ഫാഷന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് ബോളിവുഡ് നടി ഉർവശി റൗട്ടേല. വ്യത്യസ്ത ഡിസൈൻ മാത്രമല്ല വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ പേരിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് ഉർവശി. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലൂടെ ഉർവശി പങ്കുവെച്ച ചിത്രത്തിനു പിന്നാലെയാണ് ഫാഷൻലോകം. ഇക്കുറിയും വസ്ത്രത്തിന്റെ വില തന്നെയാണ് തരം​ഗമാകുന്നതിന് പിന്നിൽ. 

സിൽവർ ക്രിസ്റ്റലുകളോടു കൂടിയ തിളങ്ങുന്ന ബോഡികോൺ വസ്ത്രമാണ് ഉർവശി ധരിച്ചിരിക്കുന്നത്. പഫി സ്ലീവോടു കൂടിയ നീലനിറത്തിലുളള വസ്ത്രം താരത്തിന്റെ സൗന്ദര്യം കൂട്ടുന്നതായിരുന്നു. വസ്ത്രത്തിനു ചേരുന്ന ക്രിസ്റ്റൽ സ്റ്റഡുകളോടു കൂടിയ ചെരിപ്പുകളുമാണ് ഉർവശി തിരഞ്ഞെടുത്തത്. 

ഫിലിംഫെയർ റെ‍ഡ്കാർപെറ്റ് വേദിയിലേക്കാണ് താരം വ്യത്യസ്തമായ ഡിസൈനിൽ വേദിയിലെത്തിയത്. മൈക്കൽ സിൻകോ ഡിസൈൻ ചെയ്ത വസ്ത്രത്തിന്റെ വില അറുപതു ലക്ഷത്തോളമാണ്. സ്വരോസ്കി ക്രിസ്റ്റലുകൾ നിറച്ച വസ്ത്രമായതാണ് ഈ വിലയ്ക്ക് കാരണം. ചെരിപ്പിലും നിറഞ്ഞിരിക്കുന്നത് സ്വരോസ്ക് ക്രിസ്റ്റൽ തന്നെ. 

ഡയമണ്ട് കമ്മലുകളും ബ്രേസ്ലെറ്റും മോതിരങ്ങളുമാണ് ഉർവശി വസ്ത്രത്തിനൊപ്പം അണിഞ്ഞത്. ബ്ലൂ ഷിമ്മറി ഐഷാഡോയും പിങ്ക് ലിപ്സ്റ്റിക്കും പോണിടെയിൽ ഹെയർസ്റ്റൈലുമൊക്കെ താരത്തിന്റെ ലുക്ക് കൂട്ടി.

അടുത്തിടെ ഒരു വിവാഹ വേദിയിൽ എത്തിയ ഉർവശിയുടെ ഔട്ട്ഫിറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ കസ്റ്റം മെയ്ഡ് ​ഗോൾ‍ഡൻ സാരിയാണ് താരം ധരിച്ചിരുന്നത്. അതിനൊപ്പം അണിഞ്ഞതാകട്ടെ ഫറാ ഖാൻ അലി ഡിസൈൻ ചെയ്ത ഇരുപത്തിയെട്ടു ലക്ഷം രൂപയുടെ ആഭരണങ്ങളും. 

 

ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു ഫാഷൻ റാംപിനു വേണ്ടി ധരിച്ച ബാൾ ​ഗൗണും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നും മൈക്കൽ സിൻകോ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഉർവശി ധരിച്ചിരുന്നത്. ലാവെൻ‍‍ഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ളവർ പാറ്റേണുകളിലുള്ള വസ്ത്രത്തിന്റെ വില നാൽപതു ലക്ഷമായിരുന്നു. ഫിലിപ്പീൻസ് സ്വദേശിയായ മൈക്കൽ സിൻകോ വിലപിടിപ്പുള്ള ഡിസൈനുകളുടെ പേരിൽ പ്രശസ്തനാണ്.

രണ്ടുതവണ മിസ് ഇന്ത്യ യൂണിവേഴ്സ് തിലകം കരസ്ഥമാക്കിയ താരമാണ് ഉർവശി. 2013ൽ സിങ് സാബ് ദി ​ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശിയുടെ ബിടൗൺ അരങ്ങേറ്റം. 

Content Highlights: urvashi rautela fashion, urvashi rautela dress, price urvashi rautela dress cost, urvashi rautela latest news