടി മുതലായവർ ട്രെൻഡ് അനുസരിച്ച്‌ ഷനേലിന്റെയും, ഗുച്ചിയുടെയും മറ്റും ബാഗുകൾ ഉപയോഗിക്കുന്നവരാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഡിമാൻഡ് ഒട്ടും കുറയാത്ത ലക്‌ഷ്വറി ഡിസൈനർ ഹൗസ് ആണ് ഷനേൽ. ഇവർ ഉണ്ടാക്കുന്ന ബാഗുകൾ ടൈംലെസ്സ് ക്ലാസ്സിക്സ് വിഭാഗത്തിൽ പെടുന്നു. മിക്ക ഹാൻഡ്ബാഗ് പ്രേമികളുടെയും സ്വപ്നമാണ് ഷനേലിന്റെ ഒരു ബാഗ് സ്വന്തമാക്കുക എന്നുള്ളത്. കാവിയർ ലെതറിൽ തീർത്ത ഡബിൾ ഫ്ലാപ് ബാഗാണ് ഷനേലിന്റെ ഏറ്റവും പ്രശസ്തമായ മോഡൽ. ഈ ബാഗുകൾ ഒരു നിക്ഷേപമായാണ് മിക്കവരും കാണുന്നത്. ഏറ്റവും ചെറിയ ബാഗിന് പോലും രണ്ടു ലക്ഷം രൂപ മുതൽ വില വരും. എല്ലാ വർഷവും ഇരുപതു ശതമാനം വില വർദ്ധന ഈ ബാഗുകൾക്കുണ്ടാകും. ഉപയോഗിച്ച പഴയ ബാഗുകൾ വരെ നല്ല വില കൊടുത്തു വാങ്ങുവാൻ ധാരാളംപേർ തയ്യാറാണ്. 

hand bags

ഹാൻഡ്ബാഗുകളെ കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത പേരാണ് ലൂയി വിട്ടോൺ (Louis Vuitton). എല്ലാവർക്കും തന്നെ പരിചയമുള്ള മോണോഗ്രാം ഡിസൈൻ ആണ് ലൂയി വിട്ടോണിന്റെ എൽ.വി. അത് പ്രതിനിധാനം ചെയ്യുന്നത് ലൂയി വിട്ടോൺ എന്ന വമ്പൻ ബ്രാൻഡാണെന്ന് ആ ലോഗോ കാണുമ്പോഴേ അറിയാം. അൻപതിനായിരം രൂപ മുതൽ ഇരുപത്തിയെട്ടു ലക്ഷം രൂപ വരെ വിലമതിക്കുന്ന ബാഗുകൾ ഇവർ നിർമിക്കുന്നുണ്ട്. ലക്‌ഷ്വറി ബ്രാൻഡ് ശേഖരം തുടങ്ങുന്ന ഏതൊരു വ്യക്തിയും ആദ്യം വാങ്ങുന്നത് ചെറുതോ വലുതോ ആയ ഒരു ലൂയി വിട്ടോൺ ആയിരിക്കും. ഇത് ഉണ്ടാക്കാൻ ഉയോഗിക്കുന്ന ലെതർ ഒരിക്കലും കേടു വരില്ല എന്നുള്ളത് ഈ ബാഗ് വാങ്ങാൻ കൊടുക്കുന്ന വിലയെ ന്യായീകരിക്കാൻ മതിയാകും. എൽ.വി.വാലറ്റുകൾ ഫാഷൻ പ്രേമികളായ ആണുങ്ങൾക്ക് പ്രിയപ്പെട്ടതാണ്.

ഒരു ലക്‌ഷ്വറി ഹാൻഡ്ബാഗ് വാങ്ങുവാൻ തീരുമാനിക്കുകയാണെങ്കിൽ എല്ലാ വസ്ത്രങ്ങൾക്കും ചേരുന്ന ഒരെണ്ണം വാങ്ങുവാൻ ശ്രദ്ധിക്കണം. വില കുറഞ്ഞ പത്തു ബാഗുകൾ വാങ്ങി പെട്ടെന്ന് കേടു വന്നു പോകുന്നതിനേക്കാൾ നല്ലതാണ് ഒത്തിരി കാലം ഉപയോഗിക്കാൻ പറ്റിയ ടൈംലെസ്സ് ആയ നല്ല ഒരു ബാഗ് എന്നത് മറക്കാതിരിക്കുക.


writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ 
മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി