തല പോലെ തന്നെ ഹെല്‍മറ്റ്, കാല്‍പ്പാദങ്ങള്‍ വളര്‍ന്ന് ചെരുപ്പ്, വന്യമൃഗങ്ങളുടെ കണ്ണുകള്‍ പോലെ കണ്ണട... 'ഭാവന വികസിക്കാനുള്ള ഹെഡ് മസാജര്‍' ഉപയോഗിച്ചാണോ ഈ ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തതെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റംപറയാനാകില്ല. കൊച്ചി സ്വദേശിയും മറുനാടന്‍ മലയാളിയുമായ ജ്യോ ജോണ്‍ മുള്ളൂരിന്റെ സാങ്കല്‍പ്പിക ഉത്പന്നങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്. 

jyo

കഴിഞ്ഞ പത്തുകൊല്ലമായി ദുബായില്‍ ഗ്രാഫിക്‌സ് ഡിസൈനറായി ജോലി ചെയ്യുകയാണ് ജ്യോ. സ്വന്തം തല ഹെല്‍മറ്റില്‍ പ്രിന്റ് ചെയ്തുള്ള ഡിസൈനുമായി കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞത്. ഒറിജിനലിനെ വെല്ലുന്ന ആ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ലോകമെമ്പാടും പ്രചരിക്കുകയും ഹെല്‍മറ്റ് യാഥാര്‍ഥ്യമാക്കാന്‍ പ്രമുഖ നിര്‍മാതാക്കള്‍ ജ്യോയെ തേടിയെത്തുകയും ചെയ്തിരുന്നു. 

ജ്യോയുടെ ഏറ്റവും പുതിയ ആശയങ്ങളാണ് വിചിത്രമായ ചെരുപ്പുകളും കണ്ണടകളും. 'സ്ത്രീസൗന്ദര്യത്തിന് മിഴിവേകാന്‍ മൃഗങ്ങളുടെ കണ്ണുകള്‍' എന്നതായിരുന്നു ജ്യോയുടെ ആദ്യത്തെ ആശയം. മുതലയും പുലിയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ കണ്ണുകള്‍ പ്രതിഫലിക്കുന്ന ലെന്‍സിലൂടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചേരുവകളാണ് ജ്യോ തന്റെ ഫാഷന്‍ ഉത്പന്നത്തില്‍ ചേര്‍ത്തത്.

ഉപ്പൂറ്റി മുതല്‍ വിരല്‍വരെ ചര്‍മത്താല്‍ മൂടുന്ന ചെരുപ്പാണ് മറ്റൊരു 'ഭ്രാന്തന്‍' ആശയം. സോള്‍ സ്‌പോര്‍ട്‌സ് ഷൂസിന്റെ ആകൃതിയിലാണ്. നമ്മുടെ നാടന്‍ മെതിയടിയില്‍ നിന്നാണ് ഇങ്ങനെയൊരു ചെരുപ്പിന്റെ രൂപം സങ്കല്‍പ്പിച്ചെടുത്തത് എന്ന് ജ്യോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതുപോലെ കാലില്‍ വെച്ചുപിടിപ്പിക്കുന്ന ചെരുപ്പുകളാവും ഭാവിയില്‍ മനുഷ്യന്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

jyo

jyo

പല പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിലും ജ്യോയുടെ ഈ ഡിസൈനുകള്‍ വാര്‍ത്തകളായി. അഭിനന്ദനങ്ങളും അഭിപ്രായങ്ങളുമായി നൂറുകണക്കിന് ഈമെയിലുകള്‍ ലഭിച്ചുവരുന്നതായും അദ്ദേഹം പറയുന്നു.

ഹ്യൂണ്ടായ്, നിസാന്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കുവേണ്ടി ഡിസൈനിങ് ചെയ്ത് അനുഭവസമ്പത്തുള്ളയാളാണ് ജ്യോ.