മ്മളിൽ പലർക്കും ചെയ്യാൻ ഏറ്റവും മടിയുള്ള ഒരു കാര്യമാണ് വ്യായാമം. തിരക്കാണ്, അല്ലെങ്കിൽ സമയമില്ല എന്നിങ്ങനെ ന്യായങ്ങൾ പറഞ്ഞ്‌ എപ്പോഴും ഇതുമാത്രം മാറ്റിവയ്ക്കാറുണ്ട്. എന്നാൽ, ഫേസ്‌ബുക്ക് നോക്കാൻ  സമയമുണ്ടെങ്കിൽ വ്യായാമം ചെയ്യാനുള്ള സമയവും ഉണ്ടാക്കാവുന്നതേ ഉള്ളൂ എന്നുള്ളതാണ് സത്യം. അതിനു ഒരൽപ്പം പ്രചോദനത്തിന്റെ കുറവേയുള്ളൂ. 

എല്ലാവർക്കും  ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു തോന്നുന്നത് വ്യായാമത്തിനു പറ്റിയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാണ്. ഒത്തിരി ഇറുക്കമുള്ളതോ അയഞ്ഞ തരത്തിലുള്ളതോ ആകാതെ പാകത്തിന് ഇറക്കം ഉള്ളതും എന്നാൽ ധരിക്കുമ്പോൾ സൗകര്യപ്രദമായിട്ടുള്ളതും ആയ വസ്ത്രങ്ങൾ ആണ് വ്യായാമത്തിനു ഉചിതം. ആരോഗ്യമുള്ളവരായി ഇരിക്കുക എന്നുള്ളത് ഒരു ട്രെൻഡ് അല്ല അത് ഒരു ജീവിതശൈലി തന്നെയാണ്. 

ഒരു ലെഗ്ഗിങ്സും ഇട്ട്‌ അതിനു മുകളിൽ ഒരു ടിഷർട്ടും ഇട്ട്‌ ജിമ്മിൽ പോയിരുന്ന കാലമൊക്കെ മാറി. പലതരം വ്യായാമങ്ങൾക്ക്‌ ഉതകുന്ന വേഷങ്ങൾ ഇപ്പോൾ ഇഷ്ടംപോലെ ലഭ്യമാണ്. വെറുതെ നടക്കാൻ പോകുന്നതിനാകട്ടെ, അല്ലെങ്കിൽ യോഗയ്ക്ക് ആകട്ടെ ഏറ്റവും ഉചിതമായ വസ്ത്രങ്ങൾ ധരിച്ചാൽ വർക്കൗട്ട് ചെയ്യുന്നത് എളുപ്പം മാത്രമല്ല, സ്റ്റൈലിഷും ആക്കാം.

നമുക്ക് പ്രിയപ്പെട്ട സിനിമാതാരങ്ങൾ ധരിക്കുന്ന വേഷങ്ങൾ നമ്മളെ സ്വാധീനിക്കാറുണ്ട്. അത് പാർട്ടി വെയറുകളോ ആക്ടീവ് വെയറുകളോ ആകാം. ആക്ടീവ് വെയറുകൾ കാഷ്വൽ ആയി ധരിക്കുന്നതു ഇപ്പോൾ ഒരു ട്രെൻഡ് ആയിത്തന്നെ മാറിയിട്ടുണ്ട്. അതിന്റെ പിറകിലും ഈ പറഞ്ഞ സിനിമാ താരങ്ങൾ തന്നെയാണ്. ശാരീരിക സൗന്ദര്യം കാത്തു സൂക്ഷിക്കാനായി വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഈ താരങ്ങൾ തന്നെയാണ് ആക്ടീവ് വെയറുകളുടെ പരസ്യങ്ങളിലും മുന്നിട്ടു നിൽക്കുന്നത്. പല താരങ്ങളുടെയും പേരിൽ അവരുടെ സ്വന്തം ബ്രാൻഡുകൾ വരെ ഇപ്പോൾ നിലവിലുണ്ട്. 

silpa shettyആക്ടീവ് വെയർ തിരഞ്ഞെടുക്കുമ്പോൾ ആദ്യം അതിനോടനുബന്ധമായ നല്ല ഗുണനിലവാരമുള്ള ‘ഇന്നർ വെയറുകൾ’ വാങ്ങുന്നത് നല്ലതായിരിക്കും. സിന്തറ്റിക് ഫൈബറിന്റെ മെറ്റീരിയൽ കൊണ്ടുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്താൽ വിയർപ്പ്‌ ശരീരത്തിൽ തങ്ങിനിൽക്കാതെ നോക്കിക്കൊള്ളും. പോളിയെസ്റ്റർ, ലൈക്ര, സ്പാൻഡക്സ് പോലുള്ളവ ഇതിനു പറ്റിയതാണ്.

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ താപനില നിലനിർത്താൻ ഇവ സഹായിക്കും. ചെറിയതോതിലുള്ള നടപ്പോ സ്ട്രെച്ചിങ്ങോ മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ ധരിക്കാൻ അനുയോജ്യം കോട്ടൺ കൊണ്ടുള്ള വേഷങ്ങൾ ആണ്. ഒത്തിരി വിയർക്കാൻ സാധ്യതയുള്ളവർ കോട്ടൺ ഒഴിവാക്കുന്നതാണ് നല്ലത്. 

എയ്‌റോബിക്സോ, അതു പോലുള്ള മറ്റു കൂടിയ വർക്ക് ഔട്ടുകളോ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നൈക്കി ഡ്രൈ-ഫിറ്റ് പോലുള്ള നല്ല ബ്രാൻഡ്‌ വാങ്ങിയാൽ കൂടുതൽ കാലം കേടു കൂടാതെ അതു ഉപയോഗിക്കാവുന്നതാണ്.  

ജോഗിങ് അല്ലെങ്കിൽ ബൈക്കിങ്‌ പോലുള്ള പ്രവൃർത്തികൾ  ആണെങ്കിൽ നീളം കൂടിയ പാന്റുകൾക്കു പകരം കാപ്രി സ്റ്റൈൽ ഉപയോഗിച്ചാൽ തട്ടിവീഴുമെന്നോ ബൈക്ക് പെഡലിൽ കുരുങ്ങുമെന്നോ ഉള്ള പേടി വേണ്ട. യോഗ അല്ലെങ്കിൽ പിലാറ്റീസ് ചെയ്യുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക തരം യോഗ പാന്റ്‌സുകൾ നിലവിലുണ്ട്. ഇതൊന്നും വേണ്ട എങ്കിൽ ഒരു ട്രാക്ക് പാന്റ്സും റേസർ ബാക് ടീ യും ഉണ്ടെങ്കിൽ ആകർഷകമായി ജിമ്മിൽ പോകാനുള്ള വേഷമായി. 

എപ്പോഴും പാദങ്ങളുടെ സുരക്ഷയ്ക്കായി അനുയോജ്യമായ സ്പോർട്സ് ഷൂസുകൾ ധരിക്കുക. ഇല്ലെങ്കിൽ വ്യായാമത്തിനിടയിൽ കാലുകൾക്കു പരിക്ക് പറ്റാനിടയുണ്ട്. പ്ലെയിൻ ആയിട്ടുള്ള വസ്ത്രങ്ങൾക്ക് പെട്ടെന്നൊരു ആകർഷകത്വം നൽകാനായി നിയോൺ, അല്ലെങ്കിൽ കടും നിറങ്ങളിലെ ഷൂസുകൾ തിരഞ്ഞെടുക്കുക.
ആണുങ്ങൾക്ക് ഏറ്റവും എളുപ്പവും അനുയോജ്യവും ഷോർട്സും ടി-ഷർട്ടും ആണ്. ഷോർട്സ് ഇടാൻ താത്‌പര്യമില്ലാത്തവർക്ക്‌ വർക്കൗട്ട് പാന്റ്സ് ഉപയോഗിക്കാവുന്നതാണ്. 

പെൺകുട്ടികൾക്ക് ഷോർട്ട്സിനു പകരം മുട്ടിനു താഴെ വരെ ഇറക്കം ഉള്ള ടൈറ്റ്സും സ്ലോഗൻ ടി-ഷർട്സും  ധരിച്ചാൽ വ്യായാമം ചെയ്യാൻ ഒരു ഉത്സാഹം ഒക്കെ താനേ കൈവരും. തണുപ്പുള്ള സമയങ്ങളിൽ വഴിയിലൂടെ നടക്കാനിറങ്ങുന്നവർക്ക്‌ ഒരു നല്ല സ്പോർട്‌സ്‌ ജാക്കറ്റ്‌ ധരിച്ചാൽ നല്ലതായിരിക്കും. ശരീരത്തിന്റെ താപനില കൂടുന്നതനുസരിച്ചു അത് ഊരി മാറ്റി അരയിൽ കെട്ടിയാൽ മതി. 

ടെന്നീസ് കളിക്കുന്നവർ  റിസ്റ്റ്ബാൻഡ് കെട്ടിയാൽ നെറ്റിയിലെ വിയർപ്പു തുടയ്ക്കാൻ എളുപ്പമാണ്. നീന്താൻ പോകുന്നവർ സ്വിം ഗോഗിൾസ്‌ ധരിക്കുന്നത്‌ കണ്ണുകളെ സംരക്ഷിക്കുന്നതിന് ഉതകും.

സാധാരണ ദിവസങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളായ ജീൻസ്‌, ചുരിദാറുകൾ, ചെരിപ്പുകൾ മുതലായവ വ്യായാമം ചെയ്യുമ്പോൾ ധരിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ, നീളമുള്ള മാല പെട്ടെന്ന് പൊട്ടുന്ന വള എന്നിവയൊക്കെ ധരിക്കുന്നത്‌ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ അപകടം ക്ഷണിച്ചു വരുത്തും. ധാരാളം മുടി ഉള്ളവർ ഹൈ പോണിടെയ്ൽ കെട്ടുന്നത് നല്ല സ്റ്റൈലിഷ് ലുക്ക് തരികയും ചെയ്യും സൗകര്യപ്രദം ആണുതാനും. ഇത്രയും ഒക്കെ ശ്രദ്ധിച്ചാൽ ആർക്കും നല്ല ട്രെൻഡി ആയി വ്യായാമം ചെയ്യാവുന്നതേയുള്ളൂ. എപ്പോഴും ഓർക്കുക, ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സും സ്ഥിതിചെയ്യുന്നത്. അതുകൊണ്ട്, ഇനി അമാന്തം വേണ്ട നല്ല വേഷം തിരഞ്ഞെടുക്കുക, വ്യായാമം തുടങ്ങുക.

writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കൊച്ചി സ്വദേശിനി

Photo: Facebook/ Shilpa Shetty Kundra