കൊറോണ വൈറസ് പടര്‍ന്നതോടെ ഏറ്റവും അധികം തകര്‍ച്ച നേരിട്ട ഒന്നാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. ലോക്ഡൗണും കൂടി വന്നതോടെ ഷോപ്പിങും മറ്റ് ആഘോഷ പരിപാടികളും തന്നെ വളരെ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഫാഷന്‍ വിപണി പുതിയ മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ്.
തിളങ്ങുന്ന ഫേസ് മാസ്‌കുകളും സോഷ്യല്‍ ഡിസ്റ്റന്‍സിങും ഡ്രസ്സുമാണ് കൊറോണക്കാലത്തെ പുതിയ ഫാഷന്‍. കൊറോണക്കാലത്തെ ആഘോഷങ്ങില്‍ ധരിക്കാനും സാമൂഹ്യ അകലം പാലിക്കണമെന്ന സന്ദേശം നല്‍കാനും സഹായിക്കുന്ന ഗൗണാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഷെയ് ആണ് ഈ വ്യത്യസ്തമായ വസ്ത്രത്തിന് പിന്നില്‍.
ഇരുപത്തൊന്നുകാരിയായ ഷെയ്ക്ക് ഫാഷന്‍ ഡിസൈനിങിനോടുമുണ്ട് താല്‍പര്യം. രണ്ട് മാസം കൊണ്ടാണ് ഷെയ് ഈ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഗൗണ്‍ തയ്യാറാക്കിയത്.
പിങ്ക് നെറ്റില്‍ തീര്‍ത്ത ഒഴുകി കിടക്കുന്ന ഈ ഗൗണ്‍ ആറടി അകലത്തിലാണ് വിടര്‍ന്ന് നില്‍ക്കുന്നത്. വിവാഹാഘോഷം പോലുള്ള പരിപാടികളില്‍ തിളങ്ങാന്‍ ഈ വസ്ത്രം മതി. മാത്രമല്ല ചുറ്റുമുള്ളവരെ ആറടി അകലത്തില്‍ നിര്‍ത്തുകയു ചെയ്യാം.
ഈ വസ്ത്രം നിര്‍മിക്കാനെടുത്ത അധ്വാനത്തെ പറ്റിയും ഷെയ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നുണ്ട്. 200 യാര്‍ഡ് (180 മീറ്ററോളം) നീളമുള്ള തുണിയാണ് ഗൗണിന്റെ സ്‌കര്‍ട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ആഴ്ചകളെടുത്തു അത് തുന്നി തീര്‍ക്കാന്‍. ഗൗണിന്റെ മുകള്‍ ഭാഗം കൈ കൊണ്ട് തയിച്ച് എടുക്കുകയാണ് ചെയ്തത്. ഇതിനും രണ്ടാഴ്ച വേണ്ടി വന്നു.
രണ്ട് മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഷെയ് തന്റെ ഗൗണിന്റെ ചിത്രങ്ങളും മേക്കിങ് വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതിനായി ഫോട്ടോ ഷൂട്ട് നടത്താന്‍ പാര്‍ക്കിങ് ഏരിയ വേണ്ടി വന്നു ഷെയ്ക്ക്. ഗൗണ്‍ മുഴുവനായി കാണുന്ന വിധത്തില്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളു. എന്തായാലും ഷെയുടെ അധ്വാനത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Content Highlights: Designer Creates Social Distancing Dress With 6-feet Radius