കൊച്ചി: കാഞ്ചിപുരം ശൈലിയിലൂടെ ലോക പ്രശസ്തി നേടിയ പ്രമുഖ ഡിസൈനർ  ബീന കണ്ണൻ, പുതിയ ലക്ഷ്വറി സിൽക്ക് വസ്ത്ര ബ്രാൻഡ് അവതരിപ്പിക്കുന്നു. 'ബീന കണ്ണൻ' എന്ന പുതിയ ബ്രാന്‍ഡിന്റെ അവതരണം മാർച്ച് 23 ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടക്കും. ഇന്ത്യയിലെ തനതായ സിൽക്ക് പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോകത്തിന് മുന്നിൽ "ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ലോകോത്തര ഹൌട്ട് കോട്ടൂർ ബ്രാൻഡ് " എന്ന വിശേഷണവുമായാണ് ബീന കണ്ണൻ എത്തുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ നെയ്ത്ത് കലയുടെ മഹത്വം  സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവിസ്മരണീയ സംഭാവനകൾ നൽകിയ ബീന കണ്ണന്റെ പുതിയ ഉദ്യമം  പട്ടുവസ്ത്രവ്യവസായത്തെ പുതിയ തലങ്ങളിലെത്തിക്കും. തനതായ രൂപകൽപനയും  വ്യത്യസ്തമാർന്ന കളക്ഷനുകളുമാണ് ബീന കണ്ണനെ മറ്റുള്ള ഡിസൈനറുകളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

കൊച്ചിയിലെ ശീമാട്ടിയുടെ അഞ്ചാം നിലയിൽ ഒരുങ്ങുന്ന ബീന കണ്ണൻ ഫ്ലാഗ്ഷിപ് സ്റ്റോർ ഇന്ത്യയിലെ ലക്ഷ്വറി ഫാഷൻ പ്രേമികൾക്ക് മറ്റൊരു വിരുന്നായിരിക്കും. 17500sq ft ൽ ഒരുങ്ങുന്ന ബീന കണ്ണനിലെ  പ്രവേശനം ബുക്കിങ്ങിലൂടെയും, ഇൻവൈറ്റുകളിലൂടെയും മാത്രമായിരിക്കും. "എക്സ്പീരിയൻസ് സിൽക്ക് " എന്ന പുതുമയുമായാണ് കൊച്ചിയിലെ ഫ്ലാഗ്ഷിപ് സ്റ്റോർ തുറക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഭാരതത്തിന് പുറത്തും പുതിയ സ്റ്റോറുകൾ ഉടൻ തുറക്കുമെന്ന് ബീന കണ്ണൻ അറിയിച്ചു. ഭാരതീയ പട്ടുവസ്ത്രകലയുടെ ശ്രേഷ്ഠത ലോകമെമ്പാടുമുള്ള  ലക്ഷ്വറി ഫാഷൻ പ്രേമികൾക്കിടയിൽ എത്തിക്കുക എന്നതാണ് ബീന കണ്ണൻ ബ്രാൻഡിലൂടെ ലക്ഷ്യമിടുന്നത്.

റിക്കീ ചാറ്റര്‍ജി, സുമൻ രത്തൻ സിങ് റാവു, രേവതി ഛേത്രി തുടങ്ങിയ മുൻനിര മോഡലുകൾ ബീന കണ്ണൻ എന്ന പുതിയ ബ്രാൻഡിന്റെ സമാരംഭത്തിന് തിളക്കമേകാൻ  റാംപിലെത്തും. ഫാഷൻ വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം ലൂക്‌സ്ബുക്ക്, കോസ്‌മോപോളിറ്റന്‍, വോഗ്, പോപ്ക്‌സോ തുടങ്ങിയ ലോകോത്തര ഫാഷന്‍ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.