ഫാഷന്‍ വിസ്മയങ്ങള്‍ കൊണ്ടും വസ്ത്രാലങ്കാരങ്ങള്‍ കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയാണ് മെറ്റ് ഗാല. 'ഇന്‍ അമേരിക്ക: എ ലെക്‌സിക്കോണ്‍ ഓഫ് ഫാഷന്‍' എന്നാണ് ഈ വര്‍ഷത്തെ മെറ്റ് ഗാലയുടെ തീം.  

വിചിത്രമായ വസ്ത്രധാരണം കൊണ്ടും വസ്ത്രങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടും മെറ്റ് ഗാല ഫാഷന്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഹോളിവുഡ് നടന്‍ തിമോത്തി ഷാലമെറ്റ് എത്തിയത് ഹെയ്ദര്‍ എക്കെര്‍മാന്‍ ഡിസൈന്‍ ചെയ്ത വെള്ള സ്യൂട്ട് അണിഞ്ഞാണ്. 

ഇത്തവണത്തെ മെറ്റ് ഗാലയില്‍ അമ്പരിപ്പിക്കുന്ന വേഷപകര്‍ച്ചയുമായി എത്തിയത് ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കർദാഷിയാനാണ്. പൂര്‍ണമായും കറുപ്പണിഞ്ഞ് മുഖം മറച്ചാണ് കിം എത്തിയത്. അമേരിക്കയിലെ പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗ രൂപകല്‍പന ചെയ്ത വസ്ത്രമാണ് കിം ധരിച്ചത്. 

kim
കിം കര്‍ദാഷ്യാന്‍ | Photo: A.P.

അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ ഓസ്‌കര്‍ ജെ ലാ റെന്റ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് ഗായിക ബില്ലി എലിഷ് മെറ്റ് ഗാല വേദിയിലെത്തിയത്. പീച്ച് നിറമുള്ള കോര്‍സെറ്റ് ഗൗണിലാണ് എലിഷ് റെഡ് കാര്‍പ്പറ്റിലെത്തിയത്. 

Billie Eilish
ബില്ലി എലിഷ് | Photo: A.P.

ഗ്രാമി പുരസ്‌കാര ജേതാവും റാപ്പറുമായ ലില്‍ നാസ് എക്‌സ് മൂന്ന് വ്യത്യസ്ത വേഷപ്പകര്‍ച്ചകളാണ് മെറ്റ് ഗാലയില്‍ നടത്തിയത്. ഇറ്റാലിയന്‍ ഫാഷന്‍ കമ്പനിയായ വെര്‍സാഷെ ഡിസൈന്‍ ചെയ്ത മൂന്ന് വസ്ത്രങ്ങളും മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ ശ്രദ്ധ നേടി. 

1950-കളിലെ സിനിമകളിലെ വസ്ത്രധാരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അമേരിക്കന്‍ റാപ്പറായ മേഗന്‍ തീ സ്റ്റാലിയോണ്‍ റെഡ് കാര്‍പ്പറ്റില്‍ ചുവട് വെച്ചത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള സ്ട്രാപ്‌ലെസ് ഗൗണാണ് താരം അണിഞ്ഞത്. അമേരിക്കന്‍ ആഢംബര ഡിസൈന്‍ കമ്പനിയായ കോച്ച് ആണ് ഹൈ-ലോ ടുള്ളി ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

Content highlights: met gala 2021 from kim kardashian to Megan Thee Stallion dress code