ബോളിവുഡിൽ ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടി ആരാണെന്നു ചോദിച്ചാൽ തെല്ലും സംശയിക്കാതെ മറുപടി വരും നടി വിദ്യാ ബാലൻ ആണെന്ന്. വിശേഷ അവസരങ്ങളിലും സിനിമാ പരിപാടികളിലുമൊക്കെ സാരിയിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ വിദ്യ പങ്കുവച്ച മറ്റൊരു സാരി ലുക്കാണ് ശ്രദ്ധേയമാകുന്നത്. 

സിൽക് സാരി ധരിച്ചുനിൽക്കുന്ന വിദ്യയുടെ ചിത്രമാണ് വൈറലാകുന്നത്. കറുപ്പു നിറത്തിലുള്ള പ്രിന്റഡ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ജെജെ വലയാ ഡിസൈനർ ഹാസിന്റേതാണ് സാരി. കഴുത്തിനോട് ചേർന്നു കിടക്കുന്ന കറുപ്പു നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് സാരിക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. ഒപ്പം ബെൽറ്റ് കൂടിയായപ്പോൾ വ്യത്യസ്തമാർന്ന സാരി ലുക്കിലായി താരം. 

​ഗോൾഡൻ കളറിലുള്ള ബോർഡറും കറുപ്പും വെള്ളയും ചുവപ്പും നിറത്തിലുള്ള പ്രിന്റുമാണ് സാരിയെ മനോഹരമാക്കുന്നത്. ഒപ്പം അണിഞ്ഞ ആഭരണങ്ങളും വിദ്യയുടെ മാറ്റുവർധിപ്പിച്ചു. വീതിയുള്ള ബ്രോൺസ് ബ്രേസ്ലെറ്റും അതിനോടു ചേരുന്ന കമ്മലുകളും മോതിരങ്ങളും സ്റ്റൈലിഷ് ലുക് പകർന്നു. മുടി നടുവിൽ നിന്ന് വകഞ്ഞ് പുറകിലേക്കു വലിച്ചുകെട്ടിയതും മിനിമൽ മേക്അപ്പുമൊക്കെ വിദ്യയെ കൂടുതൽ സുന്ദരിയാക്കി. 

ഇനി താരത്തിനെ സുന്ദരിയാക്കിയ ഈ സാരിയുടെ വില എത്രയെന്ന് അന്വേഷിച്ചവരുമുണ്ട്. ഒടുവിൽ ആരാധകർ തന്നെ അതിനുത്തരം കണ്ടെത്തുകയും ചെയ്തു. ജെജെ വലയാ വെബ്സൈറ്റ് പ്രകാരം തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയാണ് സാരിയുടെ വില. സമൂഹമാധ്യമത്തിലൂടെ മുമ്പും സാരിലുക്കിലുള്ള തന്റെ നിരവധി ചിത്രങ്ങൾ വിദ്യ പങ്കുവച്ചിട്ടുണ്ട്. 

Content Highlights: Vidya Balan saree look viral