ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ‌ മാമാങ്കം. ഡിസൈനർമാർക്ക് നൂതന ‍ഡിസൈനിങ് ആശയങ്ങൾ അവതരിപ്പിക്കാനും താരങ്ങൾക്ക് വ്യത്യസ്ത ലുക്കിൽ അവതരിക്കാനുമുള്ള ഇടം. മെറ്റ്​ഗാലയെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.. ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ​ഗാലയിൽ ഇക്കുറി ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്, സുധാ റെഡ്ഡി. 

ഹൈദരാബാദ് ആസ്ഥാനമായുള്ള  ബിസിനസ്സ് തലവൻ മേഘാ കൃഷ്ണ റെഡ്ഡിയുടെ പത്നിയാണ് സുധാ റെഡ്ഡി. പ്രശസ്ത ഡിസൈനർമാരായ ഫാൽ​ഗുനി- ഷെയ്ൻ പീകോക്ക് സഖ്യത്തിന്റെ ​ഗൗൺ ധരിച്ചാണ് സുധാ റെഡ്ഡി റെ‍ഡ് കാർപെറ്റിൽ അരങ്ങേറ്റം നടത്തിയത്. 

ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ശ്രദ്ധേയായ സുധാ റെഡ്ഡി കലാ- ഫാഷൻ മേഖലകളിലും തന്റെ അഭിരുചി തുറന്നുപറഞ്ഞിട്ടുണ്ട്. നേരത്തേ നിരവധി ബോളിവു‍ഡ് താരങ്ങളും മെറ്റ് ​ഗാലയുടെ ഭാ​ഗമായിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഇഷ അംബാനി തുടങ്ങിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. സിനിമാ മേഖലയിൽ നിന്നല്ലാത്ത വ്യക്തി എന്നതും സുധയെ വേറിട്ടു നിർത്തുന്ന ഘടകമാണ്. 

250 മണിക്കൂറോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ് സുധ വേദിയിൽ ധരിച്ച മനോഹരമായ ​ഗൗൺ. മെറ്റ്​ഗാലയുടെ തീമിനോട് ചേർന്നു നിൽക്കുന്ന മിലിട്ടറി ഇൻസ്പയേഡ് ലുക്ക് ആണ് സുധയുടെ ​ഗൗണിന് നൽകിയതെന്ന് ഡിസൈനർമാർ പറയുന്നു. ​ഗോൾഡ്, റെഡ്, നേവി ബ്ലൂ നിറങ്ങളിലുള്ള സ്വരോസ്കി ക്രിസ്റ്റലുകളാൽ സമൃദ്ധമാണ് ​ഗൗൺ. ബീഡ്സും സ്വീക്വൻസും ​ഗൗണിന്റെ മാറ്റു കൂട്ടുന്നു. 

പ്രത്യേകം പറഞ്ഞു ചെയ്യിച്ച ആഭരണമാണ് സുധാ റെഡ്ഡി അണിഞ്ഞത്. പ്രശസ്ത ഡിസൈനർ ഫറാ ഖാൻ ഡിസൈൻ ചെയ്ത ആഭരണം അമേരിക്കൻ പതാകയിലെ നക്ഷത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 

എല്ലാ വർഷവും തീമിനനുസരിച്ച് കോസ്റ്റ്യൂം ധരിച്ചാണ് താരങ്ങൾ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ‘അമേരിക്കൻ ഇൻഡിപെൻ‍ഡൻസ്‘ എന്ന തീമിൽ കോസ്റ്റ്യൂംസ് ധരിച്ചാണ് താരങ്ങൾ മെറ്റ് ഗാലയിൽ എത്തിയത്. 

Content Highlights: Sudha Reddy, only Indian to attend the MET Gala 2021