കൊച്ചി: പട്ടുവസ്ത്രങ്ങളോടുള്ള ഇഷ്ടമാണ് ബീന കണ്ണൻ എന്ന തന്റെ പുതിയ ബ്രാൻഡിന് പ്രചോദനമായതെന്ന് ഇന്ത്യയിലെ പ്രശസ്ത ടെക്സ്റ്റൈല്‍ സംരംഭകയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണൻ.  കുട്ടിക്കാലം തൊട്ടേ പട്ടുവസ്ത്രങ്ങളുടെ ആരാധികയാണ് ബീന കണ്ണൻ. ആഗോളതലത്തിലേക്ക് തന്റെ വസ്ത്ര പാരമ്പര്യത്തെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു 2000ല്‍ ശീമാട്ടി എന്ന വലിയ സംരംഭം ബീന കണ്ണൻ ഏറ്റെടുക്കുന്നത്.  കാഞ്ചിപുരത്തിന്റെ യഥാർത്ത സംസ്‌കാരം സംരക്ഷിക്കുന്നതിനോടൊപ്പം ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുള്ള ബീന കണ്ണന്റെ കളക്ഷനുകൾ എക്കാലത്തും പ്രശസ്തമാണ്.

അമ്മയുടെ അലമാരയിൽ നിന്ന് എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞ, മൾട്ടികളേർഡ് , വരകളുള്ള കാഞ്ചിപുരം സാരിയാണ് എനിക്ക് ലഭിച്ച ആദ്യത്തെ സാരി. ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ട സാരിയും അത് തന്നെയാണ്-പട്ടുവസ്ത്രങ്ങളോടുള്ള ദിവ്യമായ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ബീന കണ്ണന്റെ മറുപടിയാണിത്.

ഈ പ്രണയത്തെ പുതിയ തലങ്ങളിലെത്തിച്ചാണ്, പട്ടുവസ്ത്രങ്ങൾക്ക് ഒരു പുതിയ  മുഖച്ഛായ നൽകി ദക്ഷിണേന്ത്യയിടെ ആദ്യത്തെ പ്രീമിയം ബ്രാൻഡായി ബീന കണ്ണൻ അവതരണത്തിനൊരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള  നെയ്ത്ത് ശൈലികൾ  സംയോജിപ്പിച്ച്, കാഞ്ചിപുരം പ്രചോദിതമായി അവതരിപ്പിക്കുന്ന  ഉയർന്ന  നിലവാരമുള്ള അതുല്യമായ ഡിസൈനുകളുടെ വസ്ത്ര നിരയാണ് ബീന കണ്ണൻ എന്ന ബ്രാൻഡ്. മാർച്ച്  23ന് കൊച്ചി, ഗ്രാൻഡ് ഹയാത്ത്, ബോൾഗാട്ടിയിൽ വെച്ച് നടക്കുന്ന പ്രൗഢോജ്വല ചടങ്ങിൽ ബീന കണ്ണൻ എന്ന പ്രീമിയം ബ്രാൻഡിന്റെ  അവതരണം അരങ്ങേറും.