അമേരിക്കയുടെ പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഫാഷന്‍പ്രേമികളുടെയും കണ്ണുണ്ടായിരുന്നു. കമലാ ഹാരിസ് അണിഞ്ഞ പര്‍പ്പിള്‍ ഡ്രെസ്സില്‍ മാത്രമല്ല, മിഷേല്‍ ഒബാമയുടെ പ്ലം ഫ്‌ളോര്‍ ലെങ്ത് ജാക്കറ്റിലും അവര്‍ നോട്ടമിട്ടിരുന്നു. ജാക്കറ്റിനൊപ്പം ധരിച്ച ടര്‍ട്ടില്‍ നെക്ക് സ്വെറ്ററും വൈഡ് ലെഗ് ട്രൗസേഴ്‌സും മിഷേലിന്റെ ഫാഷന്‍ സെന്‍സ് വിളിച്ചോതുന്നവ തന്നെയായിരുന്നു. ഇപ്പോള്‍ തന്റെയും ഫാഷന്‍ ഐക്കണ്‍ മിഷേലാണെന്ന് തുറന്നു പറയുകയാണ് മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബറാക്ക് ഒബാമ.
'വെരി സ്മാര്‍ട്ട് ബ്രദേഴ്‌സ് ബുക്ക് ക്ലബ്' എന്ന പരിപാടിക്കിടെ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ഒബാമ മിഷേലിന്റെ ഫാഷന്‍ സെന്‍സിനെ പറ്റി പറയുന്നത്.
അന്നത്തെ ചടങ്ങില്‍ മിഷേലിന്റെ വസ്ത്രധാരണം വളരെ ഭംഗിയുള്ളതാണെന്നും എന്നാല്‍ തലമുടി കെട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുന്നില്ലെന്നും ഒബാമ പറയുന്നുണ്ട്. 'നിന്നെ കാണാന്‍ വളരെ സുന്ദരിയായിട്ടുണ്ട്. നീയൊരു ഫാഷന്‍ മാതൃക ആയിരിക്കുന്നത് ഇതുകൊണ്ടാണ്.' അന്നത്തെ ചടങ്ങിന് പോകുന്നതിന് മുമ്പ് താന്‍ മിഷേലിനോട് ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ഒബാമ ഓര്‍മിക്കുന്നു.
'നീ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയോ, കണ്ടിട്ട് മാറ്റം തോന്നുന്നില്ല. പക്ഷേ നീ എന്നേക്കാള്‍ ഭംഗിയായി ഒരുങ്ങിയിട്ടുണ്ട്. കാണാനും വളരെ സുന്ദരിയാണ്.' ഒബാമ മിഷേലിനോട് തുടര്‍ന്നത് ഇങ്ങനെ.
സ്ഥാനാരോഹണ ചടങ്ങില്‍ മിഷേല്‍ അണിഞ്ഞ വസ്ത്രം ഡിസൈന്‍ ചെയതത് പ്രസിദ്ധ ഡിസൈനറായ സെരിഗോ ഹുഡ്‌സണാണ്.
Content Highlights: Barack Obama on Michelle being a fashion icon