ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡായ എയ്‌സോസിന്റെ(ASOS) പുതിയ ഇയര്‍ റിങ്ങ് പരസ്യത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. കാരണം മറ്റൊന്നുമല്ല മനോഹരമായ കമ്മലണിഞ്ഞ ചെവിയില്‍ മറ്റൊന്നു കൂടി ആ മോഡല്‍ ധരിച്ചിട്ടുണ്ട്, ഒരു ഹിയറിങ് എയിഡ്. പരസ്യത്തിലെ മോഡലിന്റെ പര് നടാഷ ഗോരി. 

മോഡലുകള്‍ എന്നാല്‍ എല്ലാ അഴകളവുകളും തികഞ്ഞവരാകണം എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ കൂടിയാണ് ഈ പരസ്യത്തിലൂടെ എയ്‌സോസ് ചോദ്യം ചെയ്യുന്നത്. ഹിയറിങ് എയിഡ് ധരിച്ചാലും കാതുകളെ ഒളിപ്പിക്കുകയല്ല, മനോഹരമാക്കാനും കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് അവകാശമുണ്ട് എന്ന സമൂഹത്തിനുള്ള സന്ദേശവും ഇതിലുണ്ട്. മഷ്‌റൂം ഷേപ്പിലുള്ള ഡീറ്റെയ്ല്‍ഡ് ഡാംഗ്ലിങ്ങ് ഗോള്‍ഡന്‍ ഹൂപ്പാണ് നതാഷ ധരിച്ചിരിക്കുന്നത്. വില നാല് പൗണ്ട്, അതായത് നാനൂറ്റി ഇരുപത് രൂപയോളം.

നടാഷയ്ക്ക് ജന്മനാ തന്നെ കേള്‍വിശക്തി ഇല്ല. എങ്കിലും തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ നടക്കാന്‍ അതൊന്നും അവള്‍ക്ക് തടസ്സമല്ല എന്നാണ് നടാഷയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സൂചിപ്പിക്കുന്നത്. ഹിയറിങ് എയിഡ് കാണാന്‍ പറ്റുന്ന രീതിയില്‍ തന്നെ പോസ് ചെയ്ത മറ്റ് പരസ്യ ചിത്രങ്ങളും നാടാഷയുടെ അക്കൗണ്ടിലുണ്ട്.

നടാഷയുടെ ചിത്രങ്ങള്‍ക്ക് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്. ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ ഹിയറിങ് എയിഡിനെ സാധാരണ സംഭവമായി കാണുന്നത് വലിയ കാര്യമാണ്. ഞാനൊക്കെ വളര്‍ന്നപ്പോള്‍ അനുഭവിച്ച വിവേചനങ്ങള്‍ പറഞ്ഞറിയിക്കാനാവില്ല എന്നാണ് ഒരാളുടെ കമന്റ്. ഞങ്ങളെപ്പോലുള്ളവരുടെ പ്രതിനിധിയായി നതാഷയെ കാണുന്നതില്‍ സന്തോഷമുണ്ടെന്നാണ് മറ്റൊരാള്‍ക്ക് പറയാനുള്ളത്. മോഡലിങ് ഇന്‍ഡസ്ട്രിയിലെ അതിര്‍വരമ്പുകള്‍ തകരട്ടെ എന്ന ആശംസയാണ് ഒരാള്‍ നല്‍കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tasha Ghouri (@tashaghouri)

ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നടാഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നന്ദിയും അറിയിക്കുന്നുണ്ട്. ' എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞരിക്കുന്നു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും നന്ദി. ഇതൊരു ചെവി മാത്രമല്ല, എന്നെപ്പോലുള്ളവരുടെ പ്രതിനിധിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.' നടാഷ കുറിക്കുന്നു.

Content Highlights: British fashion brand ad featuring a model wearing a hearing aid