കൊച്ചി: കവിത വിടരുന്ന വസ്ത്രങ്ങളെക്കുറിച്ചറിയാമോ? ഫാഷനും സാഹിത്യവും ഒരുമിച്ചുനില്‍ക്കുന്ന കലാസൃഷ്ടി അങ്ങനെ വേണം 'വേദിക' കേരള കളക്ഷനുകളെക്കുറിച്ചു പറയേണ്ടത്. മഹാകവി വള്ളത്തോളിന്റെ ദേശസ്‌നേഹം സ്ഫുരിക്കുന്ന വരികള്‍ ഭംഗിയായി ഗോള്‍ഡന്‍ ജെറി എംബ്രോയ്ഡറി ചെയ്ത കസവുകുര്‍ത്ത ആരുടെയും മനം കവരും. സ്വന്തം മണ്ണിന്റെ തനിമ ചേര്‍ത്തുപിടിക്കുന്ന ഫാഷന്‍ സങ്കല്പങ്ങളിലേക്കു പുതിയ തലമുറയെ ക്ഷണിക്കുകയാണ് ഈ കളക്ഷന്‍സ്.

'ഭാരതം എന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍' എന്ന വരികളെഴുതിയ കസവുകുര്‍ത്ത നടി ശാന്തിപ്രിയ അണിഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കസവില്‍ തീര്‍ത്ത മാന്‍ഡറിന്‍ കോളറും ത്രീഫോര്‍ത്ത് സ്ലീവുമുള്ള ഓഫ് വൈറ്റ് കുര്‍ത്ത എത്നിക് ഭംഗിക്കൊപ്പം പ്രൊഫഷണല്‍ ലുക്ക് കൂടിത്തരുന്നു.

womenഏഴു നിറങ്ങളിലെ ബട്ടണുകളും കുര്‍ത്തയുടെ മനോഹാരിത കൂട്ടുന്നു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായി കാണുന്ന ആനപ്പട്ടമെന്ന തീമില്‍ നിന്നാണ് ഏഴു വ്യത്യസ്ത നിറങ്ങളിലുള്ള ബട്ടണുകള്‍ നല്‍കിയതെന്ന് ഡിസൈനറായ മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. എല്ലാക്കാലത്തും പ്രസക്തമായ ഫാഷന്‍ എന്ന ആശയത്തില്‍നിന്നാണ് വള്ളത്തോളിന്റെ കവിതയുടെ ആശയമുള്‍ക്കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് അവര്‍ പറയുന്നു.

ഓണക്കാലത്ത് വ്യത്യസ്തമായൊരു ഓണക്കോടി ആഗ്രഹിക്കുന്നവര്‍ക്ക് വേദികയുടെ ഓണം കളക്ഷനുകള്‍ പരീക്ഷിക്കാം. ഫാഷനില്‍ പല പരീക്ഷണങ്ങളും നടത്താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് മൈത്രി പറയുന്നു. ഒമ്പതു ഭാഷകള്‍ എഴുതിയ സാരിയും വേദിക നേരെത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വീകാര്യത കൂടിയാണ് ഈ ഓണക്കാലത്ത് ഇങ്ങനെയൊരു ആശയം മനസ്സിലെത്തിച്ചത്.

ഏതു പ്രായക്കാര്‍ക്കും ഒരുപോലെ യോജിക്കുന്ന കസവു കുര്‍ത്ത സ്‌കര്‍ട്ടിനും പലാസോയ്ക്കും പെന്‍സില്‍ പാന്റ്സിനുമെല്ലാം ഒരേ പോലെ ചേരും. സിംപിളും എലഗന്റുമായ ഔട്ട്ഫിറ്റുകള്‍ എന്നും ട്രെന്‍ഡിങ്ങില്‍ പിടിച്ചുനില്‍ക്കും. ഹാന്‍ഡ് ബ്ലോക്ക്പ്രിന്റഡ് കലംകാരി കേരള സാരി ഇത്തവണത്തെ ഓണത്തിന്റെ മാറ്റുകൂട്ടും. കൂടാതെ മ്യൂറല്‍ സാരികള്‍, കച്ച് വര്‍ക്കും കട്ട് വര്‍ക്കുമുള്ള സാരികള്‍, കുന്ദനും പേളും ആപ്ലിക് വര്‍ക്കും ചെയ്ത കുര്‍ത്തകളും സാരികളും വേദികയുടെ ഓണം കളക്ഷനിലുണ്ട്

Content Highlights: A Dress brand from Kerala present Vallathol Poetry embroidery kurta for Onam