റാമ്പില്‍ ചുവടുവെച്ച് എന്നത്തേയും പോലെ മനോഹരമായി അവള്‍ നടന്നു..കാണികള്‍ക്ക് അടുത്തെത്തിയപ്പോള്‍ ഒരുവേള റാമ്പില്‍ നിന്നു. ഇരുകൈകളും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ദീര്‍ഘനിശ്വാസത്തോടെ.. കൃതഞ്ജതയാല്‍ തലകുനിച്ച്,  കണ്ണീരണിഞ്ഞ് ബ്രസീലിയന്‍ ബ്യൂട്ടി ആന്‍ഡ്രിയാന ലിമ വിക്ടോറിയാസ്  സീക്രട്ട് ഫാഷന്‍ഷോയോട് വിടപറഞ്ഞു. എണീറ്റ് നിന്ന് കൈയടിച്ചാണ് കാണികള്‍ ആന്‍ഡ്രിയാനക്ക് വിടയേകിയത്. 

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ ഷോയുടെ ഭാഗമാണ് ആന്‍ഡ്രിയാന എന്ന ബ്രസീലുകാരി. അതുകൊണ്ട് തന്നെയാണ് അവസാന റാമ്പ് വാക്കിനിടയില്‍ വികാരഭരിതയായതും. 2000 മുതലാണ് ആന്‍ഡ്രിയാന ഫാഷന്‍ ഷോയുടെ സ്ഥിരസാന്നിധ്യമായത്. 

മുപ്പത്തിയേഴുകാരിയായ ആന്‍ഡ്രിയാന തന്നെയായിരുന്നു ഷോയിലെ അന്നത്തെ താരം. ബേബി ബ്ലു അണ്ടര്‍ ഗാര്‍മെന്റ്‌സില്‍ സ്റ്റേറ്റ്‌മെന്റ് ഫെതര്‍ വിങ്ങും അതിന് ചേരുന്ന ഫെതര്‍ ഹീല്‍സും ധരിച്ചാണ് ആന്‍ഡ്രിയാന റാമ്പിലെത്തിയത്. ബ്ലാക്ക് ലേസിലുള്ള ലോ വി നെക്ക് ഗാര്‍മെന്റായിരുന്നു മറ്റൊന്ന്. രണ്ടിലും അതീവസുന്ദരിയായിരുന്നു ആന്‍ഡ്രിയാന. 

'പ്രിയപ്പെട്ട വിക്ടോറിയ എനിക്ക് ഈ ലോകം കാണിച്ചുതന്നതിന് നന്ദിയുണ്ട്. നിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ച്. എനിക്ക് ചിറകുകള്‍ തരിക മാത്രമല്ല എന്നെ പറക്കാനും പഠിപ്പിച്ചു. ലോകത്തിലെ എല്ലാ നല്ല ആരാധകര്‍ക്കും സ്‌നേഹം.' തന്റെ അവസാന റാമ്പ് വാക്കിനൊടുവില്‍ ആന്‍ഡ്രിയാന കുറിച്ചു. 

Adriana
Image Courtesy : Matt Baron/Rex/ Shutterstock/ Instagram