സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പെൺകുട്ടികൾക്ക് ഇന്നും അരുതുകൾ കൽപിക്കുന്നവരുണ്ട്. രോമാവൃതമായ സ്ത്രീശരീരത്തോട് ഇന്നും മുഖംതിരിക്കുന്നവരുണ്ട്. രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരമാണ് പലർക്കും സ്ത്രീസൗന്ദര്യത്തിന്റെ മാതൃക. ഇപ്പോഴിതാ അത്തരം കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച പ്രശസ്ത പോപ് ​ഗായിക മഡോണയുടെ പുത്രി ലൂഡ്സ് ലിയോണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ലോകോത്തര ഫാഷൻ മാമാങ്കമായ മെറ്റ് ​ഗാലയിൽ നിന്നുള്ള ലിയോണിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

അമേരിക്ക തീമായിട്ടുള്ള മെറ്റ് ​ഗാലയിൽ ഹോട്ട് പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ലിയോൺ എത്തിയത്.  ബിക്കിനി ഡിസൈൻ ഹാൾട്ടർ ടോപ്പും അതിനു മാച്ചിങ് ആയ സ്കേർട്ടുമാണ് താരം ധരിച്ചത്.  എംബ്രോയ്ഡറിയാൽ നിറഞ്ഞ ​വസ്ത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ അവയേക്കാളൊക്കെ ബോൾഡായത് രോമാവൃതമായ കൈയിടുക്ക് മറയ്ക്കാതെ മഡോണ വന്നതാണ്. കൈ പൊക്കി അവ പ്രദർശിപ്പിക്കുകയും ചെയ്തു താരം. 

മെറ്റ്​ഗാലയിലെ അരങ്ങേറ്റമായിരുന്നു ഇരുപത്തിനാലുകാരിയായ ലിയോണിന്റേത്. റെഡ് കാർപെറ്റിൽ ആത്മവിശ്വാസത്തോടെ നടന്ന ലിയോൺ അഭിമാനത്തോടെ തന്നെ തന്റെ കൈയിടുക്ക് പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സമൂഹത്തിന്റെ പ്രഖ്യാപിത സൗന്ദര്യ സങ്കൽപങ്ങൾക്കുള്ള ചുട്ടമറുപടിയാണ് ലിയോണിന്റെ ചിത്രങ്ങൾ എന്നാണ് പലരും കമന്റ് ചെയ്യുന്നത്

മുമ്പ് മഡോണയും ലേഡി ​ഗാ​ഗയും ജൂലിയ റോബർട്സുമൊക്കെ പൊതുവേദികളിൽ രോമം നീക്കംചെയ്യാത്ത കൈയിടുക്കുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ അശ്ലീലമായി കാണേണ്ടതില്ലെന്ന സന്ദേശം പകരുന്നതിനൊപ്പം ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചുള്ള ആശയം പങ്കുവെക്കുകകൂടിയായിരുന്നു അവർ. 

Content Highlights: Madonna's daughter Lourdes Leon proudly flaunts armpit hair in hot pink dress Met Gala 2021