വേഷങ്ങളുടെ കാര്യത്തില്‍ വെറൈറ്റികളുടെ രാജകുമാരിയാണ് പ്രിയങ്ക ചോപ്ര. ഇത്രയും വേറിട്ട, വിചിത്ര വേഷങ്ങള്‍ ധരിക്കുന്ന, ഈ വേഷങ്ങളുടെ പേരില്‍ ഇത്രയേറെ ട്രോളുകളെ നേരിടേണ്ടിവന്ന മറ്റൊരു താരമുണ്ടാവില്ലെന്ന് ഉറപ്പ്.

ഹാല്‍പേണ്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത പുതിയ വേഷമാണ് ഇപ്പോള്‍ പ്രിയങ്കയെ വാര്‍ത്തകളുടെയും ട്രോളുകളുടെയും ലോകത്തേയ്ക്ക് വലിച്ചിഴച്ചിരിക്കുന്നത്. കഴുത്ത് മുതല്‍ മുട്ടിന് മുകളില്‍ വരെ മാത്രം മൂടുന്ന പച്ചയില്‍ കറുപ്പ് കുത്തുകളുള്ള വേഷത്തെ ആ പേരിട്ടുവിളിക്കാമോ എന്നു തന്നെ ഉറപ്പില്ല. ഒറ്റനോട്ടത്തില്‍ തലയും കാലുകളുമുള്ള ഒരു പൊതിക്കെട്ട്.

സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. ആഘോഷവേളകളില്‍ പൊട്ടിക്കുന്ന ഗുണ്ട് പോലുണ്ടെന്നാണ് ആരാധകരില്‍ വലിയൊരു വിഭാഗത്തിന്റെയും കണ്ടെത്തല്‍. ഇവര്‍ ഇത് രണ്ടുംകൂടി ചേര്‍ത്ത മീമുകള്‍ യഥേഷ്ടം ഇറക്കുകയും ചെയ്തു. ചിലര്‍ക്ക് എമുവിന്റെ ചായയാണ് തോന്നിയത്. ചിലര്‍ക്ക് ഓട്ടേറിക്ഷയുടെ ഹോണും മറ്റു ചിലര്‍ക്ക് കിഴിയും വേറെ ചിലര്‍ക്ക് ഊതിവീര്‍പ്പിച്ച ബലൂണും ലോലിപ്പോപ്പും പഫര്‍ മീനുമൊക്കെയായാണ് തോന്നിയത്. എന്തായാലും രണ്ട് ദിവസമായി ഇതിന്റെ പേരില്‍ ചാകരയാണ് സോഷ്യല്‍ മീഡിയയില്‍.

ഈ മീമുകളും ട്രോളുകളും ഏറ്റവും അധികം ആസ്വദിച്ച ആളുകളില്‍ ഒന്ന് പ്രിയങ്ക തന്നെയാണ്. തന്റെ മനസ്സില്‍ ഉടക്കിയ ഏതാനും മീമുകള്‍ പ്രിയങ്ക തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്.

Content Highlights: Priyanka Chopra Jonas Orb Dress Sparks Meme Fest