ദില്‍സേ സിനിമയിലെ ഛയ്യ ഛയ്യാ എന്ന ഗാനത്തിനൊപ്പം ട്രെയിനിന് മുകളില്‍ ത്രസിപ്പിക്കുന്ന ചുവടുകള്‍ വച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് മലൈക അറോറ. അഭിനയിച്ച സിനിമകളേക്കാളും മലൈകയെ പ്രസിദ്ധയാക്കിയത് ആ ഗാനരംഗമായിരുന്നു. ഇപ്പോഴിതാ മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍ ഛയ്യ ഛയ്യാ ഗാനം ഓര്‍മ വരുന്നുവെന്ന് പറയുകയാണ് ആരാധകര്‍. 

ഗാനരംഗത്തിലെ വസ്ത്രധാരണത്തിന് സമാനമായ എത്‌നിക് ശൈലിയിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ചുവപ്പു ലെംഹഗയില്‍ അതിസുന്ദരിയായിരിക്കുന്ന മലൈകയാണ് ചിത്രങ്ങളിലുള്ളത്. സില്‍വര്‍ എംബ്രായ്ഡറിയാല്‍ സമൃദ്ധമായ കറുപ്പു നിറത്തിലുള്ള ബ്ലൗസ് വസ്ത്രത്തിന്റെ മാറ്റ് കൂട്ടുന്നു. കഴുത്തിനോട് കയറിക്കിടക്കുന്ന രീതിയിലാണ് ബ്ലൗസിന്റെ ഡിസൈന്‍. 

 ഛയ്യ ഛയ്യാ ഗാനത്തിലും ചുവപ്പും കറുപ്പും കോമ്പിനേഷനിലുള്ള വസ്ത്രമാണ് മലൈക ധരിച്ചിരുന്നത്. ഇതാണ് ആരാധകര്‍ക്ക് സാമ്യം തോന്നിക്കാന്‍ കാരണമായത്. ഇരു കൈകളിലും ട്രഡീഷണല്‍ ലുക്കിനു ചേര്‍ന്ന വളകളും കമ്മലുമൊക്കെയാണ് താരം അണിഞ്ഞിരിക്കുന്നത്. ബ്ലൗസിന്റെ ഡിസൈനിനോട് ചേര്‍ന്ന മാങ്ക് ടിക്കയാണ് നെറ്റിയില്‍ അണിഞ്ഞിരിക്കുന്നത്. 

തലയില്‍ വട്ടത്തില്‍ വച്ച മുല്ലപ്പൂവിനൊപ്പം ട്രഡീഷണല്‍ ലുക്കിനു ചേരുന്ന മേക്അപ് കൂടിയായപ്പോള്‍ താരം ഏറെ സുന്ദരിയായി. സ്‌മോകീ ഐ മേക്അപും ന്യൂഡ് ലിപ്സ്റ്റിക്കും ഹൈലൈറ്റ് ചെയ്ത കവിള്‍ത്തടങ്ങളുമൊക്കെ മലൈകയുടെ സൗന്ദര്യം വര്‍ധിപ്പിച്ചു. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് താരത്തിനു വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തത്.

Content Highlights: Malaika Arora recreates her ‘Chaiyaan Chaiyaan’ look