ഹോളിവുഡ് സിനിമകളിലെ വിവാഹരംഗങ്ങളില്‍ പ്രധാന സീനാണ് വധുവിന്റെ നീണ്ടു കിടക്കുന്ന മനോഹരമായ വെയ്‌ലും അത് പിടിച്ച് പിന്നാലെ നടന്നെത്തുന്ന മനോഹരമായ വസ്ത്രങ്ങളണിഞ്ഞ കുട്ടി ബ്രൈഡ്‌സ്‌മെയ്ഡുകളും. വിദേശത്തായാലും നമ്മുടെ നാട്ടിലായാലും ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ പ്രധാനമാണ് ഈ വെയ്ല്‍ അഥവാ ശിരോവസ്ത്രം. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ശിരോവസ്ത്രം അണിഞ്ഞ് ഗിന്നസ് റെക്കോര്‍ഡില്‍ കയറിയിരിക്കുകയാണ് ഈ സൈപ്രസ് വധു. മരിയ പരഷ്‌കേവ എന്ന യുവതി തന്റെ വിവാഹ ദിനത്തിലണിഞ്ഞ ശിരോവസ്ത്രം 6962.6 മീറ്ററാണ്, ഏകദേശം ആറ് കിലോമീറ്റര്‍ നീളം. അമേരിക്കന്‍ ഫുഡ്‌ബോള്‍ ഫീല്‍ഡിന്റെ നീളമെന്നാണ് ഗിന്നസ്‌റെക്കോര്‍ഡ് അധികൃതര്‍ പറയുന്നത്. 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് മരിയയുടെ വിവാഹദിനത്തിലെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വരനൊപ്പം നില്‍ക്കുന്ന മരിയയുടെ ശിരോവസ്ത്രം കിലോമീറ്ററുകള്‍ നീളത്തില്‍ വിരിച്ചിട്ടിരിക്കുന്നതും വീഡിയോയിലുണ്ട്. 

നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ക്ക് ഇത്തരം ഭ്രാന്തുകള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്നാണ് ഒരാളുടെ ചോദ്യം. അതൊരു നല്ല കാറ്റുള്ള ദിവസമായിരുന്നെങ്കില്‍ രസകരമായേനെ എന്നാണ് മറ്റൊരാളുടെ കമന്റ്. കളിയാക്കലിനൊപ്പം നിങ്ങളുടെ ഇനിയുള്ള ജീവിതം മനോഹരമാകട്ടെ എന്ന ആശംസകളും കമന്റ് ബോക്‌സിലുണ്ട്.

Content Highlights: Cyprus Woman Breaks Guinness World Record for Longest Veil Ever