ലുക്കിനെ ഒന്നു ബ്രേക്ക് ചെയ്യുന്നതാകണ്ടേ നമ്മള്‍ ഉപയോഗിക്കുന്ന ആക്‌സസറികള്‍..അത് മാലയോ കമ്മലോ ബാഗോ ഒരു കുഞ്ഞുമൂക്കുത്തിയോ ആയിക്കൊള്ളട്ടെ. വസ്ത്രത്തിനൊപ്പം നമ്മള്‍ വാങ്ങാറുള്ള ആക്‌സസറികള്‍ ശരിക്കും നമുക്ക് ഇണങ്ങുന്നുണ്ടോ? ആക്‌സസറികളിലെ ട്രെന്‍ഡ് ശ്രദ്ധിക്കാറുണ്ടോ? വാര്‍ഡ്രോബുകളില്‍ ആക്‌സസറികള്‍ കുത്തിനിറയ്ക്കാതെ സ്വന്തമായി ഒരു സ്‌റ്റൈല്‍ സേറ്റ്‌മെന്റ് ഉണ്ടാക്കിയെടുക്കാം..

പോക്കറ്റ് മണിയില്‍ ഒതുങ്ങുന്ന പലതരം ആക്‌സസറികളും ഇപ്പോള്‍ ഫാന്‍സി സ്‌റ്റോറുകളില്‍ ഉണ്ട്. മിനിട്ടുകള്‍ക്കുള്ളില്‍ ഭംഗിയായി അണിഞ്ഞൊരുങ്ങണമെങ്കില്‍ അത്യാവശ്യം സ്‌റ്റൈലിഷ് ആക്‌സസറീസ് വാങ്ങിവെക്കണം. 

മൂക്കുത്തി : ജീന്‍സിനും ടോപ്പിനും ഒപ്പം അണിയാന്‍ പറ്റുന്ന കമ്മല്‍ വലിപ്പത്തിലുള്ള ബ്ലാക്ക്‌മെറ്റല്‍ മൂക്കുത്തികളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കുഞ്ഞു കല്ലു പതിപ്പിച്ച മൂക്കുത്തികള്‍ ഏതുകരം വസ്ത്രത്തിനൊപ്പവും അണിയാം. ചെറിയ റിങ് മൂക്കുത്തികള്‍ക്കൊപ്പം, ബോളിവുഡ് മട്ടിലുളള വലിയ വളയെ മൂക്കുത്തി സ്‌റ്റൈലാണ്. സ്വര്‍ണവും വെള്‌ലി.ും ഡയമണ്ടുമൊക്കെ ഇതില്‍ പരീക്ഷിക്കാം. ബ്ലാക്ക്‌മെറ്റല്‍ റിങ്ങുകളോടാണ് ടീനേജുകാര്‍ക്ക് ഇഷ്ടക്കൂടുതല്‍. കുന്ദന്‍ ഡിസൈനിലുള്ള മൂക്കുത്തികള്‍ക്കും ആവശ്യക്കാരേറെയാണ്. പലനിറമുള്ള കല്ലുകള്‍ പതിപ്പിച്ചവയാണ് ഫാന്‍സി മൂക്കുത്തിക്കളില്‍ ഫാഷന്‍. പത്തുരൂപ മുതല്‍ ഫാന്‍സി മൂക്കുത്തികള്‍ ലഭ്യമാണ്.  കുഞ്ഞുമണ്‍തരി വലിപ്പത്തിലുള്ള മൂക്കുത്തി മുതല്‍ മൃഗങ്ങളുടെയും പക്ഷികളുടെയും പൂക്കളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും രൂപത്തിലുള്ള മൂക്കുത്തികള്‍ എത്തിക്കഴിഞ്ഞു. 

റൗണ്ട്, ചതുരം, ഓവല്‍ ആകൃതികളില്‍ ഡീസൈന്‍ ചെയ്ത മൂക്കുത്തികളുമുണ്ട്. പ്രസ്സിങ് ടൈപ്പ് മൂക്കുത്തിയാണ് മറ്റൊന്ന്. മൂക്ക് തുളയ്ക്കാന്‍ പേടിയുള്ളവര്‍ക്ക് പ്രസ്സിങ് ടൈപ്പ് മൂക്കുത്തി ആശ്വാസകരമാണ്. 

മോതിരം: ബോള്‍ഡ് ലുക്ക് കിട്ടാന്‍ വലിയ മോതിരങ്ങള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് ടീനേജുകാര്‍. അല്പം കൂടി ഫാഷനബിളാകാന്‍ ഡബിള്‍ ഫിംഗര്‍ റിങ് പരീക്ഷിക്കുന്നവരുമുണ്ട്. നെയില്‍ ആര്‍ട്ട് ചെയ്യാന്‍ സമയമില്ലാത്തവര്‍ക്കാണ് നെയില്‍ ആര്‍ട്ട് റിങ്ങുകളുള്ളത്. സ്റ്റൈലിഷ് ലുക്കിന് ഫുള്‍ ഫിംഗര്‍ റിങ്ങും അണിയാം. ഫോര്‍ ഫിംഗര്‍ റിങ്ങാണ് മറ്റൊരു ഫാഷന്‍. 

ടാറ്റൂ ചോക്കര്‍: തൊണ്ണൂറുകളില്‍ ഹരമായിരുന്ന ടാറ്റൂ ചോക്കര്‍ ഇപ്പോള്‍ വീണ്ടും ട്രെന്‍ഡാവുകയാണ്. ടാറ്റു പോലെത്തന്നെ പച്ച കുത്ത് പോലെയുള്ള ടാറ്റൂ ചോക്കറിനാണ് ഏറ്റവും ആവശ്യക്കാര്‍. കറുപ്പ്, പച്ച, നീല തുടങ്ങിയ എല്ലാ നിറങ്ങളിലും ടാററൂ ചോക്കര്‍ ലഭ്യമാണ്. എന്നാലും ഡിമാന്‍ഡ് കൂടുതല്‍ കറുപ്പിന് തന്നെ. ജീന്‍സിനും ടീഷര്‍ട്ടിനുമൊപ്പം അണിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. ടാറ്റൂ ചോക്കര്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മോഡേണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഇത് നന്നായി ഇണങ്ങും. നൈലോണ്‍, സ്റ്റീല്‍, ഇലാസ്റ്റിക്..തുടങ്ങിയ ടാറ്റൂ ചോക്കറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴിയും വാങ്ങിക്കാം. 20 രൂപ മുതല്‍ 100 രൂപ വരെയാണ് ടാറ്റൂ ചോക്കറിന്റെ വില. ടാറ്റൂ ചോക്കര്‍ കൂടാതെ കല്ലും മുത്തും പതിപ്പിച്ച വികേടോറിയന്‍ വിന്റേജ്, ഗോത്തിക്ക്, ഓപ്പണ്‍ കോളര്‍ എന്നിങ്ങനെ പലതരത്തില്‍ ചോക്കറുകളുണ്ട്. 

കമ്മലുകള്‍: മാലയില്ലാതെ വലിയൊരു കമ്മല്‍ മാത്രം ഇടുന്നതാണ് ട്രെന്‍ഡ്. ബോള്‍ഡ് ലുക്കിന് സൈഡ് ഇയര്‍പീസ് അണിയാം. ഗൗണ്‍, ഡ്രസ്സ് എന്നിവയോടൊപ്പം ഡയമണ്ടോ പേളിന്റെ വലിയ ടോപ്‌സോ (വലുപ്പമുള്ള സ്റ്റഡോ തൂങ്ങുന്നതുമായ കമ്മലുകള്‍) അണിഞ്ഞാല്‍ ഭംഗിയായിരിക്കും. ദിവസവും അണിയാനുള്ള കമ്മലുകളില്‍ മീഡിയം നിറമുള്ള ഇയര്‍ റിങ്ങുകളാകും നല്ലത്. ഇയര്‍കഫാണ് മറ്റൊരു ട്രെന്‍ഡ്. 

ഡെയ്ന്റി ചെയിന്‍: വളകള്‍ക്കും ബ്രേസ്‌ലെറ്റിനുമൊപ്പം ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഡെയ്ന്റ് ചെയ്‌നുകള്‍. ജീന്‍സ്, കുര്‍ത്ത, ലോങ് സ്‌കര്‍ട്ട്, എന്നിവയ്‌ക്കൊപ്പം അണിയാം. കൈകളില്‍ നിന്ന് തുടങ്ങി വിരലുകളില്‍ മോതിരം പോലെ യോജിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. മോതിരം വേറെ അണിയേണ്ടതില്ല. ചെയിനിനന്നിടയില്‍ കല്ലുകള്‍ പതിപ്പിച്ച ഡിസൈനുകളും ഉണ്ട്. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്