സൗന്ദര്യമത്സരവേദിയില്‍ നിന്നുവന്ന് ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഏറെകാലത്തെ സ്വപ്‌നമായിരുന്ന സ്വന്തം പുസ്തകവും പുറത്തിറക്കിയിരിക്കുകയാണ് പ്രിയങ്ക. ജീവിതത്തിലെ രസകരവും സങ്കടകരവുമായ നിമിഷങ്ങളെല്ലാം 'അണ്‍ഫിനിഷ്ഡ് മെമയര്‍' എന്ന പ്രിയങ്കയുടെ പുസ്തകത്തിലുണ്ട്. ഇതിനിടെ ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കവേ വിവാഹവസ്ത്രത്തേക്കുറിച്ച് പ്രിയങ്ക പരാമര്‍ശിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

'ദി കെയ്ല്‍ ആന്‍ഡ് ജാക്കി ഒ ഷോ'യില്‍ പങ്കെടുക്കവേയാണ് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹ ദിനത്തേക്കുറിച്ച് പ്രിയങ്ക ഓര്‍ത്തെടുക്കുന്നത്. വിവാഹദിനത്തില്‍ താന്‍ ധരിച്ച ഗൗണും ശിരോവസ്ത്രവുമുണ്ടാക്കിയ ഭാരം കരുതിയതിലും അപ്പുറമാണെന്ന് പ്രിയങ്ക പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ ശിരോവസ്ത്രം ധരിക്കണമെന്ന ആഗ്രഹം തന്റെ കഴുത്തുവേദനയിലേക്ക് നയിച്ചതിനെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്. 

റാല്‍ഫ് ലോറെന്റെ ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. 75 അടി നീളമുള്ള ശിരോവസ്ത്രമായിരുന്നു പ്രിയങ്കയുടേത്. അതു ധരിച്ചുതുമൂലം വിവാഹദിനം മുഴുവന്‍ തനിക്ക് കഴുത്തുവേദനയായിരുന്നെന്നും പ്രിയങ്ക. തന്റെ ശിരോവസ്ത്രത്തേക്കാള്‍ നീളമേറിയതു ധരിച്ച് റെക്കോഡിട്ട യുവതിയേയും പ്രിയങ്ക ഓര്‍ത്തു. 15 ഫൂട്‌ബോള്‍ മൈതാനത്തോളം നീളമേറിയ ശിരോവസ്ത്രം ധരിച്ച യുവതിയുടെ കാര്യം കേട്ടിരുന്നു. 75 അടി നീളമുള്ള തന്റെ ശിരോവസ്ത്രം ധരിച്ചപ്പോള്‍ ഇത്ര വേദനയായിരുന്നെങ്കില്‍ ആ യുവതിയുടെ കാര്യം എന്തായിരിക്കുമെന്ന് ആലോചിക്കുകയായിരുന്നുവെന്ന് പ്രിയങ്ക. 

പ്രത്യേകിച്ച് തയ്യാറാക്കിയ ലേസ് ഗൗണാണ് പ്രിയങ്ക വിവാഹത്തിന് ധരിച്ചിരുന്നത്. 1826 മണിക്കൂറോളമെടുത്താണ് ഗൗണിന്റെ നിര്‍മാണം തീര്‍ത്തത്. ഹിന്ദു- ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ടു വിവാഹ ചടങ്ങുകളും നടത്തിയിരുന്നു. ജോഥ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. 

Content Highlights: Priyanka Chopra reveals she had a neck cramp after her wedding, all because of her dress