നാറസി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കാദ്യം വരിക എന്താണ്. കുങ്കുമച്ചുവപ്പും സുവര്‍ണമഞ്ഞയും അതിലിഴ പാകുന്ന സ്വര്‍ണ, വെള്ളി നൂലുകളും തന്നെയാവും. പക്ഷേ, ഇനി ഫാഷന്‍ ലോകം ഉറ്റുനോക്കുന്ന ബനാറസിപട്ടില്‍ നിറഭേദങ്ങളാവുക വയലറ്റോ കറുപ്പോ കരിനീലയോ ഒക്കെയാവാം. 

സാരിയിലെ ഫാഷന്‍ പരീക്ഷണങ്ങള്‍ അവസാനമില്ലാത്തതാണ്. സാരിപ്രിയരെ ആകര്‍ഷിക്കാന്‍ പുതിയ പുതിയ ട്രെന്‍ഡുകള്‍ വന്നുകൊണ്ടേയിരിക്കും. ബനാറസിയിലെ പുതിയ ട്രെന്‍ഡുമായി ഫാഷന്‍ ലോകം കീഴടക്കാനൊരുങ്ങുന്നത് ഡിസൈനറായ തനീറ സേത്തിയാണ്. ബനാറസിപ്പട്ടിലേക്ക് ജാപ്പനീസ് കലാരൂപമായ ഒറിഗാമി കൂടി സംയോജിപ്പിച്ചാണ് തനീറയുടെ പരീക്ഷണം.

tanira sethi
photo/realindex.in

പക്ഷികളുടെ രൂപങ്ങള്‍ സാരിയില്‍ അലങ്കാരമാവുന്നത് പുതുമയല്ല. അതുകൊണ്ടാണ് ഒറിഗാമി പക്ഷികളെ സാരിയിലേക്ക് തുന്നിച്ചേര്‍ത്തതെന്ന് തനീറ പറയുന്നു. കടലാസ് കൊണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും പൂക്കളുടെയുമൊക്കെ രൂപങ്ങള്‍ നിര്‍മിക്കുന്ന കലാവിരുതാണ് ഒറിഗാമി. വ്യത്യസ്തമായ ലുക്കില്‍ അണിഞ്ഞൊരുങ്ങാന്‍ തനീറയുടെ താനി ബ്രാൻഡ് ബനാറസി  സാരികളെ കൂട്ടുപിടിക്കുമ്പോള്‍ ആഭരണങ്ങള്‍ ആവശ്യമേയല്ലെന്നും തനീറ പറയുന്നു.

origami benarasi
ഒറിഗാമി പക്ഷികള്‍ ബനാറസ് സാരിയില്‍

ഫാഷന്‍ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ ഡിസൈനറാണ് തനീറ. കശ്മീരി സാരികളില്‍ തനീറ കൊണ്ടുവന്ന ട്രെന്‍ഡ് ഏറെ ചര്‍ച്ചയായിരുന്നു. ഡല്‍ഹി എന്‍ഐഎഫ്റ്റിയില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ ബിരുദമെടുത്ത തനീറ ബ്രിട്ടനിലെ ചെല്‍സി കോളേജിലാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.ഇന്ത്യന്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ സേത്തിയുടെ മകളാണ് ഈ 23കാരി.