കൊച്ചി: ആഘോഷമേതുമാകട്ടെ പൂക്കളില്ലാതെന്താഘോഷം. വിശേഷാവസരങ്ങളില്‍ മേക്കപ്പും ഔട്ട്ഫിറ്റും പോലെ തന്നെയാണ് ഹെയര്‍ഡൂവിനുള്ള പ്രാധാന്യവും. പൂക്കള്‍ കൊണ്ടുള്ള ഹെയര്‍ഡൂവിനെ സ്‌നേഹിക്കാത്തവര്‍ ആരുംതന്നെയില്ല. കല്യാണമെന്നാല്‍ മുല്ലപ്പൂവും ചുവന്ന റോസാപ്പൂവും എന്നൊക്കെയുള്ള സങ്കല്‍പ്പമൊക്കെ മാറി. ഓര്‍ക്കിഡും ഹൈഡ്രാന്‍ജിയയും ബേബി ബ്രീത്തുമൊക്കെയാണ് ഇന്നത്തെ പെണ്‍കുട്ടികളുടെ ചോയ്സ്. ഹല്‍ദിയും മെഹന്ദിയും മിന്നുകെട്ടുമെല്ലാം പൂക്കളുടെ ആഘോഷമാണ്.

പൂക്കള്‍ കൊണ്ടുള്ള ആഭരണങ്ങളാണ് ഹല്‍ദിയെ പൂര്‍ണമാക്കുന്നതുപോലും. പൂക്കള്‍ കൊണ്ടുള്ള ഹെയര്‍ഡൂവില്‍ ട്രെന്‍ഡുകളുടെ പൂക്കാലമെന്നുവേണം പറയാന്‍. പുത്തന്‍ ട്രെന്‍ഡുകള്‍ മാറി പരീക്ഷിക്കാന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളും മത്സരമാണ്.

ഈ പൂക്കളിത്ര ഭംഗിയോ എന്നും തോന്നിപ്പിക്കും വിധമാണ് ഓരോ ഹെയര്‍ഡൂവും അവര്‍ മനോഹരമാക്കുന്നത്. ഒറ്റ പൂക്കളെന്ന സങ്കല്‍പ്പമൊക്കെ വിട്ട് ഒരുകൂട്ടം പൂക്കള്‍കൊണ്ടുള്ള അലങ്കാരമാണ് തലയിലൊരുക്കുന്നത്. റോസാപ്പൂക്കളും മുല്ലപ്പൂക്കളും മാറ്റിനിര്‍ത്തി തലമുടിയിലേക്ക് ചേക്കേറിയ ചില പൂക്കളെപ്പറ്റി ചിലത്.

ബേബി ബ്രീത്താണ് താരം

ഒരു കാലത്ത് ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ മാത്രം തിളങ്ങി നിന്നിരുന്ന കുഞ്ഞുപൂക്കളാണ് ബേബി ബ്രീത്ത്. ഇന്ന് മുല്ലപ്പൂക്കളെക്കാള്‍ ഈ പൂക്കള്‍ക്ക് ആരാധകരുണ്ട്. എല്ലാത്തരം കല്യാണങ്ങളിലും ബേബി ബ്രീത്ത് മസ്റ്റാണ്.

റോസാപ്പൂവിനൊപ്പവും ഡെയ്സിപ്പൂക്കള്‍ക്കൊപ്പവും ഈ പൂക്കളെ ചേര്‍ത്ത് ഹെയര്‍ ഡൂ ചെയ്യുന്നു. വധുവിന്റെ മാത്രം പൂക്കളായി ഇതിനെ കാണാന്‍ കഴിയില്ല. ബ്രൈഡ് മേറ്റ്സ് ഹെയര്‍ ഡൂവിലും ബേബി ബ്രീത്ത് മസ്റ്റാണ്. ഏതുതരം വസ്ത്രത്തിനൊപ്പവും ചേര്‍ന്നുപോകുന്ന കുഞ്ഞിപ്പൂക്കളുടെ ലാളിത്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പഫ്ഡ് ഫിഷ് ടെയില്‍ ബ്രൈഡ് ഹെയര്‍ സ്‌റ്റൈലില്‍ ഈ പൂക്കള്‍ െവച്ച് അലങ്കരിക്കുന്നത് മനോഹരമാണ്. ഫ്രഞ്ച് ബ്രൈഡിനൊപ്പവും ഇത് ചേര്‍ന്നുപോകും. മെര്‍മെയ്ഡ് ടിസ്റ്റിനൊപ്പവും ഇത് സൂപ്പര്‍ ലുക്ക് തരും.

ഹൈഡ്രാന്‍ജിയയും പാന്‍സിയും

പേരുപോലെ മനോഹരമായ ഈ പൂക്കളും ഹെയര്‍ ഡൂ ലുക്കിനെ കൂളാക്കുന്നു. വയലറ്റ് കാഞ്ചിപുരം സാരിയില്‍ ഹൈഡ്രാന്‍ജിയ പൂക്കളിട്ടാണ് വധുവൊരുങ്ങുന്നത്. പേസ്റ്റല്‍ നിറങ്ങളുടെ മനോഹാരിതയാണ് ഹൈഡ്രാന്‍ജിയയെ ബ്രൈറ്റാക്കുന്നത്. ലെഹങ്ക സുന്ദരിക്ക് അതിനെക്കാള്‍ വേറെന്ത് പൂക്കളാണ് ചേരുക.

പാന്‍സിയുടെ നിറങ്ങളാണ് അവയെ കൂടുതല്‍ ആകര്‍ഷീണയമാക്കുന്നത്. മജന്തയും ഫ്യൂഷ്യയും നിറങ്ങളില്‍ പാന്‍സി വധുവിന്റെ തലമുടിയില്‍ വസന്തം നിറയ്ക്കുന്നു. മെഹന്ദിക്കും റിസപ്ഷനും സൂപ്പര്‍ ചോയ്സാണ് പാന്‍സി പൂക്കളില്‍ തീര്‍ത്ത ഹെയര്‍ഡൂ.

ഡാലിയയും കാര്‍നേഷനും

ബണ്‍ ഹെയര്‍സ്‌റ്റൈലിന് ഏറ്റവുമിണങ്ങുന്ന പൂക്കളാണ് ഡാലിയ. വിവാഹങ്ങളില്‍ അടുത്ത കാലത്തായി പ്രീതി നേടിയ കാര്‍നേഷന്‍ പൂക്കളും ട്രെന്‍ഡിങ്ങില്‍ മുന്നില്‍ തന്നെ. കടുത്ത നിറങ്ങളിലെ കാര്‍നേഷനാണ് ആരാധകര്‍ കൂടുതല്‍. ഇതിനൊപ്പം എടുത്തുപറയേണ്ടതാണ് ഡെയ്സിയും പര്‍പ്പിള്‍ പൂക്കളും.

കാര്‍നേഷനൊപ്പം മിക്‌സ് ചെയ്ത് വര്‍ണാഭമാക്കാന്‍ ഈ പൂക്കള്‍ ഉപയോഗിക്കുന്നു. കാര്‍നേഷനൊപ്പം ജൂവലറിയും ചേര്‍ത്തുള്ള ഹെയര്‍ഡൂവാണ് മനോഹരം. ലോ ബണ്‍ ഹെയര്‍സ്‌റ്റൈലിനൊപ്പം ലില്ലിയും ഓര്‍ക്കിഡും എത്ര മനോഹരമാണ്.

Content Highlights: flower hairdo new trends in wedding