സുന്ദരി എന്ന ഹിറ്റ് സീരിയലിലെ നായികയായ ഈ സുന്ദരിപ്പെണ്‍കൊടി ഇപ്പോള്‍ മിനിസ്‌ക്രീനിലെ മിന്നുംതാരമാണ്. സീരിയലിലെ ഷഫ്നയുടെ സാരികള്‍ കണ്ട് കണ്ണുവെക്കാത്തവരില്ല. പിന്നെ മോഡേണ്‍ വേഷത്തിലെത്തിയപ്പോഴോ അതും ഹിറ്റ്. ഈ ബ്യൂട്ടിഫുള്‍ ഹീറോയിന്റെ ചില സ്റ്റൈല്‍ വിചാരങ്ങള്‍ ഇതാ.

''ഭയങ്കര സ്റ്റൈലിഷായ ആളല്ല ഞാന്‍. പക്ഷേ, ട്രെന്‍ഡുകള്‍ കൃത്യമായി ഫോളോ ചെയ്യും. അതിനനുസരിച്ച് ഡ്രസ്സ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. യാത്ര ചെയ്യുമ്പോള്‍  സൗകര്യത്തിന് ജീന്‍സും ടോപ്പും ഉപയോഗിക്കാറുണ്ടെങ്കിലും സാരിയാണ് എന്റെ എക്കാലത്തെയും ഫേവറിറ്റ്. ഒരു ചടങ്ങ്, അതില്‍ വരുന്ന ആളുകള്‍, അവസരം എല്ലാം നോക്കിയാണ് വസ്ത്രം തിരഞ്ഞെടുക്കാറുള്ളത്.''

ഷൂട്ടിന് മാത്രമാണ് ഷഫ്ന മേക്കപ്പ് ചെയ്യുക. അല്ലാത്തപ്പോള്‍ നോ മേക്കപ്പ്. ''ഫങ്ഷന്‍സിന് പോകുമ്പോള്‍ കണ്ണെഴുതും ലിപ്സ്റ്റിക് ഇടും. അത്രമാത്രം. ഞാന്‍ ഏറ്റവും ശ്രദ്ധിക്കുന്നത് ഐ മേക്കപ്പിലും ലിപ്സ്റ്റിക്കിലുമാണ്. കണ്ണെഴുതുമ്പോള്‍ നല്ല കറുപ്പ് വേണം എനിക്ക്. ലോങ് ലാസ്റ്റിങ് ആകണം. ഐ ലൈനര്‍ ഉപയോഗിക്കുന്നത്  വളരെ കുറവാണ്. ചില ഐ ലൈനര്‍ എത്ര എഴുതിയാലും ഒരു ഗ്രേ കളറേ വരികയുള്ളൂ. നല്ല കറുപ്പുനിറം തരുന്ന ഐ പെന്‍സിലുകളാണ് എനിക്കിഷ്ടം. ജെല്‍ ടൈപ്പ് കാജല്‍ ഇഷ്ടമാണ്. നല്ല കറുപ്പുണ്ടാകും. മാത്രമല്ല കൂടുതല്‍ നേരം നില്‍ക്കും. മുഖം കഴുകിയാലും പോകില്ല. ലോറിയല്‍ ജെല്‍ ഐലൈനര്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജെല്‍ എഴുതാന്‍ കൂടുതല്‍ നേരം എടുക്കും. സമയമുണ്ടെങ്കിലേ അത് ഉപയോഗിക്കൂ. അതും കണ്ണിന് മുകളില്‍ മാത്രം.''

ഫേസസിന്റെ സോളിഡ് ബ്ലാക്ക് ഐപെന്‍സിലാണ് ഷഫ്നയുടെ മേക്കപ്പ് ബോക്സിലെ ഹീറോ. ''വര്‍ഷങ്ങളായി അതാണ് ഞാന്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് ആണ്, ഫേഡ് ആവില്ല. ഷൂട്ടിന്റെ സമയത്ത് ഗ്ലിസറിനിട്ടാല്‍ പോലും പ്രശ്‌നമില്ല. വിയര്‍ത്താലും കണ്ണ് തിരുമ്മിയാലും ഒന്നും അത്രവേഗം പോകില്ല. ഐ പെന്‍സില്‍ കണ്ണിന് മുകളിലും താഴെയും ഇടാറുണ്ട്.''

ഗ്ലോസി ലിപ്സ്റ്റിക്കിനോട് ഷഫ്ന വിട പറഞ്ഞിട്ട് കാലങ്ങളായി. ഇപ്പോള്‍ മാറ്റ് ടൈപ്പ് ലിപ് കളറുകളാണ് പ്രിയം. ''മാറ്റ് പെട്ടെന്നു പോകില്ല. എന്റെ ലിപ്സ്റ്റിക് ഗുരു ഭാവനയാണ്. ഭയങ്കര ലിപ്സ്റ്റിക് ക്രേസ് ഉള്ള ആളാണ് ഭാവന. പുതിയ പുതിയ ഷേഡുകളും ബ്രാന്‍ഡുകളുമൊക്കെ കണ്ടുപിടിക്കും. അതൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. മാക് ആണ് ലിപ്സ്റ്റിക്കിലെ എന്റെ ബ്രാന്‍ഡ്. പീച്ച്, ഓറഞ്ച് നിറങ്ങളാണ് ഫേവറിറ്റ്. ട്രന്‍ഡിയായിട്ടുള്ള ഡ്രസ്സുകള്‍ക്കൊപ്പം ആ ഷേഡുകള്‍ പരീക്ഷിക്കും. പിങ്കിന്റെ കുറെ ഷേഡുകള്‍ ഉണ്ട്. കാഷ്വലായി അതാണ് ഉപയോഗിക്കുന്നത്. പിന്നെ, സാരിയുടെ കൂടെ റെഡ്.''

സൗന്ദര്യസംരക്ഷണത്തില്‍ പ്രത്യേകമായി ഒന്നും ശ്രദ്ധിക്കുന്ന ആളല്ല ഞാന്‍. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ അധികം നോക്കിനടക്കാറുമില്ല. അതുകൊണ്ട് മുഖക്കുരു കൂടുതലായി വന്നപ്പോള്‍ ആദ്യം ശ്രദ്ധിച്ചില്ല. അതിനുള്ള ടിപ്സ് ഒക്കെ അറിയാം. പക്ഷേ, മടികാരണം ചെയ്യാറില്ല. മേക്കപ്പ് തുടര്‍ച്ചയായി ഇടാന്‍ തുടങ്ങിയപ്പോഴാണ് മുഖക്കുരു വല്ലാതെ പ്രശ്‌നമായത്.

ഒരു ഡോക്ടറെ കണ്ട് അതിനുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്.'' ഒരുകാര്യം പക്ഷേ, ഷഫ്നയ്ക്ക് നിര്‍ബന്ധമാണ്. എപ്പോഴും വൃത്തിയായിരിക്കണം. ''കൈയും കാലും മുഖവുമൊക്കെ ഇടയ്ക്കിടെ കഴുകാറുണ്ട്. അല്പമെങ്കിലും അഴുക്കിരുന്നാല്‍ അസ്വസ്ഥതയാണ്.''

''ഷൂട്ടിങ്ങുള്ള ദിവസങ്ങളില്‍ രാവിലെ ആറുമണിക്കു പോയാല്‍ രാത്രി പതിനൊന്നുമണിയോളമാകും തിരിച്ചെത്താന്‍. അതുകൊണ്ട് സ്ഥിരമായ വര്‍ക്കൗട്ട് എന്ന പരിപാടിയേയില്ല. ഷൂട്ടില്ലാത്തപ്പോള്‍ ഒരു പേഴ്സണല്‍ ട്രയിനര്‍ വരുന്നുണ്ട്.''

ഹെയര്‍ സ്പ്രേ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഷഫ്നയുടെ പക്ഷം. ''മുടി ഡ്രൈ ആകും. ഹാര്‍ഡ് ആകും. അതുകൊണ്ട് തീരെ പറ്റില്ലെങ്കില്‍ മാത്രമേ സ്പ്രേ ഉപയോഗിക്കാറുള്ളൂ. ആഴ്ചയില്‍ ഒരിക്കല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാറുണ്ട്. പതിനഞ്ച് ദിവസമൊക്കെ ഷൂട്ട് ഉണ്ടാകും. ഷൂട്ടിന് പോകുന്നതിന് മുന്‍പും വന്നു കഴിഞ്ഞും ഹെയര്‍ സ്പാ ചെയ്യാറുണ്ട്.''

ഷഫ്നയ്ക്ക് ക്രേസ് ഉള്ള ഒരു കാര്യമുണ്ട്, ഹെയര്‍ കളറിങ്! കോപ്പര്‍, ഗോള്‍ഡന്‍, ബ്രൗണ്‍, ഹണി ഷേഡുകളാണ് ഷഫ്നയുടെ ഹെയര്‍ സ്‌റ്റൈലിലെ ഹൈലൈറ്റ്. ''എന്റെ മുടി ബ്രൗണ്‍ ഷേഡ് ആണ്. അപ്പോള്‍ അതിനു ചേരുന്ന നിറങ്ങളാണ് ഉപയോഗിക്കുക. ഹെയര്‍ കളറിങ് ചെയ്യുമ്പോള്‍ മുടി ഡ്രൈ ആകാന്‍ സാധ്യതയുണ്ട്. പക്ഷേ, കെയര്‍ ചെയ്താല്‍ ഒരു പ്രശ്‌നവുമില്ല. കാരണം ഞാന്‍ വര്‍ഷങ്ങളായി കളറിങ് ചെയ്യാറുണ്ട്. തലേദിവസം വെള്ളത്തിലിട്ടുവെച്ച് കുതിര്‍ത്ത ഉലുവ അരച്ച് നാരങ്ങനീരും മുട്ടവെള്ളയും വേണമെങ്കില്‍ അല്പം തൈരും ചേര്‍ത്ത് പേസ്റ്റ് ആക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. താരന്‍ വരില്ല. മുടിക്കും നല്ലതാണ്. പക്ഷേ, സമയം കിട്ടുമ്പോള്‍ മാത്രമാണ് എന്റെ ഈ പരീക്ഷണങ്ങളൊക്കെ.''