കാലാവസ്ഥയുടെ താളം തെറ്റലില്‍ ഫാഷന്‍ ഇന്‍ഡസ്ട്രിക്കും വലിയ പങ്കുണ്ടെന്ന് ഗ്രേറ്റ ഗ്രേറ്റ ത്യുന്‍ബെ. സ്‌കാന്‍ഡിനേവിയന്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേറ്റ ഈ ആരോപണം ഉന്നയിച്ചത്. ഫാഷന്‍ ബ്രാന്‍ഡുകള്‍ അവരുടെ ഉത്പന്നങ്ങള്‍ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ഗ്രേറ്റ പറയുന്നു. 

ചില കമ്പനികള്‍ മാത്രമാണ് അവരുടെ ഉത്പന്നങ്ങള്‍ പുനരുപയോഗിക്കാന്‍ കഴിയുന്നവയും പരിസ്ഥിതിസൗഹൃദവുമാണെന്ന വാഗ്ദാനം നല്‍കുന്നതെന്നും ഗ്രേറ്റ പറയുന്നു. താന്‍ ഒരു പുതിയ വസ്ത്രം വാങ്ങിയത് മൂന്ന് വര്‍ഷം മുമ്പാണെന്നും ഗ്രേറ്റ വെളിപ്പെടുത്തുന്നുണ്ട്. 'ഞാന്‍ പരിചയക്കാരില്‍ നിന്ന് പഴയ സാധനങ്ങള്‍ വാങ്ങി പുനരുപയോഗിക്കാറുണ്ട്.' ഗ്രേറ്റ പറയുന്നു.

'ഫാസ്റ്റ് ഫാഷന്‍' ട്രെന്‍ഡുകള്‍ ധാരാളം മാലിന്യങ്ങള്‍ പുറം തള്ളുന്ന രീതിയാണെന്നും ഇതിന് മാറ്റം വരണമെന്നും ഗ്രേറ്റ അഭിപ്രായപ്പെടുന്നുണ്ട്. ഫാസ്റ്റ് ഫാഷന്‍ എന്നാല്‍ ചെറിയ ചെലവില്‍ സീസണല്‍ ട്രെന്‍ഡുകള്‍ അനുസരിച്ച് വേഗത്തില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്നാണ്. എന്നാല്‍ ഇവ പരിസ്ഥിതിസൗഹൃദമായിരിക്കില്ല എന്നാണ് ഗ്രേറ്റയുടെ വാദം. ലോകത്തിലെ 20 ശതമാനം മലിനജലവും ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ സംഭാവനയാണെന്നും അഞ്ച് മില്യണ്‍ ജനങ്ങള്‍ക്ക് ആവശ്യമായ ജലം ഇത്തരത്തില്‍ പാഴാകുന്നുണ്ടെന്നും ഗ്രേറ്റ.

സ്‌കാന്‍ഡിനേവിയന്‍ വോഗിന്റെ പുതിയ എഡിഷനില്‍ കവര്‍ഗേളാണ് ഗ്രേറ്റ. വനത്തിനുള്ളില്‍ ഒരു കുതിരയെ ഓമനിക്കുന്ന ഗ്രേറ്റയുടെ ചിത്രമാണ് അവര്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. 

Content Highlights: fashion industry is a huge contributor to the climate-and ecological emergency, Greta Thunberg