ഫാഷൻ സെൻസിന്റെ കാര്യത്തിൽ പരീക്ഷണങ്ങൾ ചെയ്യാൻ താൽപര്യമുള്ളയാളാണ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. ആരാധകരുടെ കാര്യത്തിലും മിറ ഒട്ടും പിറകിലല്ല. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി സ്ത്രീകൾ ട്രോളുകൾക്കിരയാകുന്ന കാലത്ത് മിറയെയും വെറുതെവിട്ട മട്ടില്ല. ഇപ്പോൾ മകൾ‌ക്കൊപ്പമുള്ള ചില ചിത്രങ്ങൾക്ക് കീഴെയാണ് ചിലർ ക്രൂരമായ ട്രോളുകളുമായി എത്തിയിരിക്കുന്നത്. 

താരത്തിന്റെ പുതിയ എയർപോ‍ർട്ട് ലുക്കിനു കീഴെയാണ് ട്രോളുകൾ കൊണ്ട് നിറച്ചിരിക്കുന്നത്. ഷാഹിദിനും മക്കളായ മിഷാ കപൂറിനും സെയ്ൻ കപൂറിനുമൊപ്പം മുംബൈയിൽ എയർപോർട്ടിലെത്തിയ മിറയുടെ ചിത്രങ്ങളാണ് വിമർശനങ്ങൾ നേരിട്ടത്. കറുത്ത നിറത്തിലുള്ള ഡെനിം ഷോർട്സും അതിനോട് ചേരുന്ന സ്വെറ്റ്ഷർട്ടും ധരിച്ചാണ് മിറ എത്തിയത്. എന്നാൽ മിറയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു പറഞ്ഞാണ് പലരും ട്രോളുകളുമായെത്തിയത്. 

കാലുകൾ പ്രകടമാകുന്ന വിധത്തിൽ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് സദാചാരവാദികൾ മിറയെ കളിയാക്കി കമന്റുകളുമായെത്തിയത്. ഇതിലും ഭേദം ഒന്നും ധരിക്കാതിരിക്കുന്നതായിരുന്നു എന്നും അമ്മയേക്കാൾ നന്നായി മകൾ വസ്ത്രം ചെയ്തിട്ടുണ്ടെന്നുമൊക്കെ കമന്റുകൾ ചെയ്തവരുണ്ട്. 

മിറയ്ക്ക് തീരെ ഡ്രസ്സിങ് സെൻസ് ഇല്ലെന്നും കുട്ടിക്കാലത്തെ ഉടുപ്പ് മാറി ധരിച്ചതാണോ എന്നും ചിലർ കമന്റ് ചെയ്തു. എന്നാൽ‌ വസ്ത്രധാരണം അവനവന്റെ സ്വാതന്ത്ര്യമാണെന്നും അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് മിറയ്ക്ക് പിന്തുണ അറിയിക്കുന്നവരുമുണ്ട്. 

Content Highlights: Mira Rajput Trolled For Her Outfit