സൗന്ദര്യമത്സരവേദിയിൽ നിന്നുയർന്നുവന്ന് ബോളിവുഡ് കീഴടക്കി ഹോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെ കോർത്തിണക്കിയ ആത്മകഥ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടെയിതാ കാൻ ഫെസ്റ്റിവലിൽ നിന്നുള്ള മറക്കാനാവാത്ത ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. 

2019ലെ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് പ്രിയങ്ക പങ്കുവെക്കുന്നത്. റെഡ് കാർപെറ്റിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് തന്റെ വസ്ത്രത്തിന്റെ സിബ്ബ് കേടാവുകയും പിന്നീട് അതു പരിഹരിക്കാൻ ചെയ്തത് എന്താമെന്നും പങ്കുവെക്കുകയാണ് പ്രിയങ്ക. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ചിത്രങ്ങൾ സ​ഹിതം പ്രിയങ്ക ഇക്കാര്യം കുറിച്ചിരിക്കുന്നത്. 

പുറമേക്ക് ശാന്തമായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ ഞാൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്ന് വളരെ കുറച്ചുപേർക്കേ അറിയുമായിരുന്നുള്ളു. റോബെർട്ടോ കവാലിയുടെ വിന്റേജ് വസ്ത്രത്തിന്റെ സിബ് പൊട്ടിപ്പോയി. റെഡ് കാർപെറ്റിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് അവർ സിബ്ബിങ് ചെയ്യുന്നുണ്ടായിരുന്നത്. ഒടുവിൽ പരിഹാരമായി എന്റെ മികച്ച ടീം വേദിയിലേക്കുള്ള യാത്രാമധ്യേ കാറിലുള്ള അഞ്ചുമിനിറ്റ് സവാരിക്കിടയിൽ വച്ച് തുന്നിച്ചേർക്കേണ്ടി വന്നു.- പ്രിയങ്ക കുറിച്ചു.

ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ പുതിയ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും പ്രിയങ്ക പറയുന്നു. 2019ൽ ഭർത്താവും ​ഗായകനുമായ നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക കാൻ വേദിയിലെത്തിയത്. നിലവിൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് താരം. 

Content Highlights: Priyanka Chopra almost walked Cannes red carpet in an unzipped dress