ബോളിവു‍‍ഡ് നടി ശിൽപ ഷെട്ടി ജീവിതത്തിലെ കഠിനഘട്ടത്തിലൂടെ കടന്നുപോവുകയാണ്. നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതോടെ ശിൽപയും സാമൂഹിക മാധ്യമങ്ങളിൽ വിചാരണ നേരിടുകയാണ്. ഇപ്പോഴിതാ ഒരു ചാനൽ അഭിമുഖത്തിനിടെ സ്വയംമറന്നു ചിരിക്കുന്ന ശിൽപയുടെ വീഡിയോയ്ക്ക് കീഴെ ക്രൂരമായ ട്രോളുകൾ നിറയുകയാണ്. 

ഭർത്താവിന്റെ അറസ്റ്റിനെത്തുടർന്ന് വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നുനിൽക്കുകയായിരുന്ന ശിൽപ അടുത്തിടെയാണ് സം​ഗീത റിയാലിറ്റി ഷോയിൽ വിധികർത്താവായി തിരികെയെത്തുന്നത്.  അവതാരകനായ ജാനിസ് സെക്വേറയ്ക്കൊപ്പം പങ്കെടുക്കുന്ന ശിൽപയാണ് വീഡിയോയിലുണ്ടായിരുന്നത്. അവതാരകന്റെ ചോദ്യം കേട്ട് ആർത്തു ചിരിക്കുകയാണ് ശിൽപ. എന്നാൽ ഭർത്താവ് കേസിൽപെട്ടു കിടക്കുന്ന ഈ സമയത്ത് ശിൽപയ്ക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു എന്നും ഭർത്താവ് മറ്റു സ്ത്രീകളുടെ ജീവിതമാണ് തകർത്തതെന്നു പോലും തിരിച്ചറിയാതെ സന്തോഷിച്ചിരിക്കുന്ന സ്ത്രീ എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

ട്രോളുകൾ അതിരുകടന്നതോടെ അവതാരകൻ തന്നെ വിശദീകരണവുമായി രം​ഗത്തെത്തി. രാജ് കുന്ദ്രയുടെ അറസ്റ്റിനെ മുമ്പെ നടന്ന ഷോയാണ് ഇതെന്നാണ് ജാനിസ് കുറിച്ചത്. അതിനിടെ ജാനിസ് ഇത്തരമൊരു വിശദീകരണം നൽകേണ്ട കാര്യമില്ലെന്നും ഭർത്താവ് ചെയ്യുന്ന കുറ്റങ്ങളുടെ പേരിൽ ഭാര്യമാർ വിചാരണ നേരിടേണ്ടതില്ലെന്നും കമന്റുകളുണ്ട്.