കൊച്ചി : ഈ പുതുവർഷത്തിനുമുണ്ട് പുതുനൂലിൽ വിരിയുന്ന പുത്തൻ ഫാഷൻ ട്രെൻഡുകൾ. ഒപ്പം സ്റ്റൈലിനെക്കാൾ കംഫർട്ടിന് പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളെയാണ് ഈ പുതുവർഷവും സ്വാഗതം ചെയ്യുന്നത്.

കല്യാണത്തിന് ഓംബ്രേയും ന്യൂട്രൽ നിറങ്ങളും...

ഈ വർഷവും വിവാഹ വസ്ത്രങ്ങൾ ന്യൂട്രൽ നിറങ്ങളിൽ തന്നെയാകും. അധികം തിളക്കമുള്ള നിറങ്ങളിലേക്ക് അധികമാരും തിരികെ പോകാനുള്ള സാധ്യതയില്ല. ന്യൂട്രൽ-എർത്തി കളേഴ്‌സിലുള്ള വിവാഹ വസ്ത്രങ്ങൾക്കാണ് ഡിമാന്റുള്ളത്. അതേ പോലെ തന്നെ ഒരേ നിറത്തിന്റെ വ്യത്യസ്ത ഷെയ്ഡ് ഒരു മെറ്റീരിയലിൽ ഉപയോഗിക്കുന്ന ഓംബ്രേയും ഈ വർഷത്തെ ട്രെൻഡിങ്ങിലുള്ളതാണ്. ലെഹംഗയിലും സാരിയിലുമൊക്കെ ഓംബ്രേ പരീക്ഷിക്കാം. പക്ഷേ, ചുവപ്പ് കാലാതീതമാണ്, ഇതിന്റെ ചേലിനു മാത്രം കോട്ടം തട്ടിയിട്ടില്ല.

സംഗീത്, മെഹന്ദി, പ്രീ വെഡ്ഡിങ് വസ്ത്രങ്ങളിൽ ചെറിയ ഡ്രമാറ്റിക് ലുക്ക് കൊണ്ടുവരാനുള്ള രീതിയിൽ റഫിൾസ് പോലെയുള്ള പാറ്റേൺ ഉപയോഗിക്കും.

വിവാഹ വസ്ത്രങ്ങളിൽ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊള്ളിച്ചുള്ള കസ്റ്റമൈസ്‌ഡ് ഡിസൈനുകൾ ഇപ്പോൾ ഹിറ്റാണ്. ഇനിയുള്ള നാളുകളിൽ ഇതേ പോലെയുള്ള കസ്റ്റം മെയ്ഡുകൾക്കു സാധ്യത കൂടുതലാണ്. ആഭരണക്കാര്യത്തിലുമുണ്ട്‌ ഈ മാറ്റം. സ്വർണത്തിളക്കത്തിൽനിന്നു മാറി വസ്ത്രത്തിനും വ്യക്തിക്കും ചേരുന്ന തരത്തിലുള്ള മിനിമൽ ആഭരണങ്ങളാണ് ഇപ്പോൾ ഏറെപ്പേരും അണിയുന്നത്.

എപ്പോഴും ജെൻഡർ ന്യൂട്രൽ ഡ്രസ്

ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ തന്നെയാണ് എക്കാലത്തും കാമ്പസിന്റെ വാർഡ്രോബിൽ ഇടം നേടിയിട്ടുള്ളത്. കംഫർട്ട് എന്ന പ്രധാന ഘടകം കൊണ്ടു മാത്രമാണ് ഇപ്പോഴും ജീൻസ്, സ്വെറ്റ്ഷർട്സ്, ടീ ഷർട്സ്, കാപ്രി തുടങ്ങിയവ ഒരേ പോലെ കാമ്പസിൽ കറങ്ങി നടക്കുന്നത്. കംഫർട്ട്, ഗുണനിലവാരം, ട്രെൻഡി ഈ മൂന്ന് ഘടകങ്ങൾ മാത്രമാണ് ഓരോ സ്റ്റൈലും തീരുമാനിക്കുന്നത്. ദിവസത്തിന്റെ ഭൂരിഭാഗവും ഓൺലൈനിൽ ചെലവഴിച്ച് പുതിയ ട്രെൻഡുകളെ പരിചയപ്പെടുകയും അതിൽ ചിലതിനെ മാത്രം സ്വീകരിക്കുകയും ചെയ്യുന്നവരാണ് കൂടുതൽ പേരും.

കാമ്പസിലെ ആഘോഷങ്ങളിൽ എത്‌നിക് വെയറായി സാരിയോട് തന്നെയാണ് പ്രിയം. സാരിക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസുകളും ജാക്കറ്റ് ബ്ലൗസുകളുമാണ് കാമ്പസിൽ ഹിറ്റ്. പഫി സ്ലീവ്സ്, ബിഷപ് സ്ലീവ്സ്, ബെൽ സ്ലീവ്സ് എന്നിവയുടെ ട്രെൻഡും മങ്ങിയിട്ടില്ല.

Content Highlights: fashion trends, new year fashion trends, gender neutral dress