സാരി ഷോപ്പിങ്ങാണ് ഏറ്റവും രസകരം. അധികമാരും കാണാത്ത മോഡലിലുള്ള സാരി വേണം എനിക്ക്. എന്നാല്‍ വലിയ വിലയുമാവരുത്. അതും തപ്പിക്കൊണ്ട് കടകള്‍ കയറിയിറങ്ങും. അതിന് നല്ല ക്ഷമ വേണം. സാരിയോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ അലയുന്നതും. വേറൊരു വസ്ത്രം എടുക്കുമ്പോള്‍ പോലും ഇത്രയും സമയം ചെലവഴിക്കാറില്ല. ടീനേജ് പ്രായത്തില്‍ സാരിയുടുക്കുമ്പോള്‍ ആണ്‍കുട്ടികള്‍ വന്നിട്ട്, സാരിയില്‍ കാണാന്‍ നല്ല ഭംഗിയാണെന്നൊക്കെ പറയും. മറ്റുള്ളവര്‍ 'wow' പറയുമ്പോള്‍ ഭയങ്കര സന്തോഷം തോന്നും.
ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷമാണ് സാരി എന്റെ ഫേവറേറ്റ് വസ്ത്രമായത്. 'സീത' സീരിയലില്‍ സ്ഥിരവേഷം സാരി തന്നെയാണ്. സാരിയുടുത്തിട്ട് കൊള്ളില്ലെന്ന് പറഞ്ഞാലോ പ്രായം തോന്നിക്കുന്നു എന്ന് പറഞ്ഞാലോ ഒന്നും ഞാന്‍ പിന്മാറില്ല. അത്രയേറെ ഇഷ്ടമാണ്.
സാരിയണിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ബഹുമാനത്തോടെ നോക്കുന്നത് ആസ്വദിക്കാറുണ്ട്. മറ്റുവസ്ത്രങ്ങള്‍ അണിഞ്ഞാല്‍ അത് കിട്ടില്ല. ചില പ്രശസ്ത നര്‍ത്തകിമാര്‍ സാരി അണിഞ്ഞുവരുന്നത് കാണുമ്പോള്‍ നമുക്കൊരു പ്രത്യേക ആകര്‍ഷണം തോന്നാറില്ലേ. രമ വൈദ്യനാഥന്‍, മേതില്‍ ദേവിക, രാജശ്രീ വാര്യര്‍, ഇവരൊക്കെ സാരിയുടുക്കുന്നത് എന്ത് ഭംഗിയോടെയാണ്. അതിനുപയോഗിക്കുന്ന ആക്‌സസറി. എല്ലാം ക്ലാസിക് ടച്ചാണ്. അതുപോലെ ബോളിവുഡ് നടിമാരായ രേഖ, വിദ്യാജി...എത്ര വലിയ പരിപാടികള്‍ക്കും അവര്‍ സാരിയണിഞ്ഞേ വരൂ. സാരിയില്‍ അവര്‍ എടുത്ത് നില്‍ക്കും. 'ഐ ലവ് സാരീസ്..' -സാരി പ്രണയത്തെ കുറിച്ച് സ്വാസിക പറയുന്നു
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content highlights : Actress Swasika's Saree love