രുപത്തിയൊന്നു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് മറ്റൊരു വിശ്വസുന്ദരിപ്പട്ടം കൂടി വന്നെത്തിയിരിക്കുകയാണ്. പഞ്ചാബ് സുന്ദരി ഹർനാസ് സന്ധുവാണ് 2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത്. ഇപ്പോഴിതാ ഫിനാലെ റൗണ്ടിലെ ഹർനാസിന്റെ ഔട്ട്ഫിറ്റാണ് ചർച്ചയാകുന്നത്. 

ബീജ് നിറത്തിലുള്ള മനോ​ഹരമായ ​ഗൗണാണ് ഫിനാലെയ്ക്കു വേണ്ടി ഹർനാസ് ധരിച്ചത്. സിൽവർ വർക്കുകളും വി ആകൃതിയിലുള്ള കഴുത്തുമൊക്കെയാണ് ഈ ബോഡിഫിറ്റ് ​ഗൗണിന്റെ പ്രത്യേകത. പ്രശസ്ത ട്രാൻസ് ഡിസൈനറായ സൈഷ ഷിൻഡെയാണ് ഹർനാസിനു വേണ്ടി ഈ ​ഗൗൺ ഡിസൈൻ ചെയ്തത്. 

ഹർനാസിനെ വേദിയിൽ കൂടുതൽ തിളക്കമുള്ളവളാക്കുന്ന ​ഗൗൺ ഡിസൈൻ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് സൈഷ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. മോഡേണും ഒപ്പം കരുത്തുമാവണം ഹർനാസിന്റെ ​ഗൗൺ ലുക്ക് എന്നാണ് മനസ്സിൽ ഉണ്ടായിരുന്നത്. ഹർനാസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വന്നപ്പോൾ മറ്റെല്ലാ ഇന്ത്യക്കാരെയുംപോലെ താനും ഏറെ സന്തോഷത്തിലായിരുന്നു. 2000ത്തിൽ ഫാഷൻ വിദ്യാർഥിയായിരിക്കെ ലാറാ ദത്ത വിജയിയായത് ഓർമയിലുണ്ട്. അന്നേ  മിസ് യൂണിവേഴ്സ് ആകുന്ന ഇന്ത്യക്കാരിക്ക് വേണ്ടി ​ഗൗൺ ഡിസൈൻ ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു, അതിപ്പോൾ സാക്ഷാത്കരിക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഇത് ഹർനാസിന്റെയും ഇന്ത്യയുടെയും മാത്രം വിജയമല്ല, സൈഷയുടേതും കൂടിയാണ്- സൈഷ പറഞ്ഞു. 

ഈ ജനുവരിയിലാണ് സ്വപ്നിൽ ഷിൻ‍ഡെ ട്രാൻസ് വുമണാകുന്നുവെന്നും ഇനിമുതൽ സൈഷ ഷിൻഡെ എന്ന പേരിലറിയപ്പെടുമെന്നും പ്രഖ്യാപിച്ചത്. കരീന കപൂർ, ശ്രദ്ധ കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സൈഷയുടെ ഡിസൈനുകൾ അണിഞ്ഞിട്ടുണ്ട്. ഫാഷൻ പോലുള്ള സിനിമകളിലെ സൈഷയുടെ ഡിസൈനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ചണ്ഡീ​ഗഡ് സ്വദേശിയായ ഹർനാസ് മോഡലിങ് മേഖലയിൽ സുപരിചിതയാണ്. വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹർനാസ് ഭാ​ഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹർനാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോ​ഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ. 

ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനയത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ‌ മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. 

1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി.

Content Highlights: saisha shinde transwoman who designed miss universe harnaaz sandhu gown harnaaz sandhu