''ഓ, അതൊക്കെ സെലിബ്രിറ്റികള്‍ക്കും മോഡലുകള്‍ക്കുമൊക്കെ ഉള്ളതല്ലേ..'' -മെയ്ക്ക്ഓവര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമുക്കാദ്യം തോന്നുക ഇങ്ങനെയാകും. എന്തുകൊണ്ട് സാധാരണക്കാര്‍ക്കും മെയ്ക്ക്ഓവര്‍ ആയിക്കൂടാ? ഈ ചിന്തയാണ് പ്രശസ്ത മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ജസീന കടവിലിനെ 'ലെറ്റ്ഡ് ഡു മെയ്ക്ക്ഓവര്‍ ആന്‍ഡ് ലവ് യുവര്‍സെല്‍ഫ്' (Let's do makeover and love yourself) എന്ന ആശയത്തിലേക്ക് എത്തിച്ചത്. 

തനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് ചിലരെ തിരഞ്ഞെടുത്ത് സ്വന്തം ചെലവില്‍ മെയ്ക്ക്ഓവര്‍ നടത്തുകയാണ് ജസീന. അതില്‍ പ്രശസ്തരും സാധാരക്കാരുമൊക്കെ ഉള്‍പ്പെടും. കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ പല പ്രായത്തിലുള്ളവരും പല മേഖലയില്‍ നിന്നുള്ളവരും ജസീനയുടെ കരവിരുതില്‍ വ്യത്യസ്ത രൂപത്തിലേക്കും ഭാവത്തിലേക്കും കൂടുമാറി.

ആദ്യഘട്ടത്തില്‍ അഞ്ചുപേരെയാണ് ജസീന മെയ്ക്ക്ഓവര്‍ ചെയ്തത്. ഇലക്ട്രീഷ്യനായ സുദര്‍ശന്‍, വീട്ടമ്മയായ സുഫൈറ, വിദ്യാര്‍ഥിയായ വിഷ്ണുരാജ്, ഹോട്ടലില്‍ ഹൗസ് കീപ്പറായ സൂര്യ, ഗായികയും നടിയുമായ രശ്മി സതീശ് എന്നിവരാണ് മെയ്ക്ക് ഓവറിന് എത്തിയത്. എല്ലാവരും ജസീനയുടെ പരിചയക്കാര്‍. മെയ്ക്ക്ഓവര്‍ കാര്യം പറഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതം മൂളി. അങ്ങനെ Let's do makeover and love yourself എന്ന ആശയം യാഥാര്‍ത്ഥ്യമായി.

Let's do makeover and love yourself

 

ആദ്യഘട്ടത്തിന് ലഭിച്ച പ്രോത്സാഹനവും പിന്തുണയുമാണ് ജസീനയ്ക്ക് രണ്ടാംഘട്ട മെയ്ക്ക്ഓവര്‍ ഷൂട്ടിനുള്ള ആത്മവിശ്വാസം നല്‍കിയത്. ഇത്തവണ 'ലെറ്റ്സ് ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി' (Let's break the rule of beauty) എന്നതാണ് ജസീനയുടെ തീം. പരമ്പരാഗത സൗന്ദര്യ സങ്കല്‍പങ്ങളെല്ലാം മാറ്റിവെച്ച് എന്തിലും സൗന്ദര്യമുണ്ടെന്ന് വിളിച്ചുപറയുകയാണ് ഈ മെയ്ക്ക്ഓവര്‍ ഷൂട്ടിലൂടെ ജസീന.

Let's break the rule of beauty

കനത്ത മെയ്ക്കപ്പും അലസമായിക്കിടക്കുന്ന സാരിയും കടുത്ത വര്‍ണങ്ങളും വലിപ്പമേറിയ ആഭരണങ്ങളുമൊക്കെയായിരുന്നു മെയ്ക്ക്ഓവറിനായി ഉപയോഗിച്ചത്. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതും അത് തീമിന് യോജിക്കുന്ന തരത്തില്‍ ഒരുക്കിയതുമെല്ലാം ജസീനയുടെ മേല്‍നോട്ടത്തില്‍ തന്നെ. മാലയും മറ്റും ആവശ്യമായ മുത്തുകള്‍ തിരഞ്ഞെടുത്ത് വാങ്ങി സ്വന്തമായി കോര്‍ത്തെടുക്കുയായിരുന്നു.നാലു പേരാണ് 'ലെറ്റ്സ് ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി' മെയ്ക്ക്ഓവറില്‍ പങ്കെടുത്തത്.

Let's break the rule of beauty

രശ്മി സതീശ് രണ്ടാംവട്ടവും മെയ്ക്ക് ഓവറിന് എത്തിയപ്പോള്‍ കുക്ക് ആയ ലത രാജീവ്, നര്‍ത്തകിയായ രേവതി ജയകൃഷ്ണന്‍, പുരാരേഖ വകുപ്പില്‍ ഉദ്യോഗസ്ഥയായ അഞ്ജു രാജശേഖരന്‍ എന്നിവര്‍ ആദ്യമായി രൂപംമാറി ക്യാമറയ്ക്ക് മുന്നിലെത്തി. 
 

ജസീന കടവില്‍
ഹെയര്‍ സ്റ്റയിലിസ്റ്റ്, മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ്

വര്‍ഷം, ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി, ഇടുക്കി ഗോള്‍ഡ്, 1983, പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ ഹെയര്‍ സ്റ്റയിലിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് മെയ്ക്ക് അപ്പ് മേഖലയിലും കഴിവുതെളിയിച്ചു. ഇപ്പോള്‍ മാഗസീനുകള്‍ക്കും മറ്റും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഫ്രീലാന്‍സായി മെയ്ക്ക് അപ്പ് ഒരുക്കുന്നു. 'ഗൃഹലക്ഷ്മി'യ്ക്കായി ചെയ്ത പ്രയാഗ മാര്‍ട്ടിന്റെ പഴയകാല നായികാ കഥാപാത്രങ്ങളായുള്ള മെയ്ക്ക്ഓവറും അരിസ്റ്റോ സുരേഷിന്റെ മെയ്ക്ക്ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

ചിത്രങ്ങള്‍: മുഹമ്മദ് അബ്ദുള്ള


കോസ്റ്റ്യൂം: സുഹാസ്, ദിവ്യ

 

Content Highlights: Jaseena Kadavil's Let's break the rule of beauty Concept,  Jaseena Kadavil, Let's break the rule of beauty