റ്റുലിപ് പോലെ സുന്ദരം...വണ്‍ യങ് വേള്‍ഡ് സമ്മിറ്റിന് എത്തിയ മേഗന്‍ മാര്‍ക്കിള്‍ അക്ഷരാര്‍ഥത്തില്‍ ഒരു റ്റുലിപ് പുഷ്പം തന്നെയായിരുന്നു. വയലറ്റ് നിറത്തിലുളള മാക്സി ഡ്രസില്‍ മുടി വിടര്‍ത്തിയിട്ട് അതീവ സുന്ദരിയായാണ് മേഗന്‍ സമ്മിറ്റിന് എത്തിയത്.
വസ്ത്രത്തിന്റെ മനോഹാരിതക്കപ്പുറം ഫാഷനിസ്റ്റകള്‍ ശ്രദ്ധിച്ച മറ്റൊന്ന് കൂടിയുണ്ട്. ഇതേ വസ്ത്രത്തില്‍ മേഗന്‍ പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത് രണ്ടാം തവണയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിലേക്കെത്തിയിട്ടും ഒരേ വസ്ത്രം വീണ്ടുമുപയോഗിക്കാന്‍ മേഗന്‍ തയ്യാറായതിനെ വാഴ്ത്തുകയാണ് ഫാഷന്‍ പ്രേമികള്‍. വസ്ത്രം മാത്രമല്ല മേഗന്‍ ധരിച്ച നേവി ബ്ലൂ നിറത്തിലുള്ള പംപ്സും മുമ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ആര്‍ച്ചിയെ ഗര്‍ഭം ധരിച്ചിരിക്കെ ജനുവരിയിലാണ് ഇതേ വസ്ത്രമണിഞ്ഞ് മേഗന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അന്ന് ചുവന്ന നിറത്തിലുള്ള മുട്ടോളമെത്തുന്ന ഓവര്‍കോട്ടും പംപ്സുമായിരുന്നു മേഗന്റെ ആക്സസറികള്‍.
പ്രമുഖ കനേഡിയന്‍ വസ്ത്ര ബ്രാന്‍ഡായ അരിട്സിയയുടേതാണ് ഈ വസ്ത്രം. 29 പൗണ്ടാണ് വസ്ത്രത്തിന്റെ വില. വിലയെത്രയായാലും വാങ്ങാമെന്ന് കരുതി അരിട്സിയയുടെ വെബ്സൈറ്റില് തിരച്ചില്‍ നടത്തിയാല്‍ നിരാശയാകും ഫലം. കാരണം മേഗന്‍ അണിഞ്ഞ് ഹിറ്റാക്കിയ ഈ വസ്ത്രത്തിന്റെ എല്ലാ സൈസും ഇതിനകം വിറ്റുപോയതായി അരിട്സിയ അധികൃതര്‍ പറയുന്നു. അതേ മാതൃകയിലുള്ള വസ്ത്രം കിട്ടിയില്ലെങ്കിലും വേണ്ടില്ല ഇതേ നിറത്തിലുള്ള വസ്ത്രം കിട്ടിയാല്‍ മതിയെന്നാണ് ഫാഷന്‍ ഫ്രീക്കുകള്‍ പറയുന്നത്.
Content Highlights: Meghan Markle repeats Aritzia dress