ബിടൗണിൽ ഇത് വിവാഹങ്ങളുടെ കാലമാണ്. കഴിഞ്ഞ ആഴ്ചയാണ് നടൻ രാജ് കുമാർ റാവുവും പത്രലേഖയും വിവാഹിതരായത്. വൈകാതെ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകും എന്ന റിപ്പോർട്ടുകളും വന്നുകഴിഞ്ഞു. ഇതിനിടയിലാണ് നടൻ ആദിത്യ സീൽ- നടി അനുഷ്ക രഞ്ജൻ വിവാഹ വാർത്ത പുറത്തുവരുന്നത്. സം​ഗീത് സെറിമണിയിൽ നിന്നുള്ള വിവാഹചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. നിരവധി താരങ്ങൾ അണിനിരന്ന വിവാഹ ചടങ്ങിൽ നടി ആലിയയും പങ്കെടുത്തിരുന്നു. എന്നാൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുകയാണ് നടി ആലിയ ഭട്ട്.

വാണി കപൂർ, രവീണ ടണ്ഠൻ, ഭൂമി പഡ്നേക്കർ, ക്രിസ്റ്റൽ ഡിസൂസ തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇക്കൂട്ടത്തിലാണ് വ്യത്യസ്തമായ ലെംഹ​ഗ ചോളി ധരിച്ച് ആലിയയും എത്തിയത്.  എന്നാൽ താരത്തിന്റെ ചോളി ആരാധകരിൽ പലർക്കും അത്ര ദഹിച്ച മട്ടില്ല. ട്രഡീഷണലിന് അൽപം സ്റ്റൈൽ എലമെന്റ് കൂടി ചേർത്ത ആലിയയുടെ ഔട്ട്ഫിറ്റ് തീരെ പോരെന്നാണ് പലരുടെയും വാദം. ചോളിയുടെ പേരിൽ ആലിയയെ ക്രൂരമായി ട്രോളിയവരും ഉണ്ട്. 

ഓപ്പൺ നെക്കോടു കൂടിയ ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്. ലൈം ​ഗ്രീൻ നിറമുള്ള ചോളിക്ക് ചേരുന്ന ലൈം​ഗ്രീൻ-പിങ്ക് ലെഹം​ഗയാണ് താരം ധരിച്ചത്. പരമ്പരാ​ഗത ശൈലിയിലുള്ള വസ്ത്രത്തെ ആലിയ ഇല്ലാതാക്കി എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ വർഷത്തെ ഫാഷൻ ദുരന്തമായി ഈ വസ്ത്രം എന്നും ബി​ഗ്ബോസ് ഹിന്ദി പതിപ്പിലെ ഉർഫി ജാവേദിനെപ്പോലെ ആലിയയ്ക്കും ഫാഷൻ സെൻസ് നഷ്ടപ്പെട്ടോ എന്നൊക്കെ പോകുന്നു കമന്റുകൾ. എന്നാൽ ആലിയ നടിയാണെന്നു കരുതി അവരുടെ വസ്ത്ര സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല എന്നുപറഞ്ഞ് പിന്തുണ അറിയിക്കുന്നവരുമുണ്ട്. 

അടുത്തിടെയും വസ്ത്രധാരണത്തിന്റെ പേരിൽ ആലിയ ട്രോളുകൾ നേരിട്ടിരുന്നു.  ബ്ലൂ ക്രോപ് ടോപ്പും ലെതർ പാന്റ്സും ധരിച്ച് എയർപോർട്ടിലെത്തിയ ആലിയ ദീപിക പദുക്കോണിന്റെ ശൈലി കോപ്പി ചെയ്യുന്നു എന്നായിരുന്നു വിമർശകർ കണ്ടെത്തിയത്. നടത്തം പോലും ദീപികയുടേത് പോലെയാക്കി എന്നും ദീപികയെ കോപ്പി ചെയ്യുന്നത് ഒന്നു നിർത്താമോ എന്നും ദീപികയെ കോപ്പി ചെയ്യും മുമ്പ് ഇത്തരം വസ്ത്രങ്ങൾ തനിക്ക് ചേരില്ലെന്ന് ആലിയ മനസ്സിലാക്കണം എന്നുമൊക്കെ അന്ന് വിമർശിച്ചവരുണ്ട്. 

Content Highlights: trolls on alia bhatt outfit,  alia bhatt dress collection, aditya seal anushka ranjan wedding