ഴിഞ്ഞ 20 വര്‍ഷത്തിനിടെ മലയാളി സമൂഹത്തിന്റെ വേഷങ്ങള്‍ക്കുണ്ടായത് വലിയ മാറ്റമാണ്. ചുരിദാര്‍ സാര്‍വത്രികമാകുന്നതോടെയാണ് ഈ മാറ്റത്തിന്റെ ആരംഭം. അതുവരെ കൗമാരക്കാരികളും ചെറുപ്പക്കാരും ധരിച്ചിരുന്ന വേഷം എല്ലാപ്രായക്കാര്‍ക്കും ധരിക്കാമെന്നായി. സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്കും പൊതുസ്ഥാപനങ്ങളടക്കമുള്ള ഇടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും ചുരിദാര്‍ ധരിച്ച് ജോലിചെയ്യാമെന്ന നിലപാട് കേരളത്തിലെ സ്ത്രീകള്‍ക്ക് (പ്രത്യേകിച്ചും മുപ്പതിനുമേല്‍ പ്രായമുള്ളവര്‍ക്ക്) വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. ചിലരെങ്കിലും മടിച്ചുനിന്നെങ്കിലും പിന്നീട് പതിയെ യാത്രകളിലും കുടുംബസദസ്സുകളിലുമൊക്കെ ജാതിഭേദമന്യേ സ്ത്രീകള്‍ ചുരിദാര്‍/സല്‍വാര്‍ കമ്മീസില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 2007ലാണ് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രപ്രവേശനം നടത്താമെന്ന ചരിത്രപരമായ തീരുമാനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ഇത് കേരളത്തിന്റെ മതസാമൂഹികസാംസ്‌കാരിക വേദികയില്‍ ചുരിദാറിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

പണക്കാരനും പാവപ്പെട്ടവനും വീട്ടുചുവരുകള്‍ക്കുള്ളില്‍ ലുങ്കി മടക്കിക്കുത്തിനടന്ന കാലത്തുനിന്ന് കാവിമുണ്ടുകളിലേക്കുള്ള മാറ്റം കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായതാണ്. പ്രവാസികള്‍ ഗള്‍ഫില്‍നിന്നുകൊണ്ടുവന്നിരുന്ന പോളിസ്റ്റര്‍ കലര്‍ന്ന ലുങ്കി പിന്നീട് കോട്ടനും കൈത്തറിയുമായി. നിറത്തിലുമുണ്ടായി രാഷ്ട്രീയം. കാവി മുണ്ടുടുക്കുന്നവര്‍ സംഘപരിവാര്‍ രാഷ്ട്രീയ അഭിനിവേശമുള്ളവരാണെന്നും ചുവന്ന മുണ്ടുടുക്കുന്നവര്‍ കമ്യൂണിസ്റ്റ് അനുഭാവികളാണെന്നും മുന്‍വിധികളിറങ്ങി.

വസ്ത്രം=സ്വാതന്ത്ര്യം

വസ്ത്രം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നിലപാടുകളുടെയും പ്രതിഫലനമാണെന്നത് മലയാളി നേരത്തേ അറിഞ്ഞ വാര്‍ത്തയാണെങ്കിലും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നതിന് ഉദാഹരണമാണ് അടുത്തിടെ അനശ്വര രാജനുനേരെയുണ്ടായ സദാചാര സൈബര്‍ ആക്രമണങ്ങള്‍. മലയാളിസ്ത്രീത്വം സാമ്പ്രദായികമായ സങ്കല്പങ്ങളില്‍നിന്നും ചട്ടക്കൂടുകളില്‍നിന്നും ഏറെ മുമ്പേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ്. ഉത്തരേന്ത്യയില്‍ ഖാപ് പഞ്ചായത്തുകള്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് വിലക്കുന്ന കാലത്തിനും മുമ്പേ ജീന്‍സ് മലയാളിക്ക് സര്‍വവ്യാപിയായിരുന്നു. പണമുള്ളവരെയും പാവപ്പെട്ടവരെയും കാഴ്ചയിലെങ്കിലും തുല്യരാക്കിയ ജീന്‍സിനുശേഷം കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന വേഷങ്ങളിലേക്ക് പെണ്‍കുട്ടികള്‍ ചേക്കേറിക്കഴിഞ്ഞു.

ഡിസൈനര്‍ ബ്രാന്‍ഡുകളെക്കുറിച്ച് കേട്ടുകേള്‍വിയില്ലാത്ത നാട്ടില്‍ ക്രമേണ മുക്കിലും മൂലയിലും ബൊട്ടീക്കുകളും ഡിസൈനര്‍ ലേബല്‍ ഷോപ്പുകളും വന്നു. കേരളത്തില്‍നിന്നുള്ള ഡിസൈനര്‍മാരുടെ ലേബലുകള്‍ ലോകപ്രശസ്ത ഫാഷന്‍ വീക്കുകളിലുമെത്തിയതും ഈയടുത്ത കാലത്തുതന്നെയാണ്. സാരിയെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ക്രമേണ ഉപേക്ഷിക്കുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി.

പഴയ സാരിയെ പുത്തന്‍ രൂപങ്ങളില്‍ സ്‌കര്‍ട്ട് സാരിയായും പലാസോ സാരിയായും പലപ്പോഴും പാരമ്പര്യവും അല്‍പം ആധുനികതയും ചേര്‍ത്ത് അലമാരകളുടെ മേല്‍തട്ടില്‍തന്നെയാണവരിപ്പോഴും സൂക്ഷിക്കുന്നത്. ലിംഗ നിഷ്പക്ഷമായ വസ്ത്രങ്ങളെന്ന വിപ്ലവകരമായ ആശയത്തിനും പിന്തുടര്‍ച്ചക്കാരുണ്ട് കേരളത്തില്‍. മലയാളി വേഷങ്ങളും കാഴ്ചപ്പാടുകളും ഇനിയുമേറെ മാറുമെന്നുറപ്പാണ്. ചിലതെങ്കിലും മാറേണ്ടതുമുണ്ട്. കാലം അതുറപ്പുവരുത്തും

Content Highlights: Changes in women dressing style in the last 20 years