ഴക്കാലത്ത് സ്‌റ്റൈലാകാന്‍ ഔട്ട്ഫിറ്റ് മാത്രം ശ്രദ്ധിച്ചാല്‍ മതിയാവില്ല. നല്ല കിടിലന്‍ ഔട്ട്ഫിറ്റിനൊപ്പം ഫൂട്‌വെയറും സൂപ്പറാക്കേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ കാലാവസ്ഥയ്ക്കു ചേരുന്ന ചെരുപ്പു തിരഞ്ഞെടുത്തില്ലെങ്കില്‍ സ്‌റ്റൈലിന്റെ കാര്യത്തിലും നിങ്ങള്‍ വഴുതി വീണേക്കും. നനഞ്ഞാല്‍ കേടുപാടുകള്‍ സംഭവിക്കുന്ന ലെതര്‍ മെറ്റീരിയലുകളോട് നോ പറയേണ്ട കാലമാണിത്.

ലെതര്‍ ഷൂസുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരും സൂക്ഷിക്കണം. ഈര്‍പ്പമുള്ള ലെതര്‍ പാദരക്ഷകള്‍ അണുബാധയ്ക്ക് കാരണമായേക്കും. ഇറുകിയതും വെള്ളം വലിക്കുന്നതുമായ പാദരക്ഷകള്‍ ഒഴിവാക്കണം. ഗ്രിപ്പുള്ളതും കംഫര്‍ട്ട് ഫിറ്റിങ്ങുളള്ളതുമായിരിക്കണം പാദരക്ഷകള്‍. പാദങ്ങള്‍ക്ക് ഫംഗല്‍ ബാധയേല്‍ക്കാതിരിക്കാനാണ്. ഗ്ലാഡിയേറ്റര്‍, ഓപ്പണ്‍ സാന്‍ഡല്‍, ജെല്ലി ഷൂസ്, സിലിക്കണ്‍ ഷൂസ്, പി.വി.സി. ബൂട്ട്സ്, ഗംബൂട്ട്സ്, ഫ്‌ലിപ് ഫ്ലോപ്സ്, സ്ലിപ് ഓണ്‍സ് തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്. മഴക്കാലത്ത് ഫാഷന്റെ കാര്യത്തിലും തെന്നിവീഴാതിരിക്കാന്‍ ചില ടിപ്സ്.

ബൂട്ട്സെടുക്കാം

ട്രെന്‍ഡിയാണ് എന്നതിനൊപ്പം കംഫര്‍ട്ടബിളുമാണ് ബൂട്ട്സുകള്‍. പാദം മുഴുവന്‍ മൂടുന്ന ബൂട്ട്സുകള്‍ മഴക്കാലത്തിന് അനുയോജ്യമാണ്. റബ്ബര്‍ മെറ്റീരിയലുകളില്‍ തീര്‍ത്തവ തിരഞ്ഞെടുക്കാം. ഷോര്‍ട്ട് ഔട്ട്ഫിറ്റുകള്‍ക്കൊപ്പം ബൂട്ട്സിന് ഭംഗിയേറും. അതുപോലെ തന്നെയാണ് ഫ്ളോട്ടര്‍ സാന്‍ഡലുകള്‍. സെമിഫോര്‍മല്‍ ഔട്ട്ഫിറ്റുകള്‍ക്കൊപ്പം മഴക്കാലത്ത് ഇവ വളരെ കംഫര്‍ട്ടബിളാണ്. പുറത്തേക്കിറങ്ങുമ്പോള്‍ നിറയെ വെള്ളം ആണെങ്കില്‍ ഈ വേളയില്‍ ഗം ബൂട്ടുകള്‍ കാലുകള്‍ക്ക് നല്ല സുരക്ഷിതത്വം നല്‍കും. പാദങ്ങള്‍ക്ക് ഉള്ളിലേക്ക് അകത്തേക്ക് വെള്ളം കയറില്ലെന്ന ആശ്വാസമുണ്ട്. ബൂട്ട്സില്‍ പറ്റിയ അഴുക്ക് തുടച്ചു കളയാനും വളരെ ഈസിയാണ്.

കൂളാകാന്‍ ക്ലോഗ്

മഴയത്ത് നനഞ്ഞ് കുതിരുന്ന കാല്‍പാദങ്ങള്‍ക്ക് ക്ലോഗ് പെര്‍ഫെക്ട് ചോയ്സാണ്. മണ്‍സൂണിനണിയാന്‍ അത്രയും കൂളായ ഫുട് വെയറാണിവ. നനഞ്ഞാലും ഇവയില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാവുകയില്ല. ലോഫേഴ്സും കാഷ്വല്‍ വെയറിനൊപ്പം മാച്ച് ചെയ്ത് ഉപയോഗിക്കാം.

ഫ്ളിപ് ഫ്ലോപ്പ്

ചെളിയും അഴുക്കും നിറഞ്ഞ വഴിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ഫ്ളിപ് ഫ്ലോപ്പ് അണിയാം. ഡ്രസിനിണങ്ങിയ ബ്രൈറ്റ് കളര്‍ ഫ്‌ലിപ് ഫ്ളോപ്പുകള്‍ മാറിയണിയാം. ഡ്രസില്‍ ചെളിയും വെള്ളവും തെറിക്കുന്നുവെങ്കില്‍ സ്ട്രാപുള്ള ഫ്‌ലിപ് ഫ്ളോപ്പുപയോഗിക്കാം. റബ്ബറിലും പ്ലാസ്റ്റിക്കിലും തീര്‍ത്ത ഫ്ളോറല്‍ ഫ്‌ലിപ് ഫ്ളോപ്പുകളും ലഭ്യമാണ്.

ഹീല്‍സ് വേണോ

മഴക്കാലത്തും ഹീല്‍സ് ധരിക്കുന്നത് കരുതലോടെ വേണം. വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. പക്ഷെ കാലില്‍ അഴുക്കാവാതിരിക്കാന്‍ ഹീല്‍ ഉപയോഗിക്കുന്നതും നല്ലതാണ്. പി.വി.സി. സോള്‍, ജെല്ലി സ്ട്രാപ്സ് ഉള്ള ഹീലുകള്‍ വേണം മഴക്കാലത്ത് സ്പെഷ്യല്‍ ഒക്കേഷനില്‍ ഉപയോഗിക്കാന്‍.

Content Highlights: About footwears in Rainy season